Articles
വഖ്ഫ് ബോര്‍ഡും മുതവല്ലിമാരും
വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുന്നത് തടയുന്നതിന്നും അധ്യാധീനപ്പെട്ടവ വീണ്ടെടുത്തു സംരക്ഷിക്കുന്നതിനും വാഖിഫിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുന്നതിനും പാര്‍ലിമെന്റ് അംഗീകരിച്ച 1954ലെ 29-ാം നമ്പര്‍ വഖ്ഫ് ആക്ട് പ്രകാരമാണ് വിവിധ സംസ്ഥാനങ്ങളില്‍ വഖ്ഫ് ബോര്‍ഡുകള്‍ നിലവില്‍ വരുന്നത്. അതിന് മുമ്പ് 1950ല്‍ ഭരണഘടനയില്‍ വഖ്ഫുകളെ കണ്‍കറന്റ് ലിസ്റ്റിലായിരുന്നു പെടുത്തിയിരുന്നത്. അതിനാല്‍, വഖ്ഫ് സംബന്ധിച്ച നിയമനിര്‍മാണത്തിനുള്ള അധികാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍ നിക്ഷിപ്തമായി. വഖ്ഫ് നിയമം 1954ല്‍ പ്രാബല്യത്തില്‍ വന്നു. ഇതിനു ശേഷം 1984ല്‍ ഭേദഗതി അവതരിപ്പിച്ചെങ്കിലും പാര്‍ലിമെന്റിലെ അന്നത്തെ മുസ്‌ലിം അംഗങ്ങളുടെ എതിര്‍പ്പ് മൂലം ന്യായമായ രണ്ട് വകുപ്പുകള്‍ ഒഴികെ മറ്റെല്ലാം തള്ളപ്പെട്ടു. തുടര്‍ന്ന് 1954ലെ 29-ാം നമ്പര്‍ ആക്ട് സമഗ്രമായി ഭേദഗതി ചെയ്ത് അംഗീകരിച്ചതാണ് 1995ലെ വഖ്ഫ് ആക്ട്. 1996 ജനുവരി ഒന്ന് മുതല്‍ ഈ നിയമം പ്രാബല്ല്യത്തില്‍ വന്നു.
1960ലാണ് കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് നിലവില്‍ വന്നത്. ആദ്യം എറണാകുളത്തും പിന്നീട് 1985ല്‍ കോഴിക്കോടും ഇപ്പോള്‍ മഞ്ചേരിയിലും കണ്ണൂരിലും ഡിവിഷണല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. വഖ്ഫ് ബോര്‍ഡിന്റെ അനുമതി കൂടാതെ വഖ്ഫ് സ്വത്തുക്കള്‍ തീറായോ ദാനമായോ പണമായോ കൈമാറാന്‍ മുതവല്ലിമാര്‍ക്ക് അധികാരമില്ല. എന്നാല്‍ 2013ന് മുമ്പ് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഗുണകരമെന്ന് ബോധ്യപ്പെട്ടാല്‍ അങ്ങനെ കൈമാറുന്നതിന് വ്യവസ്ഥ ഉണ്ടായിരുന്നു. 2013ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പിട്ടതോടെ ആ കൈമാറ്റങ്ങള്‍ നിയമവിരുദ്ധമായി. അക്കാരണത്താല്‍ ഉപയോഗ ശൂന്യമായതും എതെങ്കിലും തരത്തില്‍ പ്രയോജനപ്രദമാക്കാന്‍ സാധിക്കാത്തതുമായ വഖ്ഫ് സ്വത്തുക്കള്‍ കൈമാറ്റം ചെയ്ത് വികസനം ഉണ്ടാക്കാന്‍ സാധിക്കാതെ വന്നു. അത്തരം വഖ്ഫ് സ്വത്തുക്കള്‍ ഉപയോഗശൂന്യമായി നില്‍ക്കുന്നത് കാണുമ്പോള്‍ മേല്‍നിയമം പ്രാബല്യത്തില്‍ വരുന്നതിനെ മുസ്‌ലിം എം പിമാര്‍ എതിര്‍ക്കാതെ പോയതെന്തുകൊണ്ടെന്ന ചോദ്യമുയരുന്നു.
