Kerala
നായ കടിച്ചാല്‍ കുടുങ്ങി; സംസ്ഥാനത്ത് പ്രതിരോധ മരുന്നില്ല
കോഴിക്കോട്: അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവുനായകളില്‍ നിന്ന് കടിയേറ്റാല്‍ ഇനി കുടുങ്ങിയത് തന്നെ, നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന പ്രതിരോധ വാക്‌സിനായ റാബിസ്’വാക്‌സിന് സംസ്ഥാനത്ത് കടുത്ത ക്ഷാമം നേരിടുന്നതാണ് ആശങ്കപ്പെടുത്തുന്നത്. നേരത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വരെ വാക്‌സിന്‍ എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നെങ്കിലും തീരുമാനമൊന്നും പിന്നീട് നടപ്പായില്ല. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ ആവശ്യത്തിന് വാക്‌സിന്‍ സ്റ്റോക്ക് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇതും നടന്നില്ല. നിലവില്‍ മെഡിക്കല്‍ കോളജില്‍ മാത്രമാണ് പേരിനെങ്കിലും വാക്‌സിന്‍ ഇപ്പോള്‍ സ്റ്റോക്കുള്ളത്.
സംസ്ഥാനത്ത് അടുത്തിടെയായി തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പോലും ആരോഗ്യ വകുപ്പ് വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. തെരുവുനായയുടെ കടിയേറ്റ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്തിടെ നിരവധി പേരാണ് ചികിത്സ തേടിയത്. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇതിനെതിരെ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പോലും തെരുവുനായയുടെ അക്രമവുമായി ബന്ധപ്പെട്ട് പരാതിയുമായി എത്തിയിരുന്നു. നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് പുറമേ പൂച്ച, എലി എന്നിവയുടെ കടിയേല്‍ക്കുന്നവര്‍ക്കും ഇവയുടെ നഖം തട്ടിയുള്ള ക്ഷതങ്ങള്‍ക്കും ഇതേ വാക്‌സിന്‍ തന്നെയാണ് നല്‍കുന്നത്. ഏഴ് വരെ ഡോസാണ് കടിയേല്‍ക്കുന്നവര്‍ക്ക് സാധാരണയായി നല്‍കുന്നത്. ഇത് സര്‍ക്കാര്‍ ആശുപത്രികളില്‍ പൂര്‍ണമായും സൗജന്യമായാണ് നല്‍കുന്നത്. എന്നാല്‍ ഇവ സ്റ്റോക്കില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാരടക്കമുള്ളവര്‍. മൂവ്വായിരം രൂപ വരെയാണ് സ്വാകാര്യ ആശുപത്രികള്‍ ഇതിനായി ഈടാക്കുന്നത്. സാധാരണക്കാര്‍ക്ക് ഇത് താങ്ങാനും കഴിയില്ല.
വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറന്നതോടെ തെരുവുനായകള്‍ വിദ്യാര്‍ഥികള്‍ക്കും ഏറെ ഭീഷണിയാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ പോലും വാക്‌സിന്റെ ലഭ്യത ഉറപ്പു വരുത്താന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ വാക്‌സിന്‍ എത്തിക്കണമെന്നാണ് ആവശ്യം. തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ കഴിയാത്ത അധികൃതര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജാഗ്രത കാണിക്കാനാവുന്നില്ലെന്നാണ് ആരോപണമുയരുന്നത്.