Connect with us

Kerala

കഞ്ചാവ് വില്‍പ്പന: എന്‍ജീനിയറിംഗ് വിദ്യാര്‍ഥി അറസ്റ്റില്‍

Published

|

Last Updated

കോട്ടയം: തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവ് നാട്ടിലെത്തിച്ച് വില്‍പ്പന നടത്തിവന്ന എന്‍ജീനിയറിംഗ് വിദ്യാര്‍ഥി അറസ്റ്റില്‍. കുമരകം രണ്ടാം കലുങ്കിനു സമീപം കരീത്രയില്‍ വിഷ്ണു (20)വാണു 100 ഗ്രാം കഞ്ചാവുമായി കോട്ടയം ഷാഡോ പോലീസിന്റെ പിടിയിലായത്. ഓപ്പറേഷന്‍ ഗുരുകുലം പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി എം പി ദിനേശിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു പിടിയിലാകുന്നത്.
തിരുനെല്‍വേലി പി എസ് എന്‍ എന്‍ജീനിയറിംഗ് കോളജിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജീനിയറിംഗ് വിദ്യാര്‍ഥിയായ വിഷ്ണു അവിടെ നിന്ന് കഞ്ചാവെത്തിച്ച് നാട്ടില്‍ വില്‍പ്പന നടത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. തിരുനെല്‍വേലിയില്‍ നിന്ന് 300- 400 രൂപക്ക് വാങ്ങുന്ന പത്ത് ഗ്രാം കഞ്ചാവ് അടങ്ങുന്ന പാക്കറ്റ്, ഇവിടെ 2000 രൂപക്കാണു വിറ്റിരുന്നത്. കുമരകം, ചെങ്ങളം, കാഞ്ഞിരം, കോട്ടയം, ചിങ്ങവനം, ഏറ്റുമാനൂര്‍ പ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഇയാള്‍ കഞ്ചാവ് വിറ്റിരുന്നത്. മൂന്ന്‌വര്‍ഷമായി വില്‍പ്പന നടത്തിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ആവശ്യക്കാര്‍ക്ക് രണ്ടാം കലുങ്കിനു സമീപമുള്ള മോട്ടോര്‍ തറയിലെത്തിച്ചാണു കഞ്ചാവ് നല്‍കിയിരുന്നത്. മാസത്തില്‍ രണ്ട് തവണയെങ്കിലും വിഷ്ണു നാട്ടിലെത്തിയിരുന്നു. ഇയാളില്‍ നിന്ന് കഞ്ചാവു വാങ്ങിയിരുന്ന രണ്ട് വിദ്യാര്‍ഥികളെ മറയാക്കി നടത്തിയ നീക്കത്തിനൊടുവിലാണ് അറസ്റ്റ്.

Latest