വഖ്ഫുകളുടെ കണക്കുകളും രേഖകളും പരിശോധിക്കുകയും ശരിയായ നടത്തിപ്പിനും നിലനില്‍പ്പിനും ആവശ്യമായ പ്രവൃത്തികള്‍ നീതിപൂര്‍വവും നിഷ്പക്ഷവുമായി നിര്‍വഹിക്കുകയും ചെയ്യുക എന്നതാണ് വഖ്ഫ് ബോര്‍ഡുകളുടെ ലക്ഷ്യം. വഖ്ഫുകളും വഖ്ഫ് ബോര്‍ഡും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. പള്ളി, മദ്‌റസ, അറബിക് കോളജ്, ഖുര്‍ആന്‍ പാരായണ വഖ്ഫുകള്‍ തുടങ്ങി എല്ലാ വഖ്ഫുകളും പലതരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവിച്ച് നടത്തിപ്പോരുന്ന മുതവല്ലിമാര്‍ക്ക് പരിപാലിക്കാനുള്ള അവകാശം അല്ലാതെ ഉടമസ്ഥാവകാശം നിലനില്‍ക്കുന്നില്ല. ഖബര്‍സ്ഥാന്‍ വഖ്ഫായി പരിപാലിക്കുന്ന ചിലര്‍ സ്വന്തം സ്വത്ത് പോലെ ചിലര്‍ക്ക് ഖബര്‍സ്ഥാന്‍ തടയുകയും ഭൂമിയുടെ കിടപ്പ് നോക്കി മറവ് ചെയ്യുന്നതിന് ഗ്രേഡ് അനുസരിച്ച് പണം ആവശ്യപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ഖബര്‍സ്ഥാന്‍ തടയാനോ ഗ്രേഡ് തിരിച്ച് പണം വാങ്ങാനോ പാടില്ല എന്ന് വഖ്ഫ് ബോര്‍ഡും ഹൈക്കോടതിയും വിധിച്ചിട്ടുണ്ട്. ഈയടുത്ത് വഖ്ഫ് ട്രൈബ്യൂണലില്‍ നിന്ന് ഉണ്ടായ “തടയാം”എന്ന വിധി ഹൈക്കോടതി ദുര്‍ബലപ്പെടുത്തുകയുണ്ടായി. മുതവല്ലിക്ക് ഉടമസ്ഥാവകാശമില്ലെന്നും പരിപാലനം മാത്രമാണ് അവകാശമെന്നും കോടതി വ്യക്തമാക്കി.
കേരളത്തില്‍ വഖ്ഫ് ബോര്‍ഡ് നിലവില്‍ വന്ന ശേഷം ധാരാളം വഖ്ഫുകള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ രജിസ്റ്റര്‍ ചെയ്തവരും ചെയ്യാന്‍ അപേക്ഷിച്ചവരും ചെയ്യാന്‍ ആഗ്രഹിച്ചവരും ചില പ്രശ്‌നങ്ങളില്‍ പെട്ടു വിഷമിക്കുന്നു. ബോര്‍ഡ് തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച “വഖ്ഫുകളുടെ സംരക്ഷണം” എന്ന പുസ്തകത്തില്‍ തന്നെ അക്കാര്യം തുറന്നു സമ്മതിക്കുന്നുണ്ട്: “ഒരു പക്ഷേ വഖ്ഫ് ബോര്‍ഡ് തെറ്റിദ്ധരിക്കപ്പെട്ട ഒരവസ്ഥയിലാണ്. അത് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്ന് തന്നെ ഉടലെടുത്തതാണ്. വിഹിതം പിരിക്കുന്നതിനുള്ള ഒരു പ്രസ്ഥാനമായി മാത്രം ബോര്‍ഡിനെ കാണുന്നതാണ് ഈ തെറ്റിദ്ധാരണക്ക് കാരണം.”
മുമ്പ് പറഞ്ഞ മൂന്ന് വിഭാഗക്കാരും ബോര്‍ഡിനെ ഇപ്രകാരം ഭയത്തോടും മുന്‍ധാരണയോടെയുമാണ് കാണുന്നത്. അജ്ഞതയില്‍ നിന്നാണ് ഇത് ഉടലെടുത്തതെങ്കില്‍ തിരുത്താന്‍ ബോര്‍ഡും ഉദ്യോഗസ്ഥരും മുതവല്ലി മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാരും ശ്രദ്ധിക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആറ് മാസം തടവും 15,000 രൂപ പിഴയും ചുമത്തുന്ന പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനം കേട്ടു ധാരാളം പള്ളി മദ്‌റസാ ഭാരവാഹികള്‍ രജിസ്‌ട്രേഷനപേക്ഷിച്ചു നൂലാമാലകളില്‍ കുടുങ്ങുകയുണ്ടായി. അംഗത്വം വേണ്ടെന്നും അപേക്ഷ പിന്‍വലിക്കുയാണെന്നും പറയുന്ന ഒരവസ്ഥ ഇല്ലേ എന്നും പരിശോധിക്കേണ്ടതുണ്ട്. അപേക്ഷകനോട് വ്യക്തിപരമായോ മറ്റോ വിരോധമുള്ള ഒരാള്‍ ഒരു ഒബ്ജക്ഷന്‍ സമര്‍പ്പിച്ചാല്‍ പിന്നെ ബോര്‍ഡില്‍ കേസ് നിലവില്‍വന്നു. വര്‍ഷങ്ങളോളം വഖഫ് സ്വത്തുക്കളുടെ പണം വക്കീലിനു കൊടുത്ത് മാസം തോറും ജുഡീഷ്യല്‍ കമ്മിറ്റി മുമ്പാകെ ഹാജരാകുകയും “കേസ് മാറ്റിവെച്ചു” എന്ന പ്രസ്താവന കേട്ടു നിരാശരായി മടങ്ങുകയും ചെയ്യുന്നു. ഈ അവസ്ഥ തുടരുകയാണ്. പത്തും പതിമൂന്നും വര്‍ഷങ്ങളായി തീരുമാനിക്കാതെ കിടക്കുന്ന എത്ര കേസുകള്‍! അപേക്ഷ നല്‍കിയതിനെ തുടര്‍ന്നു വഖഫ് ഇന്‍സ്‌പെക്ടര്‍ നേരിട്ടുവന്നു സന്ദര്‍ശിച്ചു ബോധ്യപ്പെട്ട ശേഷം രജിസ്‌ട്രേഷന്‍ നല്‍കാമെന്നു റിപ്പോര്‍ട്ട് നല്‍കിയതു പോലും ഇന്ന് തീരുമാനിക്കാതെ കിടക്കുന്നു. മറ്റൊരപേക്ഷകന് 10 വര്‍ഷം കഴിഞ്ഞപ്പോള്‍ കിട്ടിയ മറുപടിയില്‍ നിങ്ങളുടെ അപേക്ഷയില്‍ പറഞ്ഞ സ്വത്ത് വേറൊരു സംഘടനയുടെ അപേക്ഷയില്‍ ഉണ്ടെന്നാണ് പറയുന്നത്. യഥാര്‍ഥത്തില്‍ വെവ്വേറെ സര്‍വേ നമ്പറുകളിലാണ് പ്രസ്തുത ഭൂമിക്ക് ഉള്ളത്. രജിസ്‌ട്രേഷന്‍ അപേക്ഷയുടെ കൂടെ ആധാരത്തിന്റെ അറ്റസ്റ്റഡ് കോപ്പിയും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. അത്തരം വ്യവസ്ഥകള്‍ പാലിക്കാതെ ആദ്യം അപേക്ഷിച്ചവര്‍ക്ക് ഡോക്യുമെന്റ്‌സ് ഇല്ലെങ്കിലും രജിസ്‌ട്രേഷന്‍ നല്‍കുമെന്ന് ഉത്തരവാദപ്പെട്ടവര്‍ പറയുമ്പോള്‍ പിന്നെ ഡോക്യുമെന്റുകള്‍ക്ക് എന്താണ് വില? ഇവയെല്ലാം ട്രൈബ്യൂണലിലും ഹൈക്കോടതിയിലും പോകേണ്ട അവസ്ഥയാണ് ഉളവാക്കുന്നത്. ഒരു മുതവല്ലിയുടെ പ്രതികരണം കാണുക. “”തടവും പിഴയും പേടിച്ച് ഞാന്‍ രജിസ്റ്റര്‍ ചെയ്തു . ഏഴ് സെന്റ് ഭൂമിയിലുള്ള ഒരു പള്ളിയുടെ സിക്രട്ടറി ആയിപ്പോയി എന്നതാണ് എന്റെ തെറ്റ്. പള്ളിയിലെ ഇമാമിനും ഖത്തീബിന്നും മുഅദ്ദിനും ശമ്പളം കൊടുക്കാന്‍ പ്രത്യേകമായി യാതൊരു വരുമാനവും ഇല്ല. നാട്ടുകാരില്‍ നിന്നും മറ്റും പിരിച്ചെടുക്കുന്ന തുക കൊണ്ടാണ് നടത്തിപ്പോരുന്നത്. തികയാതെ വരുന്നതിന് പള്ളിയല്‍ വെച്ച് മാസാന്തം സ്വലാത്തും ദിക്‌റും ബദര്‍ മൗലിദും റബീഉല്‍ അവ്വലില്‍ മൗലിദ് പാരായണവും നടത്തുന്നതിന് പിരിച്ചെടുക്കുന്ന തുകയില്‍ ബാക്കി വരുന്നത് നടത്തിപ്പിലേക്ക് എടുക്കും . ഇപ്പോള്‍ അതില്‍ ബാക്കി വരുന്ന തുകയുടെ ഏഴ് ശതമാനം ബോര്‍ഡിലേക്ക് അടക്കണമെന്നാണ് നിര്‍ദേശം വന്നിരിക്കുന്നത്.”” പള്ളിയും മദ്‌റസയും നടത്തിപ്പോരുന്നതിന് പിരിപ്പിച്ചെടുത്ത തുകയുടെ വിഹിതം അവര്‍ വാങ്ങുന്നുണ്ടെങ്കില്‍ ഇവയുടെ നടത്തിപ്പിലേക്ക് വഖഫ് ബോര്‍ഡ് എന്താണ് തരുന്നത്? നമുക്കെന്താണ് ഗുണം? ഇതെല്ലാം കണ്ടും കേട്ടും റജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അറച്ച് നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് തടവും പിഴയും കാണിച്ച് ബോര്‍ഡ് ഓഫീസ് എല്ലാ സെക്രട്ടറിമാര്‍ക്കും റജിസ്റ്റര്‍ ചെയ്യാന്‍ നോട്ടീസ് അയക്കുന്നത്.
വഖ്ഫ് ബോര്‍ഡ് അംഗങ്ങളും ഉദ്യോഗസ്ഥരും മുതവല്ലിമാരും പരസ്പര സ്‌നേഹത്തിലും സൗഹൃദബന്ധത്തിലുമായിരിക്കണം. സ്ഥാപന ഭാരവാഹികളിലും മുതവല്ലിമാരിലും ഉടലെടുത്ത ഭീതി ദൂരീകരിക്കണം. അവരെ ബോധവത്കരിക്കുകയും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പും ബഹുമാനവും ഉളവാക്കുവാന്‍ നടപടി സ്വീകരിക്കുകയും വേണം. കേസുകളും തര്‍ക്കങ്ങളും കോടതിയില്‍ എത്താതെ അദാലത്തുകള്‍ സംഘടിപ്പിച്ച് പറഞ്ഞുതീര്‍ക്കാന്‍ നേതൃത്വം നല്‍കണം. വിഹിതം കൊടുത്താല്‍ ഈ പള്ളിക്കും മദ്‌റസക്കും എന്ത് കിട്ടുമെന്ന ചോദ്യത്തിന് ഉത്തരം അവരെ തര്യപ്പെടുത്തണം. കര്‍ണാടക വഖ്ഫ് ബോര്‍ഡ് അവിടുത്തെ മതസ്ഥാപനങ്ങള്‍ക്ക് അകമഴിഞ്ഞ സഹായങ്ങള്‍ നല്‍കുന്നുണ്ട്.
വഖ്ഫ് നിയമങ്ങളെ പറ്റി വേണ്ടത്ര അറിവും പരിചയവും ഇല്ലാത്തവരാണ് മുതവല്ലിമാരിലിധകവും. മരം മുറിക്കുമ്പോഴും പുനര്‍നിര്‍മാണത്തിന് വേണ്ടി പള്ളിയും മദ്‌റസയും പൊളിക്കുമ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ബോര്‍ഡിന്റെ അനുമതിക്ക് അപേക്ഷിച്ച് പെര്‍മിഷന്‍ വാങ്ങണമെന്ന് അവര്‍ക്ക് അറിയില്ല. കോഴിക്കോട് ജില്ലയില്‍ ഒരു പുരാതന ജുമുഅത്ത് പള്ളി പൊളിച്ച് പുനര്‍നിര്‍മിക്കാന്‍ പ്രദേശത്തുകാര്‍ ഏകകണ്ഠമായി തീരുമാനിക്കുകയും പള്ളി പൊളിച്ചു തീരുകയും ചെയ്തു. പൊളിച്ച് കഴിഞ്ഞതിന് ശേഷം ഏതോ ചിലര്‍ വഖ്ഫ് ബോര്‍ഡില്‍ പരാതികൊടുത്തു. ബോര്‍ഡ് ആ പരാതി പരിഗണിച്ച് സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചു. അതോടെ പുനര്‍നിര്‍മാണം സ്തംഭിക്കുകയും ഒരു ഷെഡ് കെട്ടി നാട്ടുകാര്‍ ജുമുഅയും ജമാഅത്തും നടത്തുകയും ചെയ്യുന്നു. ഇവിടെ ബോര്‍ഡിന്റെ ധാര്‍മിക ഉത്തരവാദിത്വം എന്താണ്? അറിവില്ലായ്മയില്‍ നിന്ന് വന്നുപോയ ഈ കാര്യത്തില്‍ ഇളവ് ചെയ്ത് നിര്‍മാണ പ്രവര്‍ത്തനത്തിനു സാഹചര്യമൊരുക്കുകയും അങ്ങനെ വഖഫ് സംരക്ഷിക്കുന്നതിനു ബോര്‍ഡ് നേതൃത്വം നല്‍കുകയും ചെയ്യേണ്ടതാണ് എന്നതാണ് ജനപക്ഷം. അല്ലാതെ പൊളിച്ച പള്ളിയുടെ വസ്തുക്കള്‍ മഴയും വെയിലും കൊണ്ട് നശിക്കുന്നത് കൊണ്ട് ആര്‍ക്കാണ് ഗുണം? പ്രദേശത്തുകാര്‍ റമസാനിലും മറ്റും പള്ളിയില്ലാതെ വിഷമിക്കുമ്പോള്‍ വേദന തിന്നുന്ന അവര്‍ പറയുന്നത് “നിയമം ഇരുമ്പുലക്ക അല്ല” എന്നാണ്. ഇവിടെയാണ് “വഖഫ് സംരക്ഷണം” എന്ന ബോര്‍ഡിന്റെ പുസ്തകത്തില്‍ പറഞ്ഞ “വഖഫുകളും വഖഫ് ബോര്‍ഡും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കേണ്ടതുണ്ട്” എന്ന വരികള്‍ അന്വര്‍ഥമാകേണ്ടത്.
സ്ഥാപന ഭാരവാഹികളുടെ പ്രയാസങ്ങള്‍ക്കും വിഷമങ്ങള്‍ക്കും പക്ഷപാതമില്ലാതെ പരിഹാരം കാണുകയും നേരിട്ട് അറിയുകയും അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ളതും പരലോക ഗുണം ലഭിക്കുന്നതുമായ വഖഫ് സംരക്ഷണം ഒരു പ്രധാന ഇനമായി ഉത്തരവാദപ്പെട്ടവര്‍ ഏറ്റെടുക്കുകയും വേണം. വിവിധ വിഷയങ്ങളിലായി വഖഫ് സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മിറ്റി, ട്രൈബ്യൂണല്‍, ഹൈക്കോടതി എന്നിവിടങ്ങളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. അത്തരം കേസുകള്‍ക്ക് അതിവേഗം പരിഹാരം കാണാനും വഖഫിന്റെ പണം ചിലവാക്കുന്നത് ഒഴിവാക്കാനും കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവണം.
