Connect with us

Articles

ഇസ്‌റാഉം മിഅ്‌റാജും

Published

|

Last Updated

ലോക ചരിത്രത്തില്‍ റജബ് 27നെ പോലെ സംഭവ ബഹുലമായ മറ്റൊരു ദിവസം ഉണ്ടായിട്ടില്ല. ഇനി അങ്ങനെ ഒരു ദിനം ഉണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിക്കേണ്ടതുമില്ല. കാരണം റജബ് 27ന് മാഹാത്മ്യം ലഭിക്കാന്‍ നിദാനമായ ചരിത്ര പുരുഷന്‍ ഭൗതിക ലോകത്ത് നിന്ന് വിട പറഞ്ഞു എന്നതു മാത്രമല്ല അതുപോലുള്ള ഒരു വ്യക്തി ലോകത്ത് ഇനി ജാതനാകില്ല എന്നതുകൂടിയാണ്.

ഇസ്‌റാഅ് (ശാരീരിക നിശായാത്ര) സംശയങ്ങള്‍ക്കിട നല്‍കാത്ത വിധം ലോകത്ത് സംഭവിച്ചതാണ്. ഇത് ഖുര്‍ആന്‍ കൊണ്ട് വ്യക്തമാക്കപെട്ടതുമാണ്. അല്ലാതെ ഒരു ഉറക്കച്ചടവിനിടെ കണ്ട സ്വപ്‌നമോ ആലസ്യത്തില്‍ കണ്ട കിനാവോ അല്ല. മറിച്ച് പച്ച യാഥാര്‍ഥ്യം. വിശുദ്ധ ഖുര്‍ആന്‍ സൂറത്തു ഇസ്‌റാഇലൂടെ പറഞ്ഞു”മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സയിലേക്ക് തന്റെ ദാസനെ രാത്രിയില്‍ (അല്‍പസമയത്തിനുള്ളില്‍) നടത്തിയ ഒരുവന്റെ വിശുദ്ധി(പ്രകടിപ്പിക്കുന്നു)”. ഇതൊരു സ്വപ്‌നമാണങ്കില്‍ എങ്ങനെ ഒരു അമാനുഷിക സംഭവമായി മാറും…! സ്വപ്‌നത്തില്‍ ഈരേഴ് പതിനാല്‍ ലോകവും ചുറ്റിതിരിഞ്ഞ് തിരിച്ചെത്താന്‍ പട്ടുമെത്ത വിരിച്ച് കിടക്കുന്ന പണക്കാരനും പായ പോലും വിരിക്കാനില്ലാത്ത പാമരനും നിമിഷങ്ങള്‍ മതി. പിന്നെ എങ്ങനെ സര്‍വ ലോകര്‍ക്കുമിറങ്ങിയ വിശുദ്ധ ഗ്രന്ഥത്തില്‍ ഇതിന് പ്രസ്താവ യോഗ്യത ലഭിക്കും. ആയത്തില്‍ അല്ലാഹു ഒരു സാധാരണ പദപ്രയോഗത്തിലൂടെ അല്ല ഇതിനെ അവതരിപ്പിച്ചത്. “സുബ്ഹാന” എന്ന പ്രയോഗം സാധാരണ സംഭവങ്ങളുടെ അല്ലങ്കാരമല്ല. “തഅജുബ് (ആശ്ചര്യ പ്രകടനം)ന്റെ ഒരു അനിശ്ചിത പദമാണിത്. ഒരു സ്വപ്‌നയാത്രയില്‍ ഒരാള്‍ ഈ ഭൂമി ചുറ്റി എന്നതൊരു ആശ്ചര്യമാണോ? അത് പറയാന്‍ “സുബ്ഹാന” എന്ന ആശ്ചര്യ ചിഹ്നം ഉപയോഗിക്കേണ്ടതുണ്ടോ? സാമാന്യ ബുദ്ധി ഉള്ളവര്‍ക്ക് ഇതില്‍ ചിന്തിക്കേണ്ടതില്ല.

