Gulf
ഭോജന ശാലകളില്‍ പരിശോധന കര്‍ശനമാക്കി
അല്‍ ഐന്‍;അല്‍ ഐനിലെ ചെറുതും വലുതുമായ ഭോജന ശാലകളില്‍ ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി പരിശോധന കര്‍ശനമാക്കി . വ്രതകാലത്ത് ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ സുരക്ഷിതവും സംശുദ്ധവും ആക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിശോധനകള്‍. നഗരത്തിലെ ഒട്ടുമിക്ക കഫ്‌തേരിയ, റസ്റ്റോറന്റുകളിലും പരിശോധന നടന്നു. പല സ്ഥാപന ഉടമകള്‍ക്കും അധികൃതര്‍ രേഖാമൂലം നിര്‍ദേശം നല്‍കി.
അരഡസനിലധികം ഭോജനശാലകള്‍ക്ക് മുന്നറിയിപ്പും നല്‍കി. സാധാരണ ഗതിയില്‍ നോമ്പ് കാലങ്ങളിലാണ് റസ്റ്റോറന്റുകളിലും കഫ്‌തേരിയകളിലും അറ്റകുറ്റപ്പണികള്‍ നടത്താറുള്ളത്. ഭക്ഷ്യ വിഭാഗം തലവന്മാര്‍ സ്ഥാപന ഉടമകള്‍ക്ക് അറ്റകുറ്റപണികളുടെ പട്ടിക സമര്‍പിക്കും. വീഴ്ചവരുത്തിയ സ്ഥാപനങ്ങള്‍ നോമ്പിനു ശേഷം തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കാറില്ല. ഇത്തരത്തിലുള്ള വീഴ്ചകളും ഭക്ഷ്യവസ്തുക്കളിലെ ഗുണനിലവാരക്കുറവും കാരണമാണ് സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കുന്നത്.
അധികൃതരുടെ നിര്‍ദേശം ലംഘിക്കുന്നതോ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ളതോ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപനം അടച്ചുപൂട്ടുന്നതുള്‍പെടെ കര്‍ശന നടപടികളാണ് നഗരസഭക്ക് കീഴിലെ ഭക്ഷ്യവിഭാഗം സ്വീകരിച്ച് പോരുന്നത്. കഴിഞ്ഞ ദിവസം അല്‍ ഐനിലെ സനാഇയ്യയില്‍ ഗ്രോസറികളിലും അനുബന്ധ സ്ഥാപനങ്ങളിലും അധികൃതര്‍ പരിശോധന നടത്തി അനധികൃത സാധനങ്ങള്‍ പിടികൂടിയിരുന്നു. നിരോധിത പുകയില ഇനങ്ങളായ നിസ്‌വാര്‍, പാന്‍പരാഗ്, വെറ്റില മുറുക്ക് എന്നിവയാണ് പിടികൂടിയത്. നഗരസഭക്ക് കീഴിലും ആരോഗ്യ വിഭാഗത്തിനു കീഴിലുമുള്ള ഉദ്യോഗസ്ഥരാണ് പരിശോധനക്ക് മേല്‍നോട്ടം വഹിച്ചത്.
കൂടാതെ റെഡ്ക്രസന്റ് അധികൃതരും രഹസ്യ വിഭാഗവും സനാഇയ്യയില്‍ പരിശോധന നടത്തുന്നതില്‍ അംഗങ്ങളായിരുന്നു. നിരവധി പാക്കിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളായ വ്യാപാരികളെ പിടികൂടി വന്‍തുക പിഴ ചുമത്തി. സാധനങ്ങള്‍ കണ്ടുകെട്ടി. ഇതിനു മുമ്പും അല്‍ ഐനില്‍ പാക്കിസ്ഥാന്‍ സ്വദേശികള്‍ ഉപയോഗിക്കുന്ന നിരോധിത പുകയിലയായ നിസ്‌വാര്‍ നിര്‍മാണശാല തന്നെ അധികൃതര്‍ പരിശോധനയിലൂടെ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തിരുന്നു.
പൊതുവഴികളിലും ആളുകള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളില്‍ തെരുവുവാണിഭവും അല്‍ ഐന്‍ സനാഇയ്യയില്‍ അരങ്ങ് തകര്‍ക്കുകയായിരുന്നു. അധികൃതരുടെ ഇടപെടലിലൂടെ ഇതിനു പരിഹാരമായി.