എല്ലാ സാമ്പത്തിക വര്‍ഷവും അതായത് ഏപ്രില്‍ മുതല്‍ അടുത്ത മാര്‍ച്ച് 31 കാലത്തെ വരവു ചെലവു കണക്കുകള്‍ (റിട്ടണ്‍) മുതവല്ലിമാര്‍/സിക്രട്ടറിമാര്‍ ഏപ്രില്‍ മാസം 30 നു മുമ്പ് ബോര്‍ഡില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. കണക്കു റിട്ടണ്‍ കൊടുക്കാതിരുന്നാല്‍ ഡിവിഷനല്‍ ഓഫീസര്‍ക്ക് വിഹിതം കെട്ടാന്‍ അധികാരമുണ്ട്. വിഹിതം കെട്ടി പ്രൊസിസിംഗ് വന്നാല്‍ പ്രസ്തുത തുക അടക്കുക തന്നെ വേണം. മറ്റു വഴികള്‍ എളുപ്പമല്ല. സംഭാവന, വിദ്യാഭ്യാസ ഫീസ്, പിടിയരി, പാട്ടപ്പിരിവ്, അഡ്മിഷന്‍ ഫീസ്, പെരുന്നാള്‍ പണം എന്നിവക്ക് ഇപ്പോള്‍ വിഹിതം ഇല്ല. പറമ്പിലെ കൃഷി വസ്തുക്കള്‍(തേങ്ങ, അടക്ക, മാങ്ങ) കെട്ടിടവാടക, വാടക സാധനങ്ങളുടെ വരവ്, മഖാമുകളിലെ വരുമാനം, നികാഹ്, സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവക്ക് വിഹിതം നല്‍കണം. എല്ലാ വരവുചെലവുകള്‍ക്കും രശീതിയും വൗച്ചറും സൂക്ഷിച്ച് ഡേബുക്കിലും ലഡ്ജറിലും രേഖപ്പെടുത്തി വെക്കണം. ഇത് സംബന്ധിച്ച വിവരങ്ങള്‍ പുതിയ റജിസ്‌ട്രേഡ് വഖഫു മുതവല്ലിമാര്‍ക്ക് ബോര്‍ഡ് ഓഫീസില്‍ നിന്ന് ഇപ്പോള്‍ അയക്കുന്നത് സ്വാഗതാര്‍ഹമാണ്.
ചില മഖാമുകള്‍ കൊണ്ട് അവക്ക് കീഴിലുള്ള മദ്‌റസ-പള്ളികള്‍ നടത്താന്‍ തികയാതെ വരുമ്പോള്‍ പളളിക്കും മദ്‌റസക്കും വേണ്ടി റസീവര്‍മാര്‍ മുഖേന സംഭാവന പിരിപ്പിക്കാറുണ്ട്. എന്നാല്‍ മഖാമുകളുള്ള വഖഫ് പിരിപ്പിക്കുന്ന സംഭാവന മഖാമിന്റെ വിഹിതം കെട്ടുന്ന കണക്കിലേക്ക് ചേര്‍ത്തു വിഹിതം ഈടാക്കുന്നത് മഖാമിനോട് അനുബന്ധിച്ച സ്ഥാപനങ്ങള്‍ നടത്തുന്നവരെ വിഷമിപ്പിക്കുന്നു. വഖഫ് സംരക്ഷണത്തിന്റെ ഭാഗമായി ബോര്‍ഡ് ഉദ്യോഗസ്ഥന്മാര്‍ക്ക് സ്ഥലത്ത് വന്ന് കണക്കുകളും മറ്റു രേഖകളും പരിശോധിക്കാന്‍ അധികാരമുണ്ട്. എന്നാല്‍ മുന്‍ കൂട്ടി വിവരം അറിയിക്കാതെയും പക്ഷപാതം തോന്നും വിധവുമുള്ള പരിശോധന ചില സ്ഥലങ്ങളില്‍ സംഘര്‍ഷനത്തിന് വഴിവച്ചേക്കും.
വഖഫ് ബോര്‍ഡ്, സൊസൈറ്റീസ് റജിസ്റ്റേഷന്‍ ഇക്കാലത്ത് അത്യാവശ്യവും നിയമ പ്രാബല്യം ഉളവാക്കുന്നതുമാണ്. വഖഫ് ബോര്‍ഡിന്റെ സോഷ്യല്‍ വെല്‍ഫെയര്‍ സ്‌കീമില്‍ നിന്ന് ഗ്രാന്റ്, വിവാഹസഹായം, പഠന സകോളര്‍ഷിപ്പ്, പള്ളി ഇമാം, മുഅദ്ദിന്‍ ഖാദിം, മുഅല്ലിം എന്നിവര്‍ക്കു പെന്‍ഷന്‍, മദ്രസാ നവീകരണ സഹായം എന്നിവ ലഭിക്കുന്നതിനു റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. വഖഫ് ബോര്‍ഡിന്റെ തീരുമാനങ്ങളും സൊസൈറ്റിസ് റജിസ്‌ട്രേഷന്‍, ഭാരവാഹി സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ തലങ്ങളിലും കോടതികളിലും പരിഗണിക്കപ്പെടുന്നതാണ്. 1860ലെ 21-ാം വകുപ്പ് പ്രകാരം സൊസൈറ്റി രജിസ്ട്രാഫീസുകളില്‍ റജിസ്റ്റര്‍ ചെയ്തവര്‍ ഓരോ വര്‍ഷവും ജനറല്‍ ബോഡി ചേര്‍ന്ന് അടുത്ത വര്‍ഷത്തെ ഭാരവാഹി പട്ടിക കൃത്യമായി അയച്ചുകൊടുക്കേണ്ടതുണ്ട്. നിയമാവലിയില്‍ മൂന്ന് വര്‍ഷം എന്ന് കാണിച്ചതിന് ശേഷം മൂന്ന് വര്‍ഷം കാത്തിരിക്കുന്നവരും ഭാരവാഹി ലിസ്റ്റ് വര്‍ഷം തോറും സമര്‍പ്പിക്കണമെന്ന് അറിയാത്തവരും ആ റജിസ്‌ട്രേഷന്‍ നിലനിര്‍ത്തുന്നതിന് അവസാനം ഭാരിച്ച നടപടികള്‍ നിര്‍വഹിക്കേണ്ടിവരും.
ഭാരവാഹി ലിസ്റ്റ് നല്‍കാത്ത കമ്മിറ്റിക്ക് നിയമസാധുത ഉണ്ടായിരിക്കുന്നതല്ല. വഖ്ഫ്‌ബോര്‍ഡില്‍ റജിസ്‌ട്രേഷന്‍, റിട്ടണ്‍ നല്‍കിയില്ലെങ്കില്‍ ബോര്‍ഡ് ഓഫീസ് കത്തയക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നത് പോലെ സൊസൈറ്റി റജിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്ന് ഓര്‍മിപ്പിക്കുകയില്ലെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ഈ രണ്ട് റജിസ്‌ട്രേഷനുകളും മതധര്‍മ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനും നിയമസാധുതക്കും അംഗീകാരത്തിനും ആവശ്യമാണ്. ഇത്തരം കാര്യങ്ങളില്‍ സഹായിക്കുന്നതിന് കാരന്തൂരില്‍ മര്‍കസ് മസ്ജിദ് അലയന്‍സ് ഓഫീസുമായും കോഴിക്കോട് എസ് എം എ ഓഫീസുമായും ബന്ധപ്പെടാവുന്നതാണ്. വഖ്ഫ് ബോര്‍ഡ് വിപുലവും അതിപ്രധാനവുമായ അനേകം കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്ന സ്ഥാപനമാണ്. വഖ്ഫ് വസ്തുക്കള്‍ വീണ്ടെടുക്കുന്നതിനും വാടക കെട്ടിടങ്ങളിലെ വാടക തരാത്ത കൈവശക്കാരെ ഒഴിപ്പിക്കുന്നതിലും ലാന്‍ഡ് അക്വിസിഷന്‍ നടപടികളിലും ബോര്‍ഡിനെ കക്ഷിയാക്കിയാല്‍ ഫലപ്രദമാകും. വഖ്ഫ് ബോര്‍ഡും സൊസറ്റീസ് റജിസ്‌ട്രേഷനും സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്ന ഉത്തേജക ശക്തിയായി പ്രവര്‍ത്തിക്കുന്നവയാണെന്ന് സംഘടനാ ഭാരവാഹിള്‍ മനസ്സിലാക്കണം.
Peeteecee786@gmail.com