സര്‍വലോക രക്ഷിതാവിനെ കാണാന്‍ പോകുമ്പോള്‍ സര്‍വമാന തയാെറടുപ്പുകളും അശ്‌റഫുല്‍ ഖല്‍ഖ് ചെയ്തിരുന്നു. മലക്കുകള്‍ ഇറങ്ങിവന്ന് തിരുനബി(സ)യെ മസ്ജിദുല്‍ ഹറാമിലേക്ക് കൊണ്ടുപോയി സംസം കിണറിനരികില്‍ മലര്‍ത്തി കിടത്തി. ജിബ്‌രീല്‍(അ)ന്റെ കാര്‍മികത്വത്തില്‍ ഹൃദയ ശസ്ത്രക്രിയ നടന്നു. കീറി മുറിക്കാനും കൂട്ടിക്കെട്ടാനും സമകാലികതയിലെ ഉപകരണങ്ങളുടെയോ ആധുനികതയുടെ അകമ്പടിയുടെയോ സഹായമാവശ്യമില്ലായിരുന്നു ഈ ശസ്ത്രക്രിയക്ക്. തികച്ചും അസാധാരണമായിരുന്നു ആ ഓപ്പറേഷന്‍. ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ജിബ്‌രീല്‍(അ) അശ്‌റഫുല്‍ ഖല്‍ഖിനെ മസ്ജിദുല്‍ ഹറാമിന്റെ പുറത്തേക്കാനയിച്ചു. അവിടെ യാത്രാ വാഹനം തയ്യാറാക്കപ്പെട്ടിരുന്നു. കഴുതയേക്കാള്‍ വലുതും കോവര്‍ കഴുതയേക്കാള്‍ ചെറുതുമായ ഒരു മൃഗം. ബുറാഖ് എന്നാണ് ആ വാഹനം വിശേഷിപ്പിക്കപ്പെടുന്നത്. വേഗത വിവരണാതീതമാണ്. പോകും വഴി യാത്രാ സംഘം മസ്ജിദുല്‍ അഖ്‌സയില്‍ ഇറങ്ങി. സിയാറത്തും പ്രവാചക സംഗമവും കഴിഞ്ഞതിന് ശേഷം യാത്ര തുടര്‍ന്നു.

തുടര്‍ന്നങ്ങോട്ടുള്ള യാത്ര മിഅ്‌റാജാണ്. ഇസ്‌റാഅ് മാത്രമേ ശാരീരികമുള്ളൂ എന്ന് പറയാനൊക്കില്ല. മിഅ്‌റാജും പ്രവാചകന്മാരുടെ സംഗമവും കേവലം ആത്മാക്കളുടെ സംഗമമായിരുന്നില്ല മറിച്ച് ശാരീരികം തന്നെയായിരുന്നു. കാരണങ്ങള്‍ പലതുമുണ്ട്. കേവല ബുദ്ധികൊണ്ട് തന്നെ നമുക്കിത് വ്യക്തമാവും. പോകുന്ന വഴിക്ക് അശ്‌റഫുല്‍ ഹല്‍ഖ് ഇബ്‌റാഹീം നബി(അ) ബൈത്തുല്‍ മഅ്മൂറിലേക്ക് ചാരി ഇരിക്കുന്നതും മൂസ നബി(അ) നിസ്‌ക്കരിക്കുന്നതും അങ്ങനെ പല പ്രവാചകന്മാരുടെ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ കണ്ടിരുന്നു എന്നത് പ്രാമാണികമാണ്. ശരീരമില്ലാതെ ആത്മാക്കള്‍ ചാരി ഇരിക്കുന്നതും സുജൂദും റുക്കൂഉം ചെയ്യുന്നതുമെങ്ങിനെ!?

