Connect with us

Articles

പ്രവാസത്തിന് വയസ്സെത്രയാണ്?

Published

|

Last Updated

നാല്‍പ്പതില്‍ താഴെയും 24നു മുകളിലും പ്രായമുള്ളവരാണ് പ്രവാസി മലയാൡകളില്‍ 80 ശതമാനവും എന്ന് തിരുവനന്തപുരം സി ഡി എസ് നടത്തിയ പഠനം കണ്ടെത്തിയിട്ടുണ്ട്. ഈ വയസ്സ് അറിയിക്കുന്നത് പ്രവാസത്തിന്റെ യുവത്വത്തെയാണ്. കേരളത്തിന്റെ ജനസംഖ്യയില്‍ 25 ലക്ഷം ചെറിയ സംഖ്യയല്ല. അതിനു രണ്ട് പാര്‍ലിമെന്റ് മണ്ഡലത്തോളവും കുറഞ്ഞത് 13 നിയമസഭാ മണ്ഡലത്തോളവും ജനസംഖ്യാപരമായ വലിപ്പമുണ്ട്. ആബാലവൃദ്ധാടിസ്ഥാനത്തിലുള്ള പൊതുജനം അല്ല, പുരുഷജനം ആണ് പ്രവാസത്തെ യൗവനം എന്നു പറയുമ്പോള്‍ പ്രയോജനപരതയുടെ അളവുകോലില്‍ ഈ മനുഷ്യവിഭങ്ങള്‍ക്കുള്ള പ്രാധാന്യം ഏറെ മുകളില്‍ വരുന്നു.
മലയാളിയുടെ സാമൂഹികാവസ്ഥയില്‍ വന്ന വികസനത്തിന്റെ ഭാഗമായി പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ക്കു മുമ്പ് ഗള്‍ഫില്‍ ജോലി തേടിവന്ന യുവാക്കളല്ല, ഇപ്പോള്‍ ഗള്‍ഫിലേക്കു ജോലിക്കു വരുന്നത്. സാങ്കേതികവും ബൗദ്ധികവുമായ ഔപചാരിക വിദ്യ നേടിയ സമൂഹമാണ്. അഥവാ വിലയേറിയ മാനവ വിഭവങ്ങളെയാണ് നാം വിദേശത്തേക്കു കയറ്റി അയക്കുന്നത് എന്നര്‍ഥം. ലോകത്ത് മനുഷ്യരെ തൊഴിലിനായി നാടുകടക്കാന്‍ അനുവദിക്കുന്ന മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സ്വന്തം നാട്ടില്‍ തൊഴില്‍ നേടുന്നതിനും ജീവിക്കാനാവശ്യമായ വരുമാനം നേടുന്നതിനും സൗകര്യമുണ്ടായിരുന്നുവെങ്കില്‍ പ്രവാസം തിരഞ്ഞെടുക്കില്ലായിരുന്നുവെന്നാണ് വിവിധ ലോകരാജ്യങ്ങളില്‍ തൊഴിലിനു വേണ്ടി ചേക്കേറിയ സമൂഹത്തിന്റെ മനോഗതമെന്ന് ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യക്കാരും ഇതില്‍ നിന്നു ഒട്ടും വ്യത്യസ്തരല്ല. അങ്ങനെ വരുമ്പോള്‍ വിദ്യാഭ്യാസത്തിനു ശേഷം വിദേശത്തേക്കു വരുന്ന യുവാക്കളെ നാം നാടു കടത്തുന്നതാണ്. അഥവാ നാടു നഷ്ടപ്പെടുത്തുന്ന യുവത്വമാണ് വിദേശങ്ങളില്‍, പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്നത്. ഈ യുവത്വത്തെ സ്റ്റേറ്റ് ഏതുവിധം “അഡ്രസ് ചെയ്യുന്നു”വെന്നത് പൗരാവകാശത്തിന്റെ വിദൂര പരിധിയിലെങ്കിലും വരേണ്ട ചിന്താവിഷയമാണ്.
യുവത്വം എന്നാല്‍ കുട്ടിക്കാലത്തു നിന്നും മുതിര്‍ന്ന പൗരത്വത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രവേശത്തെക്കുറിച്ച് തിരിച്ചറിവുണ്ടാക്കുന്നതും സമൂഹത്തിലെ അംഗം എന്ന നിലയിലുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് അവബോധമുണ്ടാകുന്നതുമായ കാലം എന്നാണ് യുനസ്‌കോ നല്‍കുന്ന നിര്‍വചനം. നിര്‍ബന്ധിത വിദ്യാഭ്യാസത്തില്‍ നിന്നു വിരമിക്കുകയും ആദ്യത്തെ സ്വതന്ത്ര തൊഴില്‍ സ്വന്തമാക്കുകയും ചെയ്യുന്ന പ്രായമെന്നും ഈ പ്രായത്തിലും തൊഴില്‍ ലഭിക്കാത്തവരുടെ സംഖ്യ വര്‍ധിച്ചിട്ടുണ്ടെന്നും ഇത് സാമൂഹികാവസ്ഥയില്‍ ചെലവുകളുടെ വര്‍ധനയുള്‍പെടെയുള്ള പ്രത്യാഘാതങ്ങള്‍ക്കു വഴിവെക്കുന്നുവെന്നും യുനസ്‌കോ നിരീക്ഷിക്കുന്നു. എങ്കില്‍ ഈ സാഹചര്യത്തില്‍ നിന്നും കേരളത്തെ രക്ഷിക്കുന്നത് നിശ്ചയമായും യുവാക്കളുടെ പ്രവാസമാണ്. അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ തൊഴില്‍രഹിത യുവത്വം ഭീകരമായ ആഭ്യന്തര പ്രതിസന്ധിയായി വളരുകയും അത് സാമൂഹിക വികാസത്തെ വലിയ തോതില്‍ പിറകോട്ടുനയിക്കുകയും ചെയ്യുമായിരുന്നു.
അപ്പോള്‍ സാങ്കേതികവും ബൗദ്ധികവുമായ വിദ്യ അഭ്യസിപ്പിച്ച് യുവ മാനവവിഭവത്തെ നിക്ഷേപം നടത്തി നാം നേടിയെടുക്കുന്ന ലാഭമാണ് കേരളീയ സമൂഹത്തിന്റെ സര്‍വോന്മുഖമായ പുരോഗതി എന്നു വരുന്നു. ഗള്‍ഫ് പ്രവാസം കേരള സമൂഹത്തിന്റെ വിവിധ മേഖലകളിലുണ്ടാക്കിയ പുരോഗതിയെക്കുറിച്ചും സ്വാധീനത്തെക്കുറിച്ചും സി ഡി എസ് നടത്തിയ വിവിധ പഠനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റേറ്റിലെ വിദ്യാഭ്യാസം, പാര്‍പ്പിടം, ജീവിത രീതികള്‍ എന്നിവയെല്ലാം വികസിക്കുന്നതിലും മാറ്റങ്ങള്‍ക്കു വിധേയമാകുന്നതിലും ഗള്‍ഫ് എന്തുമാത്രം സ്വാധീനം ചെലുത്തിയെന്നും സി ഡി എസ് പഠനങ്ങള്‍ കണ്ടെത്തുന്നു. കേരളത്തിന്റെ നഗരവികസനത്തിനും ഗ്രാമീണ മുഖച്ഛായയുടെ നവീകരണത്തിലും വരെ ഗള്‍ഫ് കുടിയേറ്റം വലിയ സ്വാധീനം ചെലുത്തിയിട്ടുള്ളതായി അയല്‍ സംസ്ഥാന ഗ്രാമങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള വിശകലനങ്ങളും പറയുന്നുണ്ട്. നാട്ടിലെ ചായക്കടകള്‍ ബേക്കറികളായതും പരിപ്പുവട, ഉള്ളിവട തുടങ്ങിയവ ബര്‍ഗര്‍, സാന്‍ഡ്‌വിച്ച്, ചിക്കന്‍ റോള്‍ എന്നിവയിലേക്കു പരാവര്‍ത്തനം നടത്തിയതുമുള്‍പ്പെടെ നവരൂപകല്‍പനകളിലെ ഗള്‍ഫ് സ്വാധീനങ്ങളെക്കുറിച്ച് ഇനിയും സൂക്ഷ്മമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. എം മുകുന്ദന്റെ പ്രവാസം, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്നീ നോവലുകള്‍ ഗള്‍ഫ് കുടിയേറ്റം മലയാളിയുടെ നാട്ടിന്‍പുറ മനോഭാവങ്ങളിലും പരിസരങ്ങളിലും ഉണ്ടാക്കിയ പരിവര്‍ത്തനങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.
ജനാധിപത്യ ഇന്ത്യയിലെ സാമൂഹിക നിര്‍മിതിയില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചെലുത്തുന്ന സ്വാധീനം നിരാകരിക്കാവുന്നതല്ല. ഇന്നലെകളില്‍ ഈ പ്രസ്ഥാനങ്ങള്‍ സമൂഹത്തില്‍ നടത്തിയ ഇടപെടലുകളില്‍ യുവത്വത്തിന്റെ പ്രയോഗം ഇന്ന് ജീവിച്ചിരിക്കുന്ന വലിയൊരു തലമുറയുടെ നേരനുഭവമാണ്. ഊര്‍ജം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹീകരണത്തിന്റെ പ്രശ്‌ന വിശകനം എത്തിച്ചേരുന്നത് വിദ്യാര്‍ഥി യുവജന വിഭാഗങ്ങളുടെ ശക്തിക്ഷയവും യുവാക്കളില്‍ പടര്‍ന്നുപിടിക്കുന്ന അരാഷ്ട്രീയ ബോധങ്ങളുമാണെന്ന നിരീക്ഷണങ്ങളിലാണ്. വിശാഖപട്ടണത്തെ സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടു പോലും യുവജനങ്ങളെ സംബോധന ചെയ്യുന്നതിലും സംഘടിപ്പിക്കുന്നതിലും സംഭവിച്ച പാളിച്ചകളെ ചൂണ്ടുന്നു. ഇന്ത്യയിലെ വലിയ ജനാധിപത്യ പാര്‍ട്ടിയെന്നു പറയുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പുനരുജ്ജീവന സൂത്രമായി അവതരിപ്പിച്ചത് രാഹുല്‍ ഗാന്ധി എന്ന യുവ ചിഹ്നത്തെയും അദ്ദേഹത്തിലൂടെ പ്രയോഗിക്കാന്‍ ശ്രമിച്ച യുവ സ്വാധീനത്തെയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മധ്യവയസ്സ് പിന്നിട്ടുവെങ്കിലും യുവ നേതൃത്വം എന്ന വിശേഷണത്തോടെയാണ് ബി ജെ പി അദ്ദേഹത്തെ അവതരിപ്പിക്കുന്നത്. മനുഷ്യരുടെ പ്രായഘടനയില്‍ യുവത്വത്തിന് ഇത്രയും പ്രാധാന്യുമുണ്ടായിട്ടും ഗള്‍ഫു നാടുകളിലേക്കു ചേക്കേറിയ യുവാക്കളെക്കുറിച്ച് നമ്മുടെ രാഷ്ട്രീയ, സാമൂഹിക മണ്ഡലം ചര്‍ച്ചകള്‍ക്കു തയാറാകാത്തത് പ്രവാസികളുടെ കാര്യത്തില്‍ ക്ലീഷേ ആയ “വിവേചനം” കൊണ്ടാണെന്നു തോന്നുന്നില്ല. പ്രത്യുത, തിരിച്ചറിവില്ലായ്മ കൊണ്ടാണ്. പ്രവാസികളിലെ യുവാക്കളെയും അവരുടെ സ്വത്വത്തെയും തിരിച്ചറിയാന്‍ രാഷ്ട്രീയ സാമൂഹിക മേഖലക്കു കഴിഞ്ഞിട്ടില്ല. പ്രവാസി വിദ്യാര്‍ഥികളെയും സാമൂഹിക മണ്ഡലം തീരേ പരിഗണിച്ചിട്ടില്ല എന്നു കാണാം.
