Ongoing News
ഈ തെരുവിനിപ്പോള്‍ ഇരട്ട സുഗന്ധം...
കോഴിക്കോട്: അത്തര്‍ മണക്കുന്ന കോഴിക്കോട്ടെ ഈ തെരുവിനിപ്പോള്‍ ഇരട്ടസുഗന്ധം. അത്തറിന്റെ പരിമളവും റമസാനിന്റെ സുഗന്ധവും. കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി റോഡിലേക്ക് പ്രവേശിക്കുന്നത് തന്നെ അത്തറിന്റെ സുഗന്ധമേറ്റാണ്. മര്‍കസ് കോംപ്ലക്‌സിലെ അത്തര്‍ കടകളില്‍ റമസാനിലെ തിരക്ക് കൂടി. അതോടെ ആവശ്യക്കാരെ കാത്ത് കടകളില്‍ അത്തറിന്റെ എണ്ണവും വൈവിധ്യവും കൂടി. ഇന്ത്യയില്‍ തന്നെ മുംബൈ കഴിഞ്ഞാന്‍ പ്രധാനപ്പെട്ട അത്തര്‍ വിപണിയാണ് കോഴിക്കോട്ടേത്. മര്‍കസ് കോംപ്ലക്‌സിലും പരിസരത്തുമായി അമ്പതോളം അത്തര്‍ കടകളാണ് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യന്‍,ശ്രീലങ്കന്‍, ബ്രൗണ്‍്, കമ്പോടിയന്‍്, ഇന്തോനേഷ്യന്‍, മ്യാന്‍മര്‍ ഊദുകളാണ് വിണിയിലുള്ളത്. കൂടാതെ വ്യത്യസ്ഥവും വൈവിധ്യവുമായ നൂറോളം അത്തറുകളും വിപണിയിലുണ്ട്. വിദേശ കമ്പനികളായ ഹറമൈന്‍, സ്വിസ് അറേബ്യ എന്നിവക്കാണ് ആവശ്യക്കാര്‍ ഏറെ. ഇവിടെ എപ്പോഴും സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി നിരവധി പേരാണ് ഊദും അത്തറും വാങ്ങാന്‍ എത്തുന്നത്. മസ്‌കറ്റ്, ഒമാന്‍, യു എ ഇ, സഊദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെയെത്തുന്നവരില്‍ അധികപേരുമെന്ന് ഊദ് മാള്‍ ഉടമ അമീര്‍ പറഞ്ഞു. നേരത്തെ മുംബൈയില്‍ എത്തിയിരുന്ന ഇവരെ ഇങ്ങോട്ട് ആകര്‍ഷിച്ചതിന് പിന്നില്‍ ഇന്ത്യയിലെ തന്നെ പ്രധാന വിജ്ഞാനകേന്ദ്രമായ മര്‍കസിനും മര്‍കസ് കോംപ്ലക്‌സ് മസ്ജിനുമുള്ള സ്ഥാനം വലുതാണ്.റമസാന്‍ മാസമായതോടെ ബഹൂര്‍, ബര്‍ണര്‍ എന്നിവക്ക് കൂടുതല്‍ ആവശ്യക്കാരെത്തുന്നുണ്ട്. കളങ്കമില്ലാതെ സത്യസന്ധമായ കച്ചവടം നടത്തുന്നതാണ് കോഴിക്കോട്ടെ അത്തര്‍ വ്യാപാരികളുടെ മുഖമുദ്ര.