Kerala
മുഖ്യമന്ത്രി പദത്തില്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്ന് ഉറപ്പില്ല: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാനാകുമെന്ന് ഉറപ്പില്ലെന്ന് ഉമ്മന്‍ ചാണ്ടി. അതേസമയം യു ഡി എഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കേരളം എങ്ങോട്ട് എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നത് ഗൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
സര്‍ക്കാറിന്റെ നാല് വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ പൂര്‍ണതൃപ്തിയുണ്ട്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ ഭരണത്തിനുള്ള വിലയിരുത്തലാകും. ആരോപണങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചോ എന്നത് ജനമാണ് തീരുമാനിക്കേണ്ടത്. അഴിമതിക്കെതിരായ ആന്റണിയുടെ പ്രസ്താവനയില്‍ തെറ്റില്ലെന്നും അഴിമതിക്കെതിരെ വിരല്‍ ചൂണ്ടാന്‍ ഏറ്റവും അര്‍ഹതയുള്ള നേതാവാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.