ലോക നിഗൂഢതകള്‍ അശ്‌റഫുല്‍ ഖല്‍ഖിന് മുമ്പില്‍ തിരശ്ശീല നീക്കി പുറത്ത് വരുന്നതായിരുന്നു ഈ യാത്ര. അവിടുത്തെ മുമ്പില്‍ എല്ലാ രഹസ്യങ്ങളും പരസ്യമാക്കപ്പെട്ടു. യുഗങ്ങള്‍ക്ക് മുമ്പുള്ള ചരിത്രങ്ങളും സംഭവവികാസങ്ങളും സംഭവ ദിവസം സംഭവസ്ഥലത്തെന്നപോലെ അവിടുത്തെ മുമ്പില്‍ പ്രത്യക്ഷപെട്ടു. ഓരോ പ്രവാചകന്മാരെ കാണുമ്പോഴും അവരുടെ ജീവിതവും ചരിത്രവും തിരുനബിക്ക് മുമ്പില്‍ അനാവൃതമായി.

ഭൂമിയിലെ അനേകം ദൃഷ്ടാന്തങ്ങള്‍ ഇസ്‌റാഇലൂടെ കണ്ടു. ആകാശ പഠനം മിഅ്‌റാജിലൂടെയും കഴിഞ്ഞു. ഇനി മണ്ണിലോ വിണ്ണിലോ നിരീക്ഷണ പരീക്ഷണങ്ങള്‍ നടത്തി സയന്‍സിന്റെയോ ടെക്‌നോളജിയുടേയോ വലിപ്പം പറഞ്ഞ് ആര്‍ക്കും അശ്‌റഫുല്‍ ഖല്‍ഖിന്റെ മുമ്പില്‍ വീരവാദം മുഴക്കാന്‍ സാധ്യമല്ല. അവിടുന്ന് അതിനെയെല്ലാം അതിജയിച്ചവരാണ്.
ഉമര്‍ ഖാളി പറയുന്നു “”അദൃശ്യ ലോകാത്ഭുതങ്ങള്‍ക്ക് അവിടുന്ന് ദൃക്‌സാക്ഷിയായി. നാസൂത്ത്, ജബറൂത്ത് രഹസ്യങ്ങളുടെ കലവറ അവിടുത്തെ മുമ്പില്‍ തുറക്കപ്പെട്ടു. സ്വര്‍ഗ, നരകങ്ങള്‍ പ്രത്യക്ഷമാക്കപ്പെട്ടു. അനുഗ്രഹങ്ങളും ശിക്ഷകളും ഏത് രൂപത്തിലാണെന്ന് കാണാറായി. ഒരു സംഘം കൃഷി ചെയ്യുകയും വിളയെടുക്കുകയും ചെയ്യുന്നു. വിളയെടുക്കുമ്പോഴേക്ക് വീണ്ടും നിലം കൃഷിചെയ്യേണ്ട പരുവത്തില്‍. ജിബ്‌രീല്‍(അ) വിശദീകരിച്ചു. ഇവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരാണ്””.

