Connect with us

Ongoing News

സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്നത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍

Published

|

Last Updated

പാലക്കാട്: സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളില്‍ അധികവും ഗുണ നിലവാരമില്ലാത്തത്. സ്വകാര്യ കമ്പനികള്‍വിതരണം ചെയ്യുന്ന മരുന്നുകളാണ് യാതൊരു വിധ പരിശോധനയുമില്ലാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണത്തിനെത്തുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. ജീവന് തന്നെ ഭീഷണിയാകുന്ന മരുന്നുകള്‍ പോലും ഇത് മൂലം രോഗികള്‍ കഴിക്കേണ്ടി വരുന്നു.
സര്‍ക്കാര്‍ ഗുണനിലവാരമില്ലാത്തതിനെത്തുടര്‍ന്ന് നിരോധിക്കുമ്പോഴേക്കും അത്തരം മരുന്നുകള്‍ ആശുപത്രികളിലൂടെ രോഗികള്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ടാകും. തുടര്‍ന്നാണ് നിരോധന ഉത്തരവുണ്ടാകുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തക്കുന്ന സ്‌കോട് എഡില്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പാരസിറ്റാമോളും പനിസിറപ്പും ഗുണനിലവാരമില്ലാത്തതിന്റെ പേരിലാണ് കമ്പനിയെ കരിമ്പട്ടികയിലുള്‍പ്പെടുത്തിയത്. ഈ കമ്പനി ഉത്പാദിപ്പിച്ച മരുന്നുകളെല്ലാം സര്‍ക്കാര്‍ ആശുപത്രികളിലൂടെ വിതരണം ചെയ്തിരുന്നു.
മനുഷ്യ ജീവന് തന്നെ ഭീഷണി സൃഷ്ടിക്കുന്ന മരുന്നകളെല്ലാം രോഗികള്‍ക്ക് നല്‍കിയ ശേഷം മരുന്ന് നിരോധിക്കുന്നത് കമ്പനിയെ സഹായിക്കാനെന്നാണ് ആരോപണം. എത്തുന്ന മരുന്നുകളില്‍ രണ്ട് ശതമാനം മാത്രമേ നിലവാര പരിശോധനക്ക് വിധേയമാക്കുന്നുള്ളൂ.
നിലവാരം പരിശോധിക്കാന്‍ കൂടുതല്‍ ലാബുകള്‍ വേണമെന്ന ആവശ്യം ഇതുവരെ നടപ്പിലായില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ മരുന്ന് വിതരണം ഭരണനേട്ടമായി ആരോഗ്യമന്ത്രി ഉയര്‍ത്തിക്കാട്ടുമ്പോഴാണ് മരുന്നുകളുടെ ഗുണം പരിശോധിക്കാന്‍ സംസ്ഥാനത്ത് സംവിധാനമില്ലാത്തത്. വര്‍ഷം തോറും മൂന്ന് ലക്ഷം ബാച്ച് മരുന്നാണ് സംസ്ഥാനത്തെത്തുന്നത്. പബ്ലിക് ലാബില്‍ പരിശോധിക്കാനാവുന്നത് രണ്ട് ശതമാനം മരുന്ന് മാത്രമാണ്.പരിശോധിച്ചതില്‍ ഭൂരിഭാഗത്തിനും നിലവാരമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രികളില്‍ വിതരണം ചെയ്യാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ശേഖരിക്കുന്ന വിലകുറഞ്ഞ മരുന്നുകള്‍ നിലവാരമില്ലാത്തതാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റും ഡോക്ടര്‍മാരും പറയുന്നു. ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും മരുന്ന് പരിശോധിക്കാന്‍ യാതൊരു സംവിധാനവുമില്ലാത്തത് കുത്തക മരുന്ന് കമ്പനികളെ സഹായിക്കാനാണെന്നാണ് ആരോപണം.
കര്‍ണാടകയിലും തമിഴ്‌നാട്ടിലും മരുന്നുകള്‍ പരിശോധിക്കാന്‍ മൂന്നും നാലും എന്‍ എ ബി എല്‍ ലാബുകള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ രണ്ടെണ്ണം മാത്രമേയുള്ളൂ. അത് തിരുവനന്തപുരത്തും ആലപ്പുഴയിലും മാത്രമാണ്. മരുന്ന് കമ്പനികള്‍ ബാംഗ്ലൂരിലുള്ള സ്വകാര്യ ലാബുകള്‍ പരിശോധിച്ച ശേഷമാണ് സംസ്ഥാനത്ത് വിതരണത്തിനെത്തുന്നത്.
ഇത്തരത്തില്‍ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയാണ് ലാബുകളില്‍ പരിശോധന. പരിശോധന റിപ്പോര്‍ട്ട് ലഭിക്കുമ്പോഴേക്കും മരുന്നുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്തിട്ടുണ്ടാകും. കുടുതല്‍ ലാബുകള്‍ സ്ഥാപിച്ചാല്‍മാത്രമേ മരുന്നുകളുടെ ഗുണനിലവാരം അറിയാനും ഇത്തരത്തില്‍ മരുന്നുകളുടെ വില്‍പ്പന തടയാനും സാധ്യമാകുകയുള്ളൂ. മനുഷ്യ ജീവന് ഭീഷണി ഉയര്‍ത്തുന്ന മരുന്നുകളുടെ വില്‍പ്പന തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

---- facebook comment plugin here -----

Latest