ഈ സാഹചര്യത്തിലാണ് ഇന്ന് ഗള്‍ഫിലെ മൂന്നു രാജ്യങ്ങളില്‍ കേരള നിയമസഭയിലെ അത്ര പ്രായം ചെന്നിട്ടില്ലാത്ത മൂന്ന് സാമാജികര്‍ പങ്കെടുക്കുന്ന യുവവികസനസഭകള്‍ നടക്കുന്നത്. നാടുവിട്ടെത്തിയ യുവത്വത്തിന്റെ ജീവിതാവസ്ഥകളെ പരിശോധിക്കുകയാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന ഈ സഭകള്‍. ഡോ. കെ ടി ജലീല്‍ (ഒമാന്‍), വി എസ് സുനില്‍ കുമാര്‍ (കുവൈത്ത്), ടി എന്‍ പ്രതാപന്‍ (ഖത്തര്‍) എന്നീ എം എല്‍ എമാരാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ദുബൈയില്‍ നടന്ന യുവവികസനസഭയില്‍ അന്‍വര്‍ സാദാത്ത് എം എല്‍ എ പങ്കെടുത്തു. അടുത്തയാഴ്ച സഊദിയില്‍ ഡൊമനിക് പ്രസന്റേഷനും ബഹ്‌റൈനില്‍ പി ടി എ റഹീമും പങ്കെടുക്കുന്ന സംഗമങ്ങള്‍ നടക്കും. പകല്‍ നീളെയുള്ള സംഗമങ്ങളില്‍ പ്രതീകാത്മക യൂത്ത് പാര്‍ലിമെന്റ് സംഘടിപ്പിച്ചാണ് പ്രവാസി യൗവനങ്ങളെ സംബോധന ചെയ്യുന്നതിനും കേള്‍ക്കുന്നതിനും അവസരം സൃഷ്ടിക്കുന്നത്. യുവ പ്രഫഷനലുകളെയും വിദ്യാര്‍ഥികളെയും പ്രത്യേകം അഭിമുഖീകരിക്കുന്നതിനും സര്‍ഗസാഹിതീയ ബോധങ്ങള്‍ക്ക് പിന്തുണയറിയിക്കാനും ഇള്ള ശ്രമവും യുവ വികസന സഭകളിലുണ്ട്.
പ്രവാസത്തിലെ യുവത്വം തങ്ങളുടെ സ്വതം തിരിച്ചറിയേണ്ടതുണ്ട്. വിദ്യാഭ്യാസവും രാജ്യാന്തര കമ്പനികളില്‍ നിന്ന് മികച്ച തൊഴില്‍ പരിചയവും നേടിയ യുവാക്കളില്‍ നല്ലൊരു വിഭാഗം ഒരു തരം നിഷ്‌ക്രിയാവസ്ഥയിലാണ്. ഗള്‍ഫിലെ ജീവിത പരിസരങ്ങളിലെ സൗകര്യങ്ങളും രീതികളും അവനവനോളം മാത്രം വലുതായ ലോകത്ത് സുഖജീവിതത്തിനു പ്രേരിപ്പിക്കുന്നു. ഡിവൈസുകളും ഗെയിമുകളും പാര്‍ക്കുകളുമുണ്ടായാല്‍ ബാച്ചിലറായോ കുടുംബസമേതമോ സസന്തോഷം കഴിഞ്ഞുകൂടാമെന്ന ധാരണയിലേക്ക് ആപതിച്ചവര്‍. ചുറ്റുവട്ടങ്ങളിലെ സമൂഹവും അകലങ്ങളിലെ നാടും നാട്ടുകാരുമൊന്നും ഈ ലോകത്തു നിന്ന് എത്രയോ അകലത്തിലായിരിക്കും. കണ്‍ഫര്‍ട്ട് സോണ്‍ അഡിക്ഷന്റെ പ്രതിനിധികളാണിവര്‍. ഇനി വിനോദവും സ്‌പോര്‍ട്‌സും സിനിമയും മദ്യപാനവും കലയാക്കി മാറ്റി ജീവിതം ആസ്വദിക്കുന്ന മറ്റൊരു