Connect with us

Ongoing News

യുദ്ധം നേരിടാന്‍ സൈന്യം സജ്ജമല്ല; ആയുധങ്ങളുമില്ല: സി എ ജി റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: പൂര്‍ണതോതില്‍ ദീര്‍ഘകാലം നടക്കുന്ന യുദ്ധത്തെ അഭിമുഖീകരിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമല്ലെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സി എ ജി) റിപ്പോര്‍ട്ട്. പുതിയ ആയുധങ്ങള്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതിലെ കാലതാമസവും ഉദ്യോഗസ്ഥരുടെ കുറവും വെല്ലുവിളിയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പൂര്‍ണതോതില്‍ നടക്കുന്ന യുദ്ധത്തെ ഇരുപത് ദിവസം അഭിമുഖീകരിക്കാനുള്ള ആയുധബലം മാത്രമാണുള്ളത്. ഏറ്റവും കുറഞ്ഞത് നാല്‍പ്പത് ദിവസത്തേക്കുള്ള ആയുധങ്ങളെങ്കിലും വേണ്ടിടത്താണ് ഇതെന്ന് പാര്‍ലിമെന്റില്‍ വെച്ച സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആയുധങ്ങളുടെ ദൗര്‍ലഭ്യം സൈന്യം വന്‍തോതില്‍ അഭിമുഖീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2012 മാര്‍ച്ചില്‍ അന്നത്തെ കരസേനാ മേധാവിയായിരുന്ന ജനറല്‍ വി കെ സിംഗ് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് സി എ ജി റിപ്പോര്‍ട്ട്.

നാല്‍പ്പത് ദിവസത്തേക്ക് തികയുന്ന പത്ത് ശതമാനം വെടിക്കോപ്പുകളേ കരസേനയിലുള്ളൂ. പത്ത് ദിവസമോ അതില്‍ കുറവോ ദിവസങ്ങളിലാണ് രൂക്ഷയുദ്ധം നടക്കുന്നതെങ്കില്‍ അമ്പത് ശതമാനം വരുന്ന ആയുധങ്ങള്‍ പര്യാപ്തമായേക്കാമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുദ്ധസാമഗ്രികള്‍ ലഭ്യമാക്കുന്നതുള്‍പ്പെടെ കൈകാര്യം ചെയ്യുന്ന സൈനിക ആസ്ഥാനത്തെ ഡയറക്ടര്‍ ജനറല്‍ ഓര്‍ഡ്‌നന്‍സ് സര്‍വീസസിനാണ് (ഡി ജി ഒ എസ്) ഇതിന്റെ ഉത്തരവാദിത്വം. ഓര്‍ഡ്‌നന്‍സ് ഫാക്ടറി ബോര്‍ഡിന് (ഒ എഫ് ബി) കീഴിലുള്ള പത്ത് ഫാക്ടറികളെയാണ് യുദ്ധസാമഗ്രികള്‍ക്കും സ്‌ഫോടകവസ്തുക്കള്‍ക്കുമായി സൈന്യം ആശ്രയിക്കുന്നത്. ചിലത് ഇറക്കുമതി ചെയ്യാറുമുണ്ട്.

നാല്‍പ്പത് ദിവസത്തേക്കെങ്കിലും യുദ്ധസാമഗ്രികളുടെയും വെടിക്കൊപ്പുകളുടെയും കരുതല്‍ സൈന്യത്തിന് വേണം. നിലവില്‍ ഇരുപത് ദിവസത്തേക്കുള്ള കരുതല്‍ മാത്രമാണുള്ളത്. നിലവിലെ സ്ഥിതി 1.13 ദശലക്ഷം വരുന്ന കരസേനയുടെ സ്ഥിതി അപകടത്തിലാക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സൈന്യത്തിന്റെ നിരവധി യൂനിറ്റുകള്‍ ജമ്മു കാശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാകുന്നതിനിടെയാണ് ആയുധങ്ങളുടെ കുറവ് രൂക്ഷമാകുന്നത്.

സൈനിക ആവശ്യങ്ങള്‍ക്ക് ബജറ്റില്‍ നീക്കിവെച്ച തുകയുടെ കുറവും ഒ എഫ് ബിക്ക് കീഴിലുള്ള ഫാക്ടറികളിലെ ഉത്പാദനക്ഷമതയുടെ അപര്യാപ്തതയും കാരണമാണ് ഡി ജി ഒ എസിന് വേണ്ടത്ര യുദ്ധസാമഗ്രികള്‍ ലഭ്യമാക്കാന്‍ സാധിക്കാത്തതെന്ന് സി എ ജി ചൂണ്ടിക്കാട്ടുന്നു.
അവശ്യം വേണ്ട യുദ്ധസാമഗ്രികള്‍ 2009 മാര്‍ച്ചില്‍ പതിനഞ്ച് ശതമാനം മാത്രമാണ് കരുതലുണ്ടായിരുന്നത്. എന്നാല്‍, 2013ല്‍ ഇത് അമ്പത് ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

യന്ത്രത്തോക്കുകള്‍ പോലുള്ള വന്‍കിട ആയുധങ്ങളുടെ കാര്യത്തില്‍ അപര്യാപ്തത, സൈന്യത്തിന്റെ അംഗബലം വെച്ച് നോക്കുമ്പോള്‍, എണ്‍പത് ശതമാനത്തില്‍ അധികമാണ്. ഇത് പരിശീലനത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. 2009- 2013 കാലത്തെ കണക്കുകള്‍ പ്രകാരം യുദ്ധസാമഗ്രികളുടെ ശേഖരം സ്ഥിരമായി കുറയുന്നതായാണ് രേഖപ്പെടുത്തിയത്. 2009ല്‍ പതിനഞ്ച് തരം വെടിക്കോപ്പുകളാണ് ചുരുങ്ങിയത് പത്ത് ദിവസത്തേക്കെങ്കിലും കരുതലുണ്ടായിരുന്നത്. 2013ല്‍ ഇത് 85 തരം വെടിക്കോപ്പുകളായി ഉയര്‍ന്നിട്ടുണ്ട്. 2009ല്‍ പതിനഞ്ച് തരം വെടിക്കോപ്പുകള്‍ 10- 15 ദിവസത്തേക്കും പതിനേഴ് ഇനം പതിനഞ്ച് മുതല്‍ ഇരുപത് ദിവസത്തേക്കും കരുതലുണ്ടായിരുന്നത്. 2013ല്‍ ഇത് യഥാക്രമം 21ഉം 19ഉം ആയി ഉയര്‍ന്നിട്ടുണ്ട്. ഇരുപത് മുതല്‍ ഇരുപത്തഞ്ച് ദിവസത്തേക്ക് കരുതലുള്ള പതിനാല് ഇനം വെടിക്കോപ്പുകള്‍ മാത്രമാണ് 2013ല്‍ സൈന്യത്തിന്റെ കൈവശമുണ്ടായിരുന്നത്.

ഇരുപത്തഞ്ച് മുതല്‍ മുപ്പത് ദിവസം നടക്കുന്ന യുദ്ധത്തില്‍ ഉപയോഗിക്കാന്‍ എട്ടിനം വെടിക്കോപ്പുകള്‍ മാത്രമാണ് 2009ല്‍ കൈവശമുണ്ടായിരുന്നത്. 2013ല്‍ ഇത് ഏഴിനമായി ചുരുങ്ങി. 30-35 ദിവസത്തേക്ക് ഉപയോഗിക്കാവുന്ന നാലിനം വെടിക്കോപ്പുകള്‍ ആറായി ഉയര്‍ന്നു.
നാല്‍പ്പത് ദിവസത്തെ യുദ്ധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന 24ഇനം വെടിക്കോപ്പുകള്‍ ഉണ്ടായിരുന്നത് അഞ്ച് വര്‍ഷം കൊണ്ട് പതിനേഴായി ചുരുങ്ങിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest