International
വ്യോമാക്രമണത്തിനിടയിലും ഹൂത്തി മുന്നേറ്റം; അത്താഖ് നഗരവും പിടിച്ചെടുത്തു
സന്‍ആ: സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സംയുക്ത സൈനിക നടപടി തുടരുന്നതിനിടയിലും ഹൂത്തി വിമതര്‍ മുന്നേറ്റുന്നു. ശബ് വ പ്രവിശ്യയുടെ തലസ്ഥാന നഗരിയായ അത്താഖ് ഹൂത്തികള്‍ പിടിച്ചെടുത്തു. ഇവിടത്തെ പ്രാദേശിക ഭരണകൂടത്തിന്റെ ഓഫീസും സുരക്ഷാ ഉദ്യോഗസ്ഥരുടെ കേന്ദ്രവും ഹൂത്തികള്‍ കൈയടക്കിയതായി പ്രദേശവാസികള്‍ പറയുന്നു. ചില ഗോത്ര തലവന്മാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് ഹൂത്തികള്‍ നഗരം പിടിച്ചെടുത്തതെന്ന് പ്രദേശ വാസികളെ ഉദ്ദരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, സഊദിയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണം രണ്ടാഴ്ച പിന്നിടുകയാണ്. ഹൂത്തികളുടെ ശക്തികേന്ദ്രമായ ഏദന്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. ശക്തമായ വ്യോമാക്രമണത്തിനിടയിലും ഹൂത്തികളെ ഇവിടെനിന്നും പൂര്‍ണമായും ഒഴിപ്പിക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം, ഹൂത്തികളുടെ ആയുധപ്പുരകളും ആയുധങ്ങള്‍ കടത്തുന്ന വഴികളും തകര്‍ത്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ആക്രമണത്തില്‍ ഇതുവരെ 643 പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു. 2200ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പതിനായിരത്തിലധികം പേര്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്തു.