Connect with us

National

നെഹ്‌റു കുടുംബത്തെക്കുറിച്ചുള്ള വിക്കിപീഡിയ പേജുകള്‍ തിരുത്തിയതായി ആരോപണം

Published

|

Last Updated

മുംബൈ: പ്രഥമ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പിതാവ് മോത്തിലാല്‍ നെഹ്‌റുവിന്റെയും മുത്തച്ഛന്‍ ഗംഗാധറിന്റെയും പേരിലുള്ള വിക്കിപീഡിയ പേജുകള്‍ തിരുത്തിയതായി ആരോപണം. കേന്ദ്ര സര്‍ക്കാറിന്റെ സോഫ്റ്റ്‌വെയറുകള്‍ തയ്യാറാക്കി നല്‍കുന്ന നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററാണ് തിരുത്തല്‍ നടത്തിയതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. നെഹ്റുവിന്റെ മുത്തച്ഛന്‍ ഗംഗാധര്‍ മുസ്‌ലിമായിരുന്നു എന്നു വരുത്തിതീര്‍ക്കുന്ന രീതിയിലുള്ളതാണ് പ്രധാന തിരുത്തല്‍.

ഗംഗാധര്‍ ജനിച്ചത് മുസ്‌ലിം ആയിട്ടാണെന്നും പേര് ഗിയാസുദ്ദീന്‍ ഗാസി എന്നായിരുന്നെന്നും പിന്നീട് ബ്രിട്ടീഷ് ദുര്‍ഭരണത്തില്‍ നിന്ന് രക്ഷപ്പെടാനായി ഗംഗാധര്‍ എന്ന ഹിന്ദു പേര്  സ്വീകരിക്കുകയായിരുന്നവെന്നുമാണ് പേജില്‍ തിരുത്തല്‍ വന്നിരിക്കുന്നത്. മൌണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യയായ എഡ്വിന മൌണ്ട് ബാറ്റണുമായി നെഹ്‌റുവിനുണ്ടായ സൌഹൃദത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും പേജില്‍ പുതിയതായി ചേര്‍ത്തിരുന്നു.

നെഹ്‌റു കുടുംബത്തിലെ എല്ലാ പേജുകളിലേയും മുഴുവന്‍ തിരുത്തലുകളും നടത്തിയത് ഒരേ ഐ പി അഡ്രസില്‍ നിന്നാണ്. നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററുമായി ബന്ധപ്പെടുന്നതാണ് ഇൗ ഐ പി അഡ്രസ്സെന്ന് സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റിയിലെ പോലീസ് ഡയറക്ടര്‍ പ്രകാശ് പറഞ്ഞു. എന്‍ ഐ സി നല്‍കുന്ന ഐ പി അഡ്രസ്സ് ആണിതെന്നും അതിനെക്കുറിച്ച് കൂടുതലൊന്നും പറയാനാവില്ലെന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു.

“ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മോത്തിലാല്‍ നെഹ്‌റുവിന്റയും വിക്കിപീഡിയ പേജ് തിരുത്താനുള്ള ശ്രമം നടന്നിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു ഒരു മുസ്‌ലിം ആണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. അദ്ദേഹം ഒരു ഹിന്ദുവോ മുസ്!ലീമോ എന്നതല്ല വിഷയം. നെഹ്‌റു ഒരു ഇന്ത്യക്കാരനാണ്. വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീവ് സുര്‍ജ്‌വാല പറയുന്നു.

പുതിയ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് പേജില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

Latest