വിഭാഗം. പുറത്തേക്കു കടക്കാന്‍ തയാറാകുന്നുവെങ്കിലും നശീകരണത്തിന്റെ അവനവന്‍ കുഴികളാണ് ഇവര്‍ കുഴിച്ചുകൊണ്ടിരിക്കുന്നത്. മള്‍ട്ടി നാഷനല്‍ കമ്പനികളുടെയും ലോകോത്തര സാങ്കേതികവിദ്യകളുടെയും പറുദീസയായ ഗള്‍ഫ് നഗരങ്ങള്‍ സാധ്യതകളുടെ വന്‍ നഗരങ്ങള്‍കൂടിയാണ്. പക്ഷേ, കരിയര്‍ വികസനത്തില്‍ ശ്രദ്ധ പുലര്‍ത്തി മുന്നോട്ടു കുതിക്കാനുള്ള ശ്രമം നടത്താന്‍ ഗള്‍ഫിലെ മലയാളി യുവാക്കള്‍ക്കു വലിയ ശീലമില്ല.
ജീവിത സാഹചര്യങ്ങള്‍ മൂലം വിദ്യാഭ്യാസം പൂര്‍ത്തിയാകാതെ ഗള്‍ഫു നാടുകളിലേക്കു ചേക്കേറേണ്ടി വരുന്നവര്‍ ഇപ്പോഴും ആയിരങ്ങളാണ്. രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസി യുവാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഗള്‍ഫില്‍ വന്ന ശേഷം പഠനം തുടരാന്‍ കഴിയാത്തവരാണ് വലിയൊരു ശതമാനം പേരും. സാര്‍വത്രികവും ചെലവു കുറഞ്ഞതുമായ വിദ്യാഭ്യാസ അവസരങ്ങള്‍ ഗള്‍ഫില്‍ ലഭ്യമല്ലാത്തതാണ് ഒരു കാരണം. ഇത്രയും മനുഷ്യവിഭവങ്ങള്‍ക്ക് വിദ്യാഭ്യാസത്തിന് അവസരമൊരുക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. ഉപരിപഠനത്തിന് സാധ്യതകളുണ്ടായിരുന്നിട്ടും പഠനമേഖലയിലേക്കു പ്രവേശിക്കാന്‍ മടി കാണിക്കുന്നവരുണ്ട് കുറേപേര്‍. ദുരഭിമാനബോധവും അലസതയും ഇവരെ പിന്തിരിപ്പിക്കുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവരും എസ് എസ് എല്‍ സി ജയിക്കാത്തവരുമായി നൂറു കണക്കിനു ചെറുപ്പക്കാര്‍ ദുബൈയില്‍ തൊഴിലെടുത്തു ജീവിക്കുന്നതായി സര്‍വേ വ്യക്തമാക്കുന്നു. പത്തു ജയിക്കുകയോ ബിരുദം നേടുകയോ ചെയ്താല്‍ പരിചയത്തിന്റെയും ഭാഷാനൈപുണിയുടെയും അടിസ്ഥാനത്തില്‍ തൊഴിലില്‍ ഉയര്‍ച്ച ലഭിക്കാന്‍ സാധിക്കുന്നവരാണിവര്‍. എന്നാല്‍ പത്താംതരം തുല്യതാപഠനമുള്‍പെടെയുള്ള സമാന്തര വിദ്യാഭ്യാസത്തിന്റെ സൗകര്യക്കുറവും ലഭ്യമായവക്ക് സര്‍ക്കാര്‍ ചുമത്തുന്ന കൊല്ലുന്ന നിരക്കും യുവാക്കളെ പുതിയ അനുഭവങ്ങളും സാധ്യതകളും തേടുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നു. ഗള്‍ഫിനോടുള്ള ഭ്രമാത്മക മനോഭാവത്തില്‍ മാറ്റം വരുത്താന്‍ കഴിയാത്ത സാധാരണക്കാരായ മനുഷ്യരാണ് ഗള്‍ഫില്‍ എന്തു ജോലി ലഭിച്ചാലും ഏറ്റെടുക്കാമെന്ന വിനീതവിധേയ മനസ്സുമായി വിമാനം കയറി വന്നുകൊണ്ടിരിക്കുന്നത്. ഈ വിഭാഗത്തിന്റെ ഉത്ഥാനം, വിഭവസമ്പന്നമായ സമൂഹത്തെ ലക്ഷ്യം വെക്കുന്ന നിര്‍മാണാത്മക സാമൂഹിക പ്രവര്‍ത്തനത്തകര്‍ക്ക് കാണാതിരിക്കാന്‍ കഴിയില്ല.
പ്രവാസിയുവാക്കളുടെ വിദ്യാഭ്യാസം പ്രധാനവും നിര്‍മാണപരവുമാണ്. ദൗര്‍ഭാഗ്യവശാല്‍ പ്രവാസി യുവത്വം പോലെ വിദ്യാഭ്യാസവും നിയമസഭകളിലോ രാഷ്ട്രീയ മണ്ഡലത്തിലോ ചര്‍ച്ചയാകുന്നില്ല. ആയിരക്കണക്കിനു കുട്ടികള്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാലയങ്ങളുടെ ഭാവിയും നിലവാരവും ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍, സി ബി എസ് ഇ തലത്തില്‍ മികച്ച സംവിധാനങ്ങളില്ല. ഇവിടെ പഠിച്ചു വളരുന്ന കുട്ടികള്‍ ഇവിടം അവരുടെ സാംസ്‌കാരികഭൂമികയാക്കി മാറ്റുന്നു. അതുകൊണ്ടു തന്നെ ഈ കുട്ടികള്‍ ഫലത്തില്‍ നമുക്ക് അന്യമാകുന്നു. പൊതുനിരത്തില്‍ തുപ്പുകയും മടക്കിക്കുത്തി നടക്കുകയും ചെയ്യുന്ന മലയാളിയെ കണ്ട് ഓക്കാനം വരുന്ന അമേരിക്കന്‍ മലയാളി കുടുംബത്തിലെ പെണ്‍കുട്ടിയെ കഥാപാത്രമായി അവതരിപ്പിക്കുന്നുണ്ട് പ്രവാസം എന്ന നോവലില്‍ എം മുകുന്ദന്‍. സാംസ്‌കാരികച്ചേര്‍ച്ചയില്ലായ്മയില്‍ മലയാളത്തിനു നഷ്ടമാകുന്ന ഒരു തലമുറയുടെ പ്രതിനിധിയായാണ് മുകുന്ദന്‍ മലയാളം സംസാരിക്കാനറിയാത്ത ഈ പെണ്‍കുട്ടിയെ അവതരിപ്പിക്കുന്നത്. അച്ഛന്‍, അമ്മ തുടങ്ങിയ അടിസ്ഥാന മലയാള വാക്കുകളും അത്യാവശ്യം ബസിന്റെ ബോര്‍ഡ് വായിക്കാനുള്ള മലയാളവുമാണ് സ്‌കൂളില്‍ നിന്ന് തങ്ങള്‍ പഠിപ്പിക്കുന്നതെന്നും അതിനേ സാധിക്കൂ എന്നും ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും സി ബി എസ് ഇ ഗള്‍ഫ് കൗണ്‍സില്‍ ചെയര്‍മാനുമായ കെ ആര്‍ രാമചന്ദ്രന്‍ നായര്‍ പറയുന്നു. വീട്ടില്‍ മലയാളം സംസാരിക്കുന്നതും മലയാളം ടി വി ചാനലുകള്‍ കാണുന്നതും മാത്രമാണ് ഈ കുട്ടികള്‍ക്കു കിട്ടുന്ന ഭാഷാ അനുഭവം.
പ്രവാസം സ്വീകരിക്കുന്നതോടെ സാമൂഹീകരണ പ്രക്രിയയില്‍നിന്നും സ്വാഭാവികമായി അകന്നു നില്‍ക്കേണ്ടി വരുന്നവര്‍ ചെറുപ്പക്കാരാകുമ്പോള്‍ അത് ഒരു നാടിനു നഷ്ടപ്പെടുത്തുന്നവയുടെ അളവില്‍ പലതുണ്ട്. സ്വാഭാവികതക്കപ്പുറം സ്റ്റേറ്റിന്റെ പരിഗണനയില്‍ പൗരന്‍ എന്ന നിലയിലുള്ള പരിഗണനയുടെയും ശ്രദ്ധയുടെയും പരിസരങ്ങളില്‍ നിന്നുകൂടി ഈ ധൈഷണിക യുവത്വം അകറ്റി നിര്‍ത്തപ്പെടുമ്പോള്‍ സംഭവിക്കുന്ന ശീതീകരണം അല്ലെങ്കില്‍ വിരോധം പുതിയ രാഷ്ട്രീയ മനോഭാവങ്ങളുടെ ഉദയം ഉണ്ടാക്കുന്നുണ്ട്. പ്രവാസികളിലെ യുവാക്കളില്‍ ഇതു വലിയ തോതില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയകളിലെ ഇടപെടല്‍ വ്യക്തമാക്കുന്നു. മുകുന്ദന്റെ പ്രവാസത്തിലെ കൊറ്റിയത്ത് അശോകനെപ്പോലെ അമേരിക്കയില്‍ പഠിക്കുകയും അവിടെ തന്നെ ജോലി നോക്കുകയും അവിടെ തന്നെ ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ചെറുപ്പത്തിന്റെ മനോഗതങ്ങള്‍ നാം ബോധപൂര്‍വം സൃഷ്ടിക്കരുത്. ഗള്‍ഫിലും അമേരിക്കയിലും പഠിച്ചാലും നാടും നാട്ടുകാരുമായി ബന്ധപ്പെട്ട ജീവിതപരിസരം സൃഷ്ടിക്കണമെന്ന അവബോധം ഉയര്‍ന്ന രാഷ്ട്രീയ ബോധമാണ്. സ്‌റ്റേറ്റും സമൂഹവും നല്‍കുന്ന ആത്മവിശ്വാസമാണ് ഇതുണ്ടാക്കിത്തീര്‍ക്കുക. ഈ പരിശ്രമത്തിന്റെ ഭാഗമായാണ് യുവ വികസനസഭകള്‍ പ്രവാസലോകത്തെ ചെറുപ്പക്കാരെ സംബോധന ചെയ്യുന്നതിന് വേദിയൊരുക്കുന്നത്. കേരള നിയമസഭയില്‍ അംഗങ്ങളായി യുവ രാഷ്ട്രീയ വ്യക്തിത്വങ്ങളിലൂടെ യുവാക്കളുടെ പ്രവാസ ജീവിതരാഷ്ട്രീയത്തിന് ജീവന്‍ ലഭിക്കുമെന്നും നിയമനിര്‍മാണ സഭകളിലും രാഷ്ട്രീയ നയരൂപവത്കരണ ശാലകളിലും സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നും പ്രത്യാശിക്കുന്നു.
(രിസാല സ്റ്റഡി സര്‍ക്കിള്‍ ജന. കണ്‍വീനറാണ് ലേഖകന്‍)

Latest