Articles
വഴികാട്ടാന്‍ വൈസനിയം
മതാന്തര സംവാദങ്ങള്‍ക്കും സൗഹാര്‍ദ്ദത്തിനുമായി മാര്‍പ്പാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സംവിധാനമാണ് പോന്തിഫിക്കല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ റിലീജിയസ് ഡയലോഗ്. 2014 സെപ്തംബറില്‍ വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പോന്തിഫിക്കല്‍ സെന്റര്‍ ഓഫീസില്‍ നടന്ന മതങ്ങള്‍ തമ്മിലെ ബന്ധങ്ങളെകുറിച്ചുള്ള ചര്‍ച്ചയില്‍ അതിഥിയായി സംബന്ധിക്കാന്‍ എനിക്ക് അവസരമുണ്ടായി. അന്ന്, ആ ചര്‍ച്ചക്ക് നേതൃത്വം വഹിച്ചിരുന്നത് ഫാദര്‍ മാര്‍ക്കസ് സോളൊ ആയിരുന്നു. ഇന്തോനേഷ്യക്കാരനായ ഫാദര്‍ ഇന്ത്യയെക്കുറിച്ച് നന്നായി പഠിച്ചിട്ടുണ്ട്. മുസ്‌ലിം സമൂഹത്തെക്കുറിച്ചും വിവിധ മതങ്ങളുടെ പേരിലുള്ള ഭീകര പ്രവര്‍ത്തനങ്ങളെപ്പറ്റിയും നല്ല ധാരണയുള്ള ആതിഥേയന്‍. അദ്ദേഹം, ഒട്ടേറെ രാജ്യാന്തര വേദികളില്‍ വത്തിക്കാന്റെ ഔദ്യോഗിക പ്രതിനിധിയായി സംബന്ധിച്ചു.
മത സൗഹാര്‍ദ്ദത്തിന്റെ ഇന്ത്യന്‍ അനുഭവത്തെപ്പറ്റിയുള്ള എന്റെ സംസാരത്തില്‍ കേരളത്തിലെ ഇസ്‌ലാമിന്റെ ചരിത്രവും സാമൂതിരിയും മുസ്‌ലിംകളും തമ്മിലുണ്ടായിരുന്ന ബന്ധവും ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമി (റ) ന്റെ ജ്ഞാന പാരമ്പര്യവും, അക്കാലത്തെ ലോകസര്‍വകലാശാലകളോട് കിടപിടക്കുന്ന വിധത്തില്‍ പൊന്നാനിയിലെ പള്ളിയെ അദ്ദേഹം മാറ്റിയതും മത പഠനത്തിന് കേരളത്തിന്റെ ചുറ്റുപാടുകളെ അപഗ്രഥനം ചെയ്ത് പ്രത്യേകമായി സിലബസുണ്ടാക്കിയതുമെല്ലാം ഞാന്‍ പരാമര്‍ശിച്ചു.
മാര്‍ക്കസ് സോളോയടക്കമുള്ള, യോഗത്തില്‍ സംബന്ധിച്ച വത്തിക്കാന്‍ പ്രതിനിധികള്‍ അത്ഭുതത്തോടെയാണിത് കേട്ടിരുന്നത്. മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ ജനറല്‍ ഡോ. കെ ക എന്‍ കുറുപ്പ് എഴുതിയ മാപ്പിള ലെഗസിയെന്ന പുസ്തകം അദ്ദേഹത്തിനു സമ്മാനിച്ചു.
സന്ദര്‍ശനത്തില്‍ നന്ദിയറിയിച്ചുകൊണ്ട് അദ്ദേഹം എഴുതി: ഇത്രയധികം ജ്ഞാന പാരമ്പര്യമുള്ളവരാണ് കേരളത്തിലെ മുസ്‌ലിം സമൂഹം എന്നത് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇസ്‌ലാമിക ഭരണം ഇല്ലാതെതന്നെ ചരിത്രത്തിലും വര്‍ത്തമാനത്തിലും കേരളത്തിലെ മുസ്‌ലിംകള്‍ വൈജ്ഞാനികമായും സാമൂഹികമായും തലയുയര്‍ത്തി നില്‍ക്കുന്നുവെന്നത് വിസ്മയാവഹമാണ്.
മുറ്റത്തെ മുല്ലക്ക് മണമില്ലെന്നത്‘പഴഞ്ചൊല്ല് മാത്രമല്ലാതെയാവുന്നത് ഇത്തരം യാഥാര്‍ഥ്യങ്ങളിലാണ്. ആഫ്രിക്കയിലെ മാലിയിലെ തിംബുക്തുവിനും ഇതു പോലെ ഒരു കഥ പറയാനുണ്ട്. പണ്ഡിതന്മാരും പള്ളിദര്‍സുകളും വിജ്ഞാന കേന്ദ്രങ്ങളും നിറഞ്ഞു നിന്നിരുന്ന തിംബുക്തു ഏറെക്കാലും ഇരുളിലായിരുന്നു. അക്കാദമിക പണ്ഡിതര്‍ക്കോ മുസ്‌ലിംകള്‍ക്കു തന്നെയോ തിംബുക്തുവിന്റെ പ്രാധാന്യത്തെപ്പറ്റി വേണ്ടത്ര ബോധമുണ്ടായിരുന്നില്ല. എന്നാല്‍, അടുത്ത കാലത്തായി ലോകത്തെ വന്‍കിട യൂനിവേഴ്‌സിറ്റികളും ചരിത്ര പണ്ഡിതന്മാരും അവിടെ പഠനവും ഗവേഷണവുമായി കഴിയുകയാണ്. തിംബുക്തുവിന്റെ പുഷ്‌ക്കലമായ പാരമ്പര്യത്തെ നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതില്‍ അവര്‍ വിജയിച്ചു എന്നര്‍ഥം.
വൈസനിയം എന്നപേരില്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികത്തിന്റെ കേന്ദ്ര പ്രമേയം ‘മലബാര്‍ തന്നെയാണ്. ചരിത്രത്തില്‍ മലബാര്‍ എന്നറിയപ്പെടുന്നത് ഇന്നത്തെ ഏതാനും ജില്ലകളല്ല; മറിച്ച് ഐക്യ കേരളത്തിനപ്പുറമുള്ള വിശാലതയും ലോകത്തിന്റെ വിവിധ അറ്റങ്ങളിലെത്തുന്ന വൈപുല്യവും അതിനുണ്ട്.
സാമ്രാജ്യത്വ അധിനിവേശത്തിന്റെ ബാക്കി പത്രമെന്നോണം യൂറോപ്പിലേയും അമേരിക്കയിലെയും ലൈബ്രറികളിലും മ്യൂസിയങ്ങളിലും ഉറങ്ങിക്കിടക്കുന്ന ചരിത്രവസ്തുതകള്‍ പുറത്തുവരണം. അശ്‌റഫുല്‍ ഖല്‍ഖ് മുത്ത് റസൂലുല്ലാഹി (സ) യുടെ അനുചരന്മാരിലൂടെ ഈ ഹരിത തീരത്തണഞ്ഞ സത്യ വിശ്വാസത്തിന്റെ യഥാര്‍ഥ പാരമ്പര്യം എവിടെയാണെന്ന് സംശയിക്കുന്നവര്‍ക്ക് വഴികാട്ടണം. നമ്മുടെ പാരമ്പര്യ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആലസ്യത്തില്‍ നഷ്ടപ്പെട്ടു പോകുന്ന വിദ്യാര്‍ഥി വിഭവശേഷിയെ മൗലികമായ പഠനങ്ങളിലേക്ക് തിരിച്ചു വിടണം. സൗത്ത് പസഫിക്കിലെ ഒരു പൊട്ടുപോലെ കിടക്കുന്ന ഫിജിയില്‍ അടക്കമുള്ള മലബാറിന്റെയും മലബാരികളുടെയും വേരുകള്‍ ചികഞ്ഞെടുക്കണം. ഈ തരത്തില്‍, നമ്മുടെ ചരിത്ര ധാരണകളെയും വായനാ രീതികളെയും മാറ്റുന്ന വിധം അന്താരാഷ്ട്ര തലത്തില്‍ സെമിനാറുകളും സമ്മേളനങ്ങളും അക്കാദമിക് കൂട്ടായ്മകളും വൈസനിയത്തിന്റെ പ്രധാന ലക്ഷ്യമാണ്.
വൈസനിയം എന്നത് വ്യക്തമായ ലക്ഷ്യങ്ങളോടെയുള്ള മുന്നൊരുക്കമാണ്. 1997ല്‍ സ്ഥാപിക്കപ്പെട്ട മഅ്ദിന്‍ പതിനേഴ് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ തന്നെ, ഇരുപതാം വാര്‍ഷിക പരിപാടികള്‍ ആരംഭിക്കുന്നത് അതുകൊണ്ടാണ്. മഅ്ദിന്‍ അക്കാദമിയുടെ ഉള്ളില്‍ നിന്നു തന്നെ മാറ്റങ്ങള്‍ വരണമെന്നര്‍ഥത്തില്‍ വൈസനിയത്തിനു മുന്നോടിയായി നിരവധി പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതാണ്. പുതിയ ലോകത്തേക്കു കടന്നു ചെല്ലാനും പുതിയ തലമുറയോട് സംവദിക്കാനും പാകത്തില്‍ ഭാഷയും ഇടപെടലുകളും ധാരണകളുമെല്ലാം മാറണമെന്നതായിരുന്നു ലക്ഷ്യം. അല്‍ഹംദുലില്ലാഹ്, അതിന്റെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഇന്ന് പത്തോളം വിദേശ ഭാഷകള്‍ മഅ്ദിന്‍ വിദ്യാര്‍ഥികള്‍ക്ക് കൈയെത്തും ദൂരത്താണ്. അനേകം ലോകങ്ങളെയാണ് ഇതിലൂടെ വിദ്യാര്‍ഥികള്‍ അറിയുന്നത്.
മഹബ്ബ സ്‌ക്വയര്‍, വുമിന്‍സ് ഡവലപ്‌മെന്റ് സെന്റര്‍ അടക്കം അഞ്ച് പുതിയ ക്യാമ്പസുകള്‍ വൈസനിയത്തോടെ നിലവില്‍ വരും ഇന്‍ശാഅല്ലാഹ്. പത്തോളം സര്‍വകലാശാലകളുമായി മഅ്ദിന്‍ ഉണ്ടാക്കിയിട്ടുള്ള വിദ്യാഭ്യാസ സഹകരണ കരാറുകള്‍ വളരെ ശക്തമായി മുന്നോട്ടു കൊണ്ടു പോകാനും വിവിധ സര്‍വകലാശാലകളുടെ പഠനാവസരങ്ങള്‍ ലഭ്യമാവുന്ന തരത്തില്‍ എജ്യുഹബ്ബായി മഅ്ദിന്‍ അക്കാദമിയെ മാറ്റാനുമാണ് ലക്ഷ്യം. വൈസനിയം ഉദ്ഘാടനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച് (ഏപ്രില്‍ 14) സ്വലാത്ത് നഗറില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ നോളജ് റിട്രീറ്റില്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രസിഡണ്ടും നേരത്തെ മലേഷ്യയിലെ ഏഴ് മന്ത്രാലയങ്ങളുടെ അമരക്കാരനുമായ താന്‍ശ്രീ റഈസ് ആണ് റിട്രീറ്റിനു നേതൃത്വം നല്‍കുന്നത്.
മത-ഭൗതിക വിദ്യാഭ്യാസത്തിനായി ലോകത്തിന്റെ ഏത് ഭാഗമത്തുമുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന, ഓണ്‍ലൈന്‍ പഠനാവസരങ്ങളുണ്ടാക്കുന്ന വെര്‍ച്ച്വല്‍ യൂനിവേഴ്‌സിറ്റി വൈസനിയത്തിന്റെ ഏറ്റവും പ്രധാന പദ്ധതിയാണ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ അന്താരാഷ്ട്ര സംഘടനകളുമായും സ്ഥാപനങ്ങളുമായും ചര്‍ച്ച നടത്തി വരികയാണ്. ഇങ്ങനെ, വിദ്യാഭ്യാസം, മതം, സംസ്‌കാരം, സാമ്പത്തികം, ചരിത്രം, കുടുംബം, കുടിയേറ്റം, ആരോഗ്യം, പരിസ്ഥിതി, ഭാഷ തുടങ്ങിയ മേഖലകളില്‍ കാലം ആവശ്യപ്പെടുന്ന നിരവധി പദ്ധതികള്‍ വൈസനിയത്തിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. ഇതിന്, ഇന്ത്യക്കകത്തും പുറത്തുമുള്ള പണ്ഡിതരുടേയും വിദഗ്ധരുടേയും പിന്തുണ തേടുന്നതിന്റെ ഭാഗമായാണ് വൈസനിയത്തിനായി രൂപം കൊടുത്തിട്ടുള്ള അന്താരാഷ്ട്ര ഉപദേശക സമിതി. മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്‌സന്റെ സെക്രട്ടറിയും ആധുനിക കാലത്തെ ഏറ്റവും പ്രമുഖനായ മുസ്‌ലിം ചിന്തകനുമായ ഡോ. റോബര്‍ ഫാറൂക് ഡിക്‌സന്‍ ക്രയിന്‍ ആണ് സമിതിയുടെ തലപ്പത്തുള്ളത്. പ്രമുഖ സിറിയന്‍ പണ്ഡിതനും ആത്മീയ വ്യക്തിത്വവും ആനുകാലിക സംഭവ വികാസങ്ങളില്‍ മുസ്‌ലിം ലോകത്തിന്റെ ശബ്ദവുമായ ശൈഖ് മുഹമ്മദ് അബുല്‍ ഹുദാ യാഖൂബി, മഅ്ദിന്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണായക സ്ഥാനമുള്ള ശൈഖ് ഹബീബ് ഉമര്‍ പോലുള്ളവരാണ് മറ്റുള്ളവര്‍.
വൈസനിയത്തിന് തുടക്കമിടുന്ന ഈ വേളയില്‍ ഒരുപാട് പേരെ ഓര്‍ക്കേണ്ടതുണ്ട്. ഓലമേഞ്ഞ് ചോര്‍ന്നൊലിക്കുന്ന ചെറിയ സംവിധാനത്തില്‍ നിന്ന് മഅ്ദിന്‍ അക്കാദമിയെ കൈപിടിച്ചുയര്‍ത്തിയ സാധാരണക്കാര്‍ മുതല്‍ ഭരണാധികാരികള്‍ വരെയുള്ളവര്‍, ആശീര്‍വാദവും തണലും നല്‍കി ഒപ്പം നിന്ന കേരളത്തിലെയും വിദേശങ്ങളിലേയും സംഘകുടുംബം, പ്രാരാബ്ധങ്ങളില്‍ തളര്‍ന്നുവീഴുമെന്നു തോന്നിയപ്പോഴും അല്ലാത്തപ്പോഴുമെല്ലാം പിശുക്കില്ലാതെ പിന്തുണച്ചവര്‍ അങ്ങിനെ ആ പട്ടിക നീളുന്നു. മഅ്ദിനിലെ ഓരോ മണല്‍ത്തരിയും പ്രവാസികളായ സഹോദരങ്ങളുടെ വിയര്‍പ്പിന്റെ ഉപ്പുരസമറിഞ്ഞിട്ടുണ്ട്. അവരില്ലാതെ മഅ്ദിന്‍ എന്ന സ്വപ്‌നം വട്ടപ്പൂജ്യമാണെന്നു തന്നെ പറയാം. സ്ഥാപനത്തിന്റെ ഓരോ ഘട്ടത്തിലും- സന്തോഷത്തിലും സന്താപത്തിലും- ആത്മ ധൈര്യം തന്ന് കൂടെ നിന്ന മഅ്ദിന്‍ അക്കാദമിയിലെ ജീവനക്കാരും വിദ്യാര്‍ഥികളും. പ്രിയപ്പെട്ടവരേ, എല്ലാവര്‍ക്കും തിരിച്ചു തരാനുള്ളത് മനസ്സുനിറഞ്ഞ പ്രാര്‍ഥനയാണ്. അത് എന്നുമുണ്ടായിട്ടുണ്ട്. ഇനിയുമുണ്ടാവും.
വൈസനിയം വെറുതെയാവരുത്. അതു നമുക്ക്, നമ്മുടെ മക്കള്‍ക്ക്, ഭാവി തലമുറകള്‍ക്ക് വഴികാട്ടണം. അതിന്റെ ഓരോ ഘട്ടങ്ങളിലും എല്ലാ നല്ലമനസ്സുകളുടെയും പ്രാര്‍ഥനയും പിന്തുണയുമുണ്ടാകണം.