Ongoing News
നോമ്പെടുത്ത് പള്ളിയിലേക്ക്: മതേതരത്വത്തിന്റെ പ്രതീകമായി മോഹനന്
കല്‍പ്പറ്റ: നോമ്പ് തുറക്കാനായി മുസ്‌ലിം സുഹൃത്തുക്കളുടെ കൂടെ പള്ളിയിലേക്ക്. ആവേശത്തിന്റെ വ്രതനാളുകളാണ് മാനന്തവാടി സ്വദേശിയായ കമ്മന മോഹനന്.
വ്രതം എടുക്കുമ്പോള്‍ പാലിക്കേണ്ട ചിട്ടകളും നിയമങ്ങളും സഹപ്രവര്‍ത്തകനായ മുഹമ്മദില്‍നിന്നും ചോദിച്ചു മനസ്സിലാക്കിയാണ് ഓരോ ദിവസത്തെ നോമ്പും അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുന്നത്.
ഇത്തവണ മുഴുവന്‍ ദിവസവും നോമ്പെടുക്കാന്‍ സാധിച്ചതിന്റെ നിവൃതിയിലാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗവും മുന്‍ സഹകരണ വകുപ്പ് ജീവനക്കാരനുമായ മോഹനന്‍.
നോമ്പെടുക്കുന്നതിലൂടെ മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടുന്നുവെന്നുള്ളതാണ് മോഹനന്റെ അനുഭവസാക്ഷ്യം. ആദ്യ ദിവസങ്ങളിലെ നോമ്പുകള്‍ പൂര്‍ത്തിയാക്കുവാന്‍ പ്രയാസപ്പെട്ടെങ്കിലും പിന്നീട് നോമ്പിന്റെ ചൈതന്യം ഒട്ടും കൈവിടാതെ മുഴുന്‍ നോമ്പുകളും പിന്തുടരുന്നു. റമസാന്‍ മാസത്തെ മുഴുവന്‍ നോമ്പുകളും പൂര്‍ത്തിയാക്കണമെന്നുള്ള ആഗ്രഹമാണ് മോഹനന്.
തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്ന മോഹനന്‍ പുലര്‍ച്ചെ തന്നെ എഴുന്നേല്‍ക്കും. മേലാറന്നൂര്‍ എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സില്‍ ഒപ്പംതാമസിക്കുന് സഹപ്രവര്‍ത്തകനായ മുഹമ്മദിനുള്ള ഭക്ഷണം കൂടി തയ്യാറാക്കിയാണ് വ്രതം എടുക്കാറ്. സെക്രട്ടറിയേറ്റിനു സമീപത്തെ പള്ളിയിലാണ് നോമ്പുതുറ.
സാധാരണ നോമ്പുതുറകളിലെ ചിക്കനും മട്ടനുമൊന്നും മോഹനന് പഥ്യമല്ല.
ലളിതമായ വെജിറ്റേറിയന്‍ ഭക്ഷണ രീതിയാണ് ശീലിച്ചുവരുന്നത്. വിഭവ സമൃദ്ധമായ നോമ്പുതുറയേക്കാള്‍ പള്ളിയിലെ കഞ്ഞികുടിച്ച് നോമ്പുതുറക്കാനാണ് മോഹനന് ഇഷ്ടം.
നോമ്പ് ജീവിതത്തില്‍ ഒട്ടേറെ മാറ്റമുണ്ടാക്കിയെന്നും പട്ടിണി കിടക്കുന്നവരുടെ ദൈന്യത മനസ്സിലാക്കാന്‍ സാധിച്ചെന്നും കമ്മന മോഹനന്‍ വ്യക്തമാക്കുന്നു. