Connect with us

Articles

വനിതാ മന്ത്രിക്കും വസ്ത്രം മാറാന്‍ ഒളിക്യാമറകളെ പേടിക്കേണ്ട നാട് !

Published

|

Last Updated

കമലാ നെഹ്‌റുവിനുണ്ടായിരുന്നതിനേക്കാള്‍ സ്വാധീനം ജവഹര്‍ലാല്‍ നെഹ്‌റുവിന് മേല്‍ ലേഡി മൗണ്ട്ബാറ്റന്‍ പ്രഭ്വിക്കുണ്ടായിരുന്നു എന്ന് ഒട്ടുമിക്ക ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുപോലെ തമിഴ്‌നാട്ടുകാര്‍ക്ക് മക്കള്‍ തിലകമായിരുന്ന എം ജി ആറിന് മേല്‍ ജാനകി എന്ന സഹധര്‍മിണിക്കുണ്ടായിരുന്നതിനേക്കാള്‍ സ്വാധീനശക്തി ജയലളിത എന്ന സഹപ്രവര്‍ത്തകക്ക് ഉണ്ടായിരുന്നു എന്നതും എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ഇപ്പറഞ്ഞ പോലൊരു സ്വാധീനശക്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മേലുള്ള ഒരു സുന്ദര സ്ത്രീരത്‌നമാണ് സ്മൃതി ഇറാനി എന്ന കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി എന്ന് പലരും കരുതുന്നുണ്ട്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. മോദി വിധിയാംവണ്ണം വിവാഹം ചെയ്ത യശോധബെന്‍ എന്ന സാധു സ്ത്രീക്കുള്ളതിനേക്കാള്‍ സ്വാധീനശക്തി നരേന്ദ്രമോദിക്ക് മേല്‍ സ്മൃതി ഇറാനി എന്ന സഹപ്രവര്‍ത്തകക്കുണ്ട്. അതുകൊണ്ടാണല്ലോ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ കെ അഡ്വാനിക്ക് പോലും ലഭിക്കാത്ത ക്യാബിനറ്റ് പദവി രാഹുല്‍ ഗാന്ധിയോട് പരാജയപ്പെട്ട സ്മൃതി ഇറാനിക്ക് നല്‍കാന്‍ തയ്യാറായത്.
ഇതിവിടെ സൂചിപ്പിച്ചത് മോദിയും സ്മൃതി ഇറാനിയും തമ്മിലുള്ള ബന്ധവിശേഷം പരിശോധിക്കാന്‍ വേണ്ടിയല്ല. മറിച്ച്, മോദി എന്ന ശക്തനായ പ്രധാനമന്ത്രിയുടെ പ്രിയ സഹപ്രവര്‍ത്തകയായിരുന്നിട്ടും സ്മൃതി ഇറാനിക്ക് ഒളിക്യാമറയുടെ വേട്ടയാടലില്‍ നിന്ന് സ്വന്തം ശരീരം സുരക്ഷിതമാക്കാന്‍ പെടാപാട് പെടേണ്ടിവരുന്ന അത്രയും സ്ത്രീവിരുദ്ധമായ സാഹചര്യമാണ് ബി ജെ പി ഭരിക്കുന്ന ഗോവ ഉള്‍പ്പെടെയുള്ള ഇന്ത്യാ മഹാരാജ്യത്ത് നിലവിലുള്ളതെന്ന് ചൂണ്ടിക്കാണിക്കാനാണ്.
പനാജിയിലെ ഏറ്റവും വലിയ ഒരു വസ്ത്രാലയത്തില്‍ തനിക്ക് ഇണങ്ങുന്ന വസ്ത്രം വാങ്ങാന്‍ കയറിയതായിരുന്നു സ്മൃതി ഇറാനി. അവര്‍ വസ്ത്രം തിരഞ്ഞെടുത്ത്, തിരഞ്ഞെടുത്ത വസ്ത്രം ധരിച്ചുനോക്കാന്‍ വസ്ത്രാലയത്തിലെ ട്രയല്‍ റൂമില്‍ കയറുകയും വസ്ത്രം മാറാന്‍ തുടങ്ങുകയും ചെയ്തു. അപ്പോഴാണ് ഒളിക്യാമറ തന്നെ വേട്ടയാടുന്നതായി സ്മൃതി ഇറാനിയിലെ സ്ത്രീ കണ്ടെത്തിയത്. തന്റെ സ്വകാര്യതക്ക് മേല്‍ മറ്റാരോ ക്യാമറക്കണ്ണ് ഉപയോഗിച്ച് കൈയേറ്റം നടത്തുന്നതറിഞ്ഞ സ്മൃതി ഇറാനി ശക്തമായി പ്രതികരിച്ചു. മണിക്കൂറുകള്‍ക്കകം വസ്ത്രാലയത്തിലെ മാനേജറുടെ മുറിയിലെ കംപ്യൂട്ടര്‍ ഉള്‍പ്പെടെ എല്ലാം പോലീസ് കണ്ടുകെട്ടുകയും കട അടച്ചുപൂട്ടുകയും ചെയ്തു.
ബി ജെ പിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ലഭിച്ചതിനെക്കാള്‍ വാര്‍ത്താ പ്രാധാന്യം സ്മൃതി ഇറാനി വസ്ത്രം വാങ്ങാന്‍ കയറിയ വസ്ത്രാലയം അടച്ചുപൂട്ടാന്‍ ഇടവരുത്തിയ അനിഷ്ട സംഭവത്തിന് ദേശീയ മാധ്യമങ്ങളില്‍ ലഭിക്കുകയും ചെയ്തു. ഈ സംഭവം തെളിയിച്ചത്, സ്ത്രീ അവള്‍ കേന്ദ്രമന്ത്രിസഭാംഗമായിരുന്നാല്‍ പോലും പുരുഷന്റെ കാമവിഭവം മാത്രമായി കണക്കാക്കപ്പെടുകയും ഒളിഞ്ഞോ തെളിഞ്ഞോ എവിടെ വെച്ചും വേട്ടയാടപ്പെടുകയും ചെയ്യാവുന്ന സാഹചര്യമാണ് ഇന്ത്യയില്‍ നിലവിലുള്ളതെന്നത്രേ. ഇവ്വിധം പെണ്ണുങ്ങള്‍ വേട്ടയാടപ്പെടുന്ന അനാശാസ്യ സാഹചര്യത്തിന് തരിമ്പും മാറ്റമുണ്ടാക്കാന്‍ നരേന്ദ്രമോദിയുടെ ഭരണത്തിനും കഴിഞ്ഞിട്ടില്ല.
രാത്രി ഒമ്പത് മണിക്ക് ബസ്സില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ഥിനിയെ ഡല്‍ഹിയില്‍ കടിച്ചുകീറിക്കൊന്ന അതേ രാവണ പുരുഷത്വം തന്നെയാണ്, വസ്ത്രം വാങ്ങാന്‍ എത്തുന്ന സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വെച്ച് വനിതാ കേന്ദ്രമന്ത്രിയുടെ നഗ്നത വരെ ആസ്വദിക്കാന്‍ പനാജിയിലെ വസ്ത്രാലയത്തിലും ഉണ്ടായിരുന്നത്.
രാത്രി സഞ്ചാരത്തിന് പുറപ്പെട്ടതിനാലാണ് ഡല്‍ഹിയില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് ഗീര്‍വാണം പുറപ്പെടുവിച്ച സംഘ്പരിവാരം, തോന്നിയിടത്തൊക്കെ വെച്ച് വസ്ത്രം മാറാന്‍ പുറപ്പെട്ടതിനാലാണ് സ്മൃതി ഇറാനിയുടെ നഗ്നത ഒളിക്യാമറയില്‍ ഒപ്പിയെടുക്കാന്‍ ഇടയായതെന്ന് പറയില്ലെന്ന് പ്രതീക്ഷിക്കാം. ഏതായാലും കാര്യം വളരെ ഗൗരവമാണ്. ഡല്‍ഹിയിലോ പനാജിയിലോ ഉത്തര്‍ പ്രദേശിലോ മണിപ്പൂരിലോ മണിപ്പാലിലോ കേരളത്തിലോ മുംെബെയിലോ എന്നുവേണ്ട എവിടെയും പെണ്ണ് കന്യാസ്ത്രീയോ ജഡ്ജിയോ കേന്ദ്രമന്ത്രിയോ പത്രപ്രവര്‍ത്തകയോ വിദ്യാര്‍ഥിനിയോ ആരായാലും ഗോവിന്ദച്ചാമിമാരാന്‍ നേരിട്ടോ ഒളിക്യാമറകളാല്‍ അല്ലാതെയോ വേട്ടയാടപ്പെടുമെന്ന അരക്ഷിത സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. മഹിളകള്‍ ഇവ്വിധം അരക്ഷിതരായിരിക്കുന്ന ഇന്ത്യാ മഹാരാജ്യത്ത് മാടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന ഗോഹത്യാനിരോധ നിയമം കൊണ്ടുവരുന്ന നടപടി അത്യന്തം പരിഹാസ്യമാകുകയാണ്. ഗോവിന്ദച്ചാമിമാരാല്‍ പ്രത്യക്ഷമായും ഒളിക്യാമറകളാല്‍ പരോക്ഷമായും പെണ്ണുങ്ങളുടെ മാനം കൈയേറ്റത്തിന് വിധേയമാകപ്പെടാത്ത ഒരു ഭാരതം യാഥാര്‍ഥ്യമാകേണ്ടതിന്റെ അനിവാര്യതയിലേക്കാണ് സ്മൃതി ഇറാനി എന്ന കേന്ദ്രമന്ത്രിസഭയിലെ വനിതക്ക് പോലും വസ്ത്രം മാറാന്‍ ഒളിക്യാമറകളെ പേടിക്കേണ്ട ഇന്ത്യന്‍ സാഹചര്യം വിരല്‍ ചൂണ്ടുന്നത്.
ഈയിടെ “അസോചം” എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഒരു സംഘടന ഒരു സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിരിക്കുന്നു എന്ന കാര്യമാണ് അസോചം സര്‍വേ ഫലത്തിന്റെ ചുരുക്കം. എവിടെ വെച്ചും ബലാത്സംഗത്തിന് ഇരയാക്കപ്പെടാവുന്ന ഡല്‍ഹിയില്‍ ജോലി ചെയ്യാനുള്ള ആത്മധൈര്യം സ്ത്രീകള്‍ക്ക് കുറവായതാണ് ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി കുറയുന്നതിനു ഇടവരുത്തിയ പ്രധാന കാരണമെന്നും അസോചം പറയുന്നു.
നാരികള്‍ക്ക് സുരക്ഷ അനുഭവപ്പെടാത്ത ഡല്‍ഹി എന്ന തലസ്ഥാന നഗരിയിലിരുന്ന് ഭരണ ചക്രം തിരിക്കുന്നവര്‍ മാടുകള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്താനുള്ള നിയമങ്ങള്‍ നിര്‍മിക്കാന്‍ അത്യുത്സാഹം കാണിക്കുന്നതാണോ ഭാരതീയ പാരമ്പര്യം? ഗാര്‍ഗിയുടെയും മൈത്രേയിയുടെയും കണ്ണകിയുടെയും ഉണ്ണിയാര്‍ച്ചയുടെയും ഝാന്‍സി റാണിയുടെയും സരോജിനി നായിഡുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും ഒക്കെ ചരിതമുള്ള ഇന്ത്യയില്‍, മഹിളകളുടെ അരക്ഷിതത്വം പരിഹരിക്കാതെ മാടുകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ ഊക്കോടെ ഉത്സാഹിക്കുന്ന ഒരു ഭരണകൂടമാണുള്ളതെന്നത് നാം യഥാര്‍ഥ ഭാരതീയ പാരമ്പര്യത്തില്‍ നിന്ന് വളരെ വളരെ അകലെയാണെന്നല്ലാതെ മറ്റെന്താണ് തെളിയിക്കുന്നത്? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനുള്ള ബാധ്യത സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള ഭാരതീയ മഹിളകള്‍ക്ക് ഉണ്ടായാല്‍ നാട് കുറേ കൂടി ഭേദപ്പെടും. ഭേദപ്പെട്ട ഭാരത നാട്ടില്‍ തീര്‍ച്ചയായും മാടുകള്‍ക്കും ഭേദപ്പെട്ട ജീവിതവും ഭേദപ്പെട്ട മരണവും ഉണ്ടായിരിക്കുകയും ചെയ്യും.