Kerala
ജെ ഡി യുവില്‍ സമ്മര്‍ദ ഗ്രൂപ്പിനായി യു ഡി എഫ് ശ്രമം; വാഗ്ദാനം നല്‍കി കൂടെ നിര്‍ത്താന്‍ ഉന്നതര്‍ രംഗത്ത്
കോഴിക്കോട്: ദേശീയ തലത്തില്‍ രൂപപ്പെട്ട ജനതാ പാര്‍ട്ടികളുടെ ഐക്യം യു ഡി എഫിനും സര്‍ക്കാറിനും മേല്‍ കരിനിഴല്‍ വീഴ്ത്തുമ്പോള്‍ ജെ ഡി യുവിനെ പിളര്‍ത്തി ഒരു വിഭാഗത്തെ കൂടെ നിര്‍ത്തിയുള്ള സമ്മര്‍ദത്തിനായി ഭരണതലത്തില്‍ അണിയറ നീക്കങ്ങള്‍ സജീവമായി.
ദേശീയ തലത്തില്‍ ജനതാപാര്‍ട്ടികളുടെ ലയനം യാഥാര്‍ഥ്യമായ സാഹചര്യത്തില്‍ എല്‍ ഡി എഫിനോടുള്ള അനുഭാവവും യു ഡി എഫിനോടുള്ള താത്പര്യകുറവും ജെ ഡി യു സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ തുറന്നു പ്രകടിപ്പിച്ചതോടെയാണ് രണ്ടും കല്‍പ്പിച്ചുള്ള നിലപാടിന് യു ഡി എഫും തയ്യാറെടുക്കുന്നത്. വാഗ്ദാനങ്ങള്‍ നല്‍കി ജെ ഡി യുവിലെ ഒരു വിഭാഗത്തെ കൂടെ നിര്‍ത്തി ഐക്യശ്രമം പരാചയപ്പെടുത്തുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് നടത്തുന്ന നീക്കത്തിന് പിന്നില്‍. യു ഡി എഫിന്റെ നാല് മേഖലാ ജാഥകളില്‍ കോഴിക്കോട്ട് നടക്കുന്ന മേഖലാ ജാഥയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും വീരേന്ദ്രകുമാര്‍ പിന്‍മാറുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ ജെ ഡി യുവിനെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ യു ഡി എഫ് നേതൃത്വം സജീവമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും ജെ ഡി യുവിന് അനൂകൂലമായി നടത്തിയ പ്രസ്താവനകള്‍ മഞ്ഞുരുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കോഴിക്കോട്ട് നടന്ന ജെ ഡി യു സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ പുതിയ സാഹചര്യത്തില്‍ എല്‍ ഡി എഫിനോടുള്ള താത്പര്യമാണ് ഭൂരിപക്ഷം പേരും പ്രകടിപ്പിച്ചത്. സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാറിനും മുതിര്‍ന്ന നേതാക്കള്‍ക്കും ഇതേ അഭിപ്രായം തന്നെയാണുള്ളത്. എന്നാല്‍, വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചവരെ സ്വാധീനിച്ച് സമ്മര്‍ദം ചെലുത്താനാണ് യു ഡി എഫ് നീക്കം.
ജെ ഡി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഓയില്‍പാം കോര്‍പറേഷന്‍ ചെയര്‍മാനുമായ ഷെയ്ക്ക് പി ഹാരിസ്, കോഴിക്കോട് ജില്ലാ പ്രസിഡന്റും ജില്ലാ സഹകരണ ബേങ്ക് പ്രസിഡന്റുമായ മനയത്ത് ചന്ദ്രന്‍ എന്നിവരെ മുന്നില്‍ നിര്‍ത്തിയാണ് യു ഡി എഫ് സമ്മര്‍ദ തന്ത്രം പയറ്റുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് ഈ നീക്കത്തിന് പിന്നിലുള്ളത്.
ഷെയ്ക്ക് പി ഹാരിസ്, മനയത്ത് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ലയനത്തിന് എതിരായി നിലപാടെടുക്കുന്നതോടെ ലയനചര്‍ച്ചകള്‍ നീണ്ടുപോകുകയും സര്‍ക്കാറിന് താത്കാലികമായി ഭീഷണി ഒഴിവാക്കാമെന്നുമാണ് ഈ നീക്കത്തിന് പിന്നില്‍ ചടരുവലി നടത്തുന്നവരുടെ ലക്ഷ്യം. പിളര്‍പ്പിലേക്ക് നീങ്ങുകയാണെങ്കില്‍ മികച്ച വാഗ്ദാനമാണ് കൂടെ നില്‍ക്കുന്നവര്‍ക്ക് യു ഡി എഫ് വെച്ചു നീട്ടുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിയജസാധ്യതയുള്ള സീറ്റ് പോലും ബന്ധപ്പെട്ടവര്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. പിളര്‍പ്പിലൂടെ ഒരു വിഭാഗത്തെ കൂടെ നിര്‍ത്തുന്നതിനേക്കാളെറെ ജെ ഡി യുവില്‍ പുതിയൊരു സമ്മര്‍ദ ഗ്രൂപ്പിനെ വളര്‍ത്തി താത്കാലികമായി രക്ഷപ്പെടുകയാണ് യു ഡി എഫിന്റെ ലക്ഷ്യം. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകും.
ജനതാദള്‍ എസ് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലും ജെ ഡി യുവിനെ സ്വാഗതം ചെയ്യുന്ന സമീപനമാണുണ്ടായത്. ബി ജെ പിക്കും കോണ്‍ഗ്രസിനും എതിരായുള്ള മതേതര ബദല്‍ എന്നതു കൊണ്ടു തന്നെ പുതിയ പാര്‍ട്ടി ഇടതുമുന്നണിയുടെ ഭാഗമാകണമെന്നത് മാത്രമാണ് ജെ ഡി എസ് മുന്നോട്ടു വെക്കുന്ന പ്രധാന ആവശ്യം. മറ്റു ഏതു തരത്തിലുള്ള വിട്ടുവീഴചക്കും പാര്‍ട്ടി തയ്യാറാണെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എം എല്‍ എ പ്രഖ്യാപിച്ചിരുന്നു.