Sports
റൊണാള്‍ഡോ മുന്നൂറില്‍
മാഡ്രിഡ്: സ്പാനീഷ് ലാ ലിഗയില്‍ റയോ വോള്‍കാനോക്കെതിരെ നേടിയ ഗോളിലൂടെ ക്രിസ്റ്റാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന് വേണ്ടി കളിച്ച് 300 ഗോള്‍ തികച്ചു. ഇതോടെ, ആല്‍ഫ്രെഡോ ഡി സ്റ്റിഫാനോക്കും റൗളിനും ഒപ്പം “മൂന്നൂര്‍ നിരയില്‍” എത്തുന്ന മൂന്നാമത്തെ മാഡ്രിഡ് താരമായി റൊണാള്‍ഡോ മാറി. സ്റ്റിഫാനോയുമായി ഏഴ് ഗോളുകളുടെയും റൗളുമായി 23 ഗോളുകളുടെയും അലെയാണ് റൊണാള്‍ഡോ. 288 കളികളില്‍ നിന്നാണ് പോര്‍ച്ചുഗീസ് താരത്തിന്റെ ഈ നേട്ടം.
ഗ്രാനഡക്കെതിരെ നാല് ദിവസം മുമ്പ് അഞ്ച് ഗോളുകള്‍ നേടിയതിനു പിന്നാലെയാണ് വോള്‍ക്കാനോക്കെതിരെ നേടിയ മുന്നൂറാം ഗോള്‍. റൊണാള്‍ഡോയുടെ നേട്ടത്തിന്റന്റെ വിശേഷണം ഇത് മാത്രമല്ല; മാഡ്രിഡിന്റെ പുതിയ ടീം മാനേജര്‍, കാര്‍ലോ അന്‍സെലോട്ടിയുടെ കീഴില്‍ കളിച്ച് നേടുന്ന 99ാം ഗോള്‍ കൂടി (89 കളികള്‍) ആയിരുന്നു അത്.
സ്പാനിഷ് ലാ ലിഗയില്‍ രണ്ടാം സ്ഥാനത്തുള്ള മാഡ്രിഡ് കളിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയോ വോള്‍ക്കാനോയെ പരാജയപ്പെടുത്തി. കളിയുടെ 68ാം മിനുട്ടില്‍ ഹെഡ്ഡറിലൂടെയായിരുന്നു റൊണാള്‍ഡോയുടെ മുന്നൂറാം ഗോള്‍ പിറന്നത്. അതിന് പിന്നാലെ 73ാം മിനുട്ടില്‍ റൊഡ്രിഗസ് രണ്ടാം ഗോള്‍ നേടി.
കടുത്ത മത്സരമാണ് വൊള്‍ക്കാനോക്കെതിരെ നടന്നത്. മത്സരം ഗോള്‍ രഹിത സമനിലയില്‍ നില്‍ക്കുമ്പോള്‍, 52ാം മിനുട്ടില്‍ വൊള്‍ക്കാനോയുടെ പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ ആക്രമണവുമായെത്തിയ റൊണാള്‍ഡോയുടെ ശ്രമം റഫറിയുടെ തെറ്റായ തീരുമാനത്തിലൂടെ വിഫലമായി. വൊള്‍ക്കാനോടയുടെ ഡിഫന്റര്‍ അന്റോണിയോ അമയ കാല്‍വെച്ചു വീഴ്ത്തിയപ്പോള്‍ മഞ്ഞക്കാര്‍ഡ് കണ്ടത് റൊണാള്‍ഡോ. മാത്രമല്ല, ഇതുവഴി റയലിന് അനുകൂലമായി ലഭിക്കേണ്ട പെനാല്‍ട്ടിയും നഷ്ടമായി.
തുടര്‍ന്ന് 68ാം മിനുട്ടിലാണ് റൊണാള്‍ഡോയിലൂടെ റയല്‍ മാഡ്രിഡിന് ആദ്യ ഗോള്‍ നേടാനായത്. ഹെഡ്ഡറിലൂടെയായിരുന്നു ആ മനോഹര ഗോള്‍. 73ാം മിനുട്ടില്‍ കൊളംബിയന്‍ താരം ഹാമസ് റൊഡ്രിഗസ് രണ്ടാം ഗോളും വലയിലാക്കിയതോടെ മാഡ്രിഡ് വിജയലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുത്തു.
സ്പാനിഷ് ലാ ലീഗയിലെ മറ്റൊരു കളിയില്‍, അല്‍മേറിയയെ മടക്കമില്ലാത്ത നാല് ഗോളുകള്‍ക്ക് ബാഴ്‌സ പരാജയപ്പെടുത്തി. ബാഴ്‌സക്ക് വേണ്ടി സുവാരസ് രണ്ടും മെസ്സിയും ബാര്‍ത്രയും ഓരോ ഗോള്‍ വീതവും നേടി. 33ാം മിനുട്ടില്‍ മെസ്സിയാണ് ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടിയത്. മെസ്സി സീസണില്‍ നേടുന്ന 33ാം ഗോളായിരുന്നു അത്. 55ാം മിനുട്ടിലും 90ാം മിനുട്ടിലുമാണ് സുവാരസിന്റെ ഗോളുകള്‍ പിറന്നത്. 75ാം മിനുട്ടില്‍ ബാര്‍ത്ര മൂന്നാം ഗോള്‍ നേടി.
30 കളികളില്‍ നിന്ന് 74 പോയിന്റുകളുള്ള ബാഴ്‌സയാണ് ലീഗയില്‍ ഒന്നാം സ്ഥാനത്ത്. 30 കളികളില്‍ നിന്ന് 70 പോയിന്റുള്ള റയല്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.