Ongoing News
റമസാന്‍ പാപമോചന നാളുകളിലേക്ക്

കോട്ടക്കല്‍: അനുഗ്രഹ നിമിഷങ്ങള്‍ നിറഞ്ഞ് നിന്ന പുണ്യരാവുകള്‍ പിന്നിട്ട് വിശുദ്ധ റമസാന്‍ പാപമോചനത്തിന്റെ പത്തിലേക്ക്. ആദ്യപത്തില്‍ രണ്ട് വെളളിയാഴ്ച്ചകളാണ് വിശ്വാസിക്ക് ലഭിച്ചത്. അനുഗ്രഹ രാവുകളുടെ ധന്യതക്ക് ശേഷം കടന്നുവരുന്ന പാപമോചന നാളുകളുടെ സവിശേഷതകള്‍ ഓര്‍മപ്പെടുത്തുന്നതായിരുന്നു ഇന്നലെ ജുമുഅ ഖുതുബയിലൂടെ ഇമാമുമാര്‍ നല്‍കിയത്. തെറ്റില്‍ തെന്നിവീണ മനുഷ്യര്‍ക്ക് അവയില്‍ നിന്നും കരകയറി രക്ഷയേകാന്‍ കരുണാമയനായ നാഥന്‍ നല്‍കുന്നതാണ് പാപമോചന നാളുകള്‍. വിശാലമായ അല്ലാഹുവിന്റെ അനുഗ്രഹത്തിന് മുമ്പില്‍ ഇരന്ന് യാചിക്കുമ്പോള്‍ കരുണയുടെ വഴികള്‍ വീണ്ടും നാഥന്‍ തുറന്നിടുമെന്നും ഖത്തീബുമാര്‍ ഓര്‍മിപ്പിച്ചു. തെറ്റുകളുമായി ഓടി ഒളിക്കാതെ നാഥന് മുമ്പിലെത്തി യാചിക്കുന്നവരാണ് അനുഗ്രഹ നാളുകളുകളുടെ മാന്യത ഉള്‍കൊണ്ടവരെന്നും അതിനായി ഇനിയുള്ള നാളുകള്‍ ഉപയോഗിക്കുന്നവര്‍ ധന്യരാകുമെന്നും പ്രസംഗങ്ങളിലൂടെ ഓര്‍മിപ്പിച്ചു.
അനുഗ്രഹത്തിന്റെ ധന്യത സാധ്യമാക്കിയ വിശ്വാസി ഇന്ന് മുതല്‍ നാഥന് മുമ്പില്‍ പാപങ്ങളെ കഴുകിക്കളയാന്‍ ഇരന്നിരിക്കും.
നീണ്ട പത്തുനാളുകളില്‍ സര്‍വ്വാവസരങ്ങളും ഇതിനായി മാറ്റിവെക്കാനാണ് മനസ്സ് വെമ്പുക. കൂടുതല്‍ പ്രതിഫലങ്ങള്‍ നിറഞ്ഞതാണ് ഈ പത്തുനാളുകളെന്നതിനാല്‍ അവസരങ്ങളെ ഉപയോഗിക്കുന്നതിലാകും ഓരോ വിശ്വാസിയും ശ്രദ്ധവെക്കുക. ഒറ്റക്കും കൂട്ടമായും പാപമോചന പ്രാര്‍ഥനകളില്‍ മുഴുകും. തിന്‍മയുടെ മേല്‍ നന്‍മ വിജയം നേടിയ ബദ്‌റിന്റെ സ്മരണകളും രണ്ടാമത്തെ പത്തിലാണ്.