ഇവിടെ ചിലത് മനസ്സിലാക്കണം. വിമര്‍ശങ്ങള്‍ നേരിടുമ്പോഴേക്ക് അന്യന്റെ കൈയോ കാലോ വെട്ടലല്ല അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുക എന്നതിന്റെ വിവക്ഷ. മറിച്ച് സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും മനസ്സിലാക്കി മതത്തിനുപകരിക്കുന്ന രൂപത്തില്‍ തന്റെ ആയുസ്സും ആരോഗ്യവും ഉപയോഗപ്പെടുത്തലാണ്. വാളും പരിചയും ആയുധങ്ങളും എടുത്താലേ യുദ്ധങ്ങളും സമരങ്ങളും വിപ്ലവങ്ങളും സംഭവിക്കുകയുള്ളൂ എന്നത് ഇസ്‌ലാമിന്റെ മേല്‍ ആരോപിക്കുന്നത് ഇസ്‌ലാമറിയാത്ത ചില ഇസ്‌ലാമിസ്റ്റുകളുടെ ചീഞ്ഞളിഞ്ഞ ചിന്തയിലുദിച്ച അസംബന്ധ ആശയമാണ്.
മറ്റൊരു സംഘത്തെ നിറുത്തി തല പാറകൊണ്ട് ചതക്കുന്നു. നൊടിയിടയില്‍ തല പഴയത് പോലെ. വീണ്ടും ചതയ്ക്കല്‍. ജിബ്‌രീല്‍ പറഞ്ഞു: ഇവര്‍ നിസ്‌കാരത്തിന് മടിച്ചവരാണ്. നിസ്‌ക്കരിക്കുന്നതില്‍ തലക്ക് ഭാരം തോന്നിയവര്‍ക്കുള്ള ശിക്ഷ തല ചതയ്ക്കല്‍ തന്നെ. മറ്റൊരു സംഘം നാറുന്ന മാംസം വേവിക്കാതെ തിന്നുന്നു. അവരില്‍ പാചകം കഴിഞ്ഞ നല്ല മാംസം ഉണ്ട്. അവര്‍ അതില്‍ തൊടുന്നില്ല. വിശദീകരണം വന്നു. ഇവര്‍ വ്യഭിചാരികളാണ്. വിവസ്ത്രരായി ഔറത്ത് കാണിച്ച് നടക്കുന്ന ഒരു സംഘം. അവര്‍ സകാത്ത് നല്‍കാത്തവര്‍ ആണ്. മറ്റൊരു വിഭാഗത്തിന്റെ നാവും അധരങ്ങളും കത്തിക്കപ്പെടുന്നു. ഉടന്‍ പൂര്‍വ സ്ഥിതിയിലാവുന്നു. വീണ്ടും കത്തിക്കല്‍. സമൂഹത്തില്‍ ഛിദ്രത പരത്തി കലാപ പ്രസംഗം നടത്തുന്നവരാണെന്ന് വിശദീകരിക്കപ്പെട്ടു. വയറു വീര്‍ത്ത ഒരു സംഘമുണ്ട്. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴേക്ക് മറിഞ്ഞു വീഴുന്നു. ജിബ്‌രീല്‍ പറഞ്ഞു, ഇവര്‍ പലിശ തിന്നുന്നവരാണ് നബിയേ.

പലിശയും ബേങ്കും അന്യന്റെ സ്വത്തും ആയി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. പത്ത് മാസം ഗര്‍ഭം ചുമന്ന് നടക്കാന്‍ ഒരു സ്ത്രീ എത്രമാത്രം പ്രയാസപ്പെടാറുണ്ട്? അതിലും എത്രയോ ഭീകരമായിരിക്കുമിത്. ദശകങ്ങളോ ശതകങ്ങളോ സഹസ്രാബ്ദങ്ങളോ അല്ല. അറ്റമില്ലാത്ത കാലം ഈ ശിക്ഷയും പേറി നടക്കേണ്ടിവരും പലിശ തീനികള്‍. പലിശയുടെയും വേണ്ടാതീനങ്ങളുടെയും നടുത്തളത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സ്വന്തം ശരീരത്തെ ശിക്ഷയില്‍ നിന്ന് കാക്കല്‍ അവനവന്റെ ഉത്തരവാദിത്വമാണ് എന്ന ബോധമുണ്ടാകുന്നത് നല്ലതാണ്.

മിഅ്‌റാജ് നോമ്പ് പ്രത്യേകം സുന്നത്തുള്ളതാണ്. ഇമാം ഗസ്സാലി(റ) ഇഹ്‌യയില്‍ പത്തൊമ്പത് വാര്‍ഷിക പുണ്യ ദിനങ്ങളെണ്ണിയെതില്‍ റജബ് ഇരുപത്തിയേഴിനേയും എണ്ണിയതായി കാണാം. അന്ന് നോമ്പ് സുന്നത്തുണ്ടെന്ന് സമര്‍ഥിച്ചു കൊണ്ട് നബിയില്‍ നിന്ന് അബൂ ഹുറൈറ(റ)റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് അതില്‍ ഉദ്ധരിച്ചിട്ടുണ്ട്. നബി(സ)പറഞ്ഞു റജബ് ഇരുപത്തിയേഴിന് ആരെങ്കിലും നോമ്പനുഷ്ഠിച്ചാല്‍ 60 മാസം നോമ്പനുഷ്ഠിച്ച പ്രതിഫലം എഴുതപ്പെടും(ഇഹ്‌യ). മിഅ്‌റാജ് കൊണ്ട് വിജയിക്കുന്നവരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ..