Kerala
മിഠായിത്തെരുവിലെ തീപ്പിടിത്തം: സ്വകാര്യ അന്വേഷണ ഏജന്‍സിയുടെ സഹായം തേടുന്നു
കോഴിക്കോട്: കോഴിക്കോടിന്റെ പൈതൃക വ്യാപാര നഗരമായ മിഠായി തെരുവിലുണ്ടായ തിപിടിത്തത്തിന് പിന്നിലെ ദൂരൂഹത അന്വേഷിക്കാന്‍ വ്യാപാരികള്‍ സ്വകാര്യ അന്വേഷണ ഏജന്‍സിയുടെ സഹായം തേടുന്നു. അടുത്ത ദിവസങ്ങളിലായി ഇതു സംബന്ധിച്ച തീരുമാനമെടുക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് സ്വകാര്യ ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കുന്നത്. ഏതു വിധേനയും സംഭവത്തിന് പിന്നിലെ ദൂരൂഹത കണ്ടെത്തണമെന്നത് കൊണ്ടാണ് സ്വകാര്യ അന്വേഷണ ഏജന്‍സിയെ സമീപിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ സിറാജിനോട് പറഞ്ഞു. സംഭവം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുമായി ആലോചന നടത്തിയതിന് ശേഷം അന്വേഷണ ഏജന്‍സിയെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നില്‍ ദൂരൂഹതയുണ്ടെന്ന ആരോപണവുമായി വ്യപാരികള്‍ തുടക്കത്തില്‍ തന്നെ രംഗത്തെത്തിയിരുന്നു. വ്യാപാരികള്‍ക്കൊപ്പം അധികൃതരും ചില സംശയങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. തീപിടിത്തത്തിന്റെ പതിവു കാരണമായ ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയായിരുന്നു തുടക്കത്തില്‍ ഇവിടെയും കാരണമായി പറഞ്ഞത്. എന്നാല്‍ നിമിഷനേരം കൊണ്ട് അഭിപ്രായം മാറി. തീപിടുത്തം സ്വാഭാവികമായി ഉണ്ടായതല്ലെന്നും കത്തിച്ചതാവാനാണ് സാധ്യതയെന്നും വ്യാപാരികള്‍ തന്നെ തുറന്നു പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന വാദം വൈദ്യുതി വകുപ്പ് അധികൃതരും തള്ളിയിരുന്നു. അട്ടിമറി സാധ്യതകള്‍ പോലീസിലെ ഉന്നതരും പങ്കുവെച്ചിരുന്നു. തീപിടിത്തത്തിനു പിന്നിലെ അട്ടിമറി സാധ്യതകള്‍ അന്വേഷിക്കുന്നുണ്ടെന്ന് എ ജി ഡി പി എന്‍ ശങ്കര്‍റെഡ്ഡിയും അറിയിച്ചിരുന്നു. സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്ന് ദൂരൂഹതയുടെ ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് സ്വന്തം നിലയില്‍ സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ വ്യാപാരികള്‍ അന്വേഷണത്തിന് തയ്യാറാകുന്നത്.