International
വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു; യമനിലെ ഇന്ത്യന്‍ എംബസി അടച്ചു
സന്‍ആ/ന്യൂഡല്‍ഹി: പോരാട്ടം രൂക്ഷമായ യമനില്‍ നിന്ന് വിമാനം വഴിയുള്ള രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. സന്‍ആയില്‍ നിന്ന് വിമാനമാര്‍ഗം 750 പേരാണ് അവസാനമായി രാജ്യത്ത് മടങ്ങിയെത്തുന്നത്. മൂന്ന് വിമാനങ്ങളിലായാണ് ഇവരെ എത്തിക്കുന്നത്. ഇവരില്‍ 400 പേര്‍ മലയാളികളാണ്. എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 വിമാനം ജിബൂത്തിയില്‍ നിന്ന് പുറപ്പെട്ട് ആദ്യം കൊച്ചിയില്‍ ഇറങ്ങി. ഇതിന് ശേഷം മുംബൈയിലേക്ക് പോയി. ഈ വിമാനത്തില്‍ 354 യാത്രക്കാരാണുള്ളത്. വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതിന് പിന്നാലെ സന്‍ആയിലെ ഇന്ത്യന്‍ എംബസിയും അടച്ചു.
ഇതുവരെ നാട്ടില്‍ തിരിച്ചെത്തിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ പിഞ്ചുകുഞ്ഞും അവസാനമായി കൊച്ചിയിലെത്തിയ വിമാനത്തിലുണ്ട്. ആറ് ദിവസം മാത്രം പ്രായമായ ഈ കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിച്ചതിനാല്‍ ഇന്‍ക്യുബേറ്ററിന്റെ സഹായത്തോടെയാണ് നാട്ടിലെത്തിച്ചത്.
മൊത്തം 5600 പേരെയാണ് ഇന്ത്യ യമനില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇതില്‍ 4640 പേരാണ് ഇന്ത്യക്കാര്‍. മറ്റുള്ള 960 പേര്‍ 41 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. വിമാനമാര്‍ഗം 2900 പേരെയാണ് ഇന്ത്യ നാട്ടിലെത്തിച്ചത്. ഒരാഴ്ചയ്ക്കിടെ 18 വിമാന സര്‍വനീസുകളിലൂടെയാണ് ഇവരെയെത്തിച്ചത്.
വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിച്ചതോടെ സന്‍ആയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ മടങ്ങി. യമനില്‍ നിന്ന് രക്ഷിച്ച് ജിബൂട്ടിയിലെത്തിച്ച മുഴുവന്‍ ഇന്ത്യക്കാരെയും ഇന്നലെ രാത്രിയോടെ നാട്ടിലെത്തിക്കുമെന്ന് ഒേtuദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. അടച്ച ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി നിയമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു.
അതിനിടെ, 19 കുട്ടികളടക്കം 349 യാത്രക്കാരുമായി നാവികസേനാ കപ്പലായ ഐ എന്‍ എസ് സുമിത്ര യമനിലെ ഹുദയ്ദയില്‍ നിന്ന് ജിബൂത്തിയിലേക്ക് തിരിച്ചിട്ടുണ്ട്.