Connect with us

Kerala

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത്: എമിഗ്രേഷനിലെ പോലീസുകാരനും പിതാവും സഹോദരനും പിടിയില്‍

Published

|

Last Updated

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃത സ്വര്‍ണം കടത്തിയ സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ പോലീസ് ക്യാമ്പിലെ പോലീസുകാരനായ മൂവാറ്റുപുഴ സ്വദേശി ജാബിര്‍ കെ ബഷീര്‍ (28), പിതാവ് ബഷീര്‍ (52), സഹോദരന്‍ നിബിന്‍ കെ ബഷീര്‍ (25) എന്നിവരെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. മൂവരെയും സാമ്പത്തിക കുറ്റാന്വേഷണ കോടതി റിമാന്‍ഡ് ചെയ്തു.

തൃശൂര്‍ എയര്‍ ക്യാമ്പില്‍ നിന്ന് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഡെപ്യൂട്ടേഷനില്‍ വന്നതാണ് ജാബിര്‍ കെ ബഷീര്‍. രണ്ട് വര്‍ഷത്തിലധികം എമിഗ്രേഷനില്‍ ജോലി ചെയ്ത ജാബിര്‍ നാല് മാസം മുമ്പാണ് തിരിച്ച് തൃശൂര്‍ ക്യാമ്പില്‍ എത്തിയത്. എമിഗ്രേഷന്‍ ജോലികള്‍ ചെയ്തിരുന്ന സമയത്ത് ഒന്നരവര്‍ഷം കൊണ്ട് 1500 കിലോയോളം സ്വര്‍ണം അനധികൃതമായി കടത്തിയതായി മൊഴി നല്‍കിയിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് കടത്തുന്ന സ്വര്‍ണം യാത്രക്കാരന്‍ അന്താരാഷ്ട്ര ടെര്‍മിനലിലെ മൂത്രപ്പുരയില്‍ ഒളിപ്പിച്ച് പുറത്തേക്ക് പോകും. മൂത്രപുരയില്‍ നിന്ന് സ്വര്‍ണമെടുത്ത് ജാബിര്‍ കെ ബഷീര്‍ പുറത്ത് സ്വന്തം വാഹനത്തില്‍ വെക്കും. അനുജന്‍ നിബിന്‍ വണ്ടിയില്‍ നിന്ന് സ്വര്‍ണം എടുത്ത് വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് പിതാവ് സ്വര്‍ണം കടത്തുസംഘത്തിലെ മുഖ്യപ്രതി നൗശാദിന് എത്തിച്ചുകൊടുക്കും. സ്വര്‍ണം കടത്തിയതിന് എട്ടരകോടി രൂപയോളം ലഭിച്ചതായും ജാബിര്‍ കെ ബഷീര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ലഭിച്ച തുകകൊണ്ട് നാട്ടില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് പണി കഴിപ്പിച്ചു. ആഡംബര കാറും വാങ്ങിച്ചു. അടുത്തകാലത്തുണ്ടായ സാമ്പത്തിക വളര്‍ച്ചയാണ് ഇവരെ കുടുക്കുവാന്‍ സഹായിച്ചത്. കസ്റ്റംസ് കമ്മീഷണര്‍ രാഘവന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ പഴനി ആണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്.