Malappuram
ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് കോഴിക്കോട് തന്നെ ശരണം
മഞ്ചേരി: മെഡിക്കല്‍ കോളജ് പേരിന് മാത്രം. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റു അനുബന്ധ ജീവനക്കാരുടെയും കുറവ് കാരണം ദുരിതത്തിലാകുന്നത് പാവപ്പെട്ട രോഗികള്‍.
ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ന്നിട്ടും വിദഗ്ധ ചികിത്സക്കും മറ്റും കോഴിക്കോട് മെഡിക്കല്‍ കോളജിനെ തന്നെ ആശ്രയിക്കേണ്ട ഗതിയാണ്. ഇത് അത്യാസന്ന നിലയില്‍ കഴിയുന്ന പല രോഗികളുടെയും ജീവനെടുക്കുന്നു. മെഡിക്കല്‍ കോളജിലെ ഓര്‍ത്തോവിഭാഗത്തില്‍ 18 ഡോക്ടര്‍മാരാണുള്ളത്. പലരും താത്കാലിക ഡോക്ടര്‍മാരാണ്.
വേണ്ടത്ര അനസ്തറ്റിസ്റ്റുകളില്ലാത്തതിനാല്‍ ഓര്‍ത്തോപീഡിയ വിഭാഗം കേവലം നോക്കുകുത്തിയാകുന്നു. ഏഴ് അനസ്തറ്റിസ്റ്റുകളുണ്ടെങ്കില്‍ ഓര്‍ത്തോ വിഭാഗത്തില്‍ കൃത്യമായി ശസ്ത്രക്രിയകള്‍ നടക്കുമെന്ന് ഓര്‍ത്തോ വിഭാഗം ഡോക്ടര്‍മാര്‍ പറയുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയാ വിഭാഗം ഉടന്‍ തുറക്കണമെന്നാണ് രോഗികളുടെയും ഓര്‍ത്തോ സര്‍ജന്മാരുടെയും ആവശ്യം.
ദിവസവും വാഹനാപകടങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെത്തിക്കുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ്. മെഡിക്കല്‍ കോളജില്‍ മൂന്നാം ബാച്ച് എം ബി ബി എസിന് പ്രവേശനം നല്‍കാനുള്ള സാഹചര്യമൊരുങ്ങിയിട്ടും രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ സൃഷ്ടിക്കാനോ ശസ്ത്രക്രിയക്കാവശ്യമായ അനസ്തറ്റിസ്റ്റുകളെ നിയമിക്കാനോ ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ് പ്രവര്‍ത്തന സജ്ജമാക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ല. ഓര്‍ത്തോ വിഭാഗത്തില്‍ മാത്രം 18 ഡോക്ടര്‍മാര്‍ ശമ്പളം വാങ്ങുമ്പോള്‍ അതിന്റെ ഫലം ലഭിക്കാതെ തങ്ങളുടെ ശസ്ത്രക്രിയ അനന്തമായി നീളുകയും അനാവശ്യമായി വാര്‍ഡില്‍ കിടക്കേണ്ടി വരികയും ചെയ്യുന്ന രോഗികളെ പ്രയാസപ്പെടുത്തരുതെന്നാണ് നഴ്‌സുമാരും ഇതര ജീവനക്കാരും പറയുന്നത്. തിയേറ്ററില്‍ ശസ്ത്രക്രിയക്കാവശ്യമായ ഉപകരണങ്ങള്‍ ഉടന്‍ റിപ്പയര്‍ ചെയ്ത് കാര്യക്ഷമമാക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. നിലവില്‍ നാല് അനസ്തറ്റിസ്റ്റുകളുണ്ടെങ്കിലും ഫലത്തില്‍ രണ്ട് പേര്‍ മാത്രമേ ജോലി ചെയ്യാനുള്ളൂവത്രെ. തിയേറ്റര്‍ കോംപ്ലക്‌സ് പൂര്‍ണ സജ്ജമാകണമെങ്കില്‍ ഏഴ് മയക്ക് ഡോക്ടര്‍മാരെങ്കിലും വേണം.