Kerala
പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റി
തിരുവനന്തപുരം: പി സി ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് പദവിയില്‍ നിന്ന് പുറത്താക്കി. യു ഡി എഫ് ഏകോപന സമിതിയിലെ അംഗത്വത്തില്‍ നിന്നും നീക്കിയിട്ടുണ്ട്. ചീഫ് വിപ്പ് പദവി രാജിവെക്കണമെന്ന് യു ഡി എഫ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും പി സി ജോര്‍ജ് ഇതിന് വഴങ്ങാതെ വന്നതോടെ പദവിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പലതലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കുമൊടുവിലാണ് കെ എം മാണിയുടെ സമ്മര്‍ദങ്ങള്‍ക്ക് യു ഡി എഫ് വഴങ്ങിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും നടത്തിയ അവസാനവട്ട സമവായ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ മാണിയുടെ ആവശ്യം അംഗീകരിക്കുകയാണെന്നും ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. താന്‍ യു ഡി എഫില്‍ തുടരുമെന്നും പറയാനുള്ളത് നാളെ ജനങ്ങളോട് പറയുമെന്നും ജോര്‍ജ് പ്രതികരിച്ചു.
കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാതിരിക്കാന്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തില്‍ പി സി ജോര്‍ജ് അവസാനം വരെ ഉറച്ചുനിന്നെങ്കിലും മാണി വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഇന്നലെ രാവിലെ മുതല്‍ തന്നെ ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ഉച്ചയോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒരു ഫോര്‍മുലയും രൂപപ്പെട്ടില്ല. മുന്നണി നേതാക്കളുമായി രാവിലെ നടത്തിയ ആശയവിനിമയത്തില്‍ ജോര്‍ജ് യു ഡി എഫില്‍ നിന്ന് പുറത്തു പോകുന്ന സാഹചര്യം ഒഴിവാക്കണമെന്ന പൊതുവികാരമാണ് എല്ലാവരും പങ്കുവെച്ചത്. ജോര്‍ജിനെ മുന്നണിയില്‍ നിലനിര്‍ത്തി മാണിയുടെ ആവശ്യത്തില്‍ മാന്യമായൊരു പരിഹാരം ഉണ്ടാക്കണമെന്നായിരുന്നു കക്ഷിനേതാക്കളുടെ നിലപാട്. ഒരു എം എല്‍ എ നഷ്ടപ്പെടുന്ന സാഹചര്യം മുന്നണിക്ക് ദോഷം ചെയ്യുമെന്ന് അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മുന്നണിയുടെ പൊതുവികാരം മാണിയെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചെങ്കിലും മാണി വഴങ്ങിയില്ല. തുടര്‍ന്നാണ് ജോര്‍ജിനെ വിളിച്ചു വരുത്തി വൈകുന്നേരത്തോടെ അവസാനവട്ട ചര്‍ച്ചകള്‍ നടത്തിയത്. മുഖ്യമന്ത്രിയും രമേശും കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത ഈ ചര്‍ച്ച ഒരു മണിക്കൂറിലേറെ നീണ്ടെങ്കിലും ഒത്തുതീര്‍പ്പുകളുണ്ടായില്ല.
ചീഫ് വിപ്പ് പദവി ഏത് സമയത്തും ഒഴിയാന്‍ സന്നദ്ധനാണെന്നും എന്നാല്‍, കേരളകോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ മാണിക്ക് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നുമുള്ള ആവശ്യം പി സി ജോര്‍ജ് ആവര്‍ത്തിച്ചു. വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത മാണിയുടെ നിലപാട് ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ പരിമിതിയുണ്ടെന്നായിരുന്നു നേതാക്കളുടെ മറുപടി.
ഈ സര്‍ക്കാറിന്റെ കാലാവധി കഴിയുന്ന മുറക്ക് കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ രൂപവത്കരിച്ച് യു ഡി എഫില്‍ തുടരാന്‍ അനുവദിക്കാമെന്ന നിര്‍ദേശം ചര്‍ച്ചകളില്‍ ഉയര്‍ന്നെങ്കിലും ഇതൊന്നും സ്വീകാര്യമായില്ല.
മാണിക്കെതിരെ ശക്തമായ നിലപാട് തുടരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വരും നാളുകളില്‍ ജോര്‍ജ് എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. കേരള കോണ്‍ഗ്രസിലെ എട്ട് എം എല്‍ എമാര്‍ യോഗം ചേര്‍ന്നാണ് ജോര്‍ജിനെ മാറ്റാന്‍ തീരുമാനിച്ചത്. മാണിയും പി ജെ ജോസഫും ചേര്‍ന്ന് ഇക്കാര്യം രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ജോര്‍ജ് രാജിസന്നദ്ധത അറിയിച്ചെങ്കിലും കേരള കോണ്‍ഗ്രസ് സെക്കുലറായി തുടരാന്‍ അനുവദിക്കണമെന്ന ഉപാധിവെച്ചിരുന്നു.
കൂറുമാറ്റ നിരോധന നിയമം ഭീഷണി ഉയര്‍ത്തുന്നതിനാല്‍ എം എല്‍ എ സ്ഥാനം നിലനിര്‍ത്താന്‍ ജോര്‍ജിന് കേരളാ കോണ്‍ഗ്രസില്‍ തന്നെ തുടരേണ്ടി വരും. കെ എം മാണി അനുവദിച്ച രണ്ടില ചിഹ്നത്തിലാണ് ജോര്‍ജ് മത്സരിച്ച് ജയിച്ചത്. ജോര്‍ജിനെ പിന്തുണക്കുന്ന നേതാക്കള്‍ യോഗം ചേര്‍ന്ന് കേരള കോണ്‍ഗ്രസ് സെക്കുലര്‍ പുനരുജ്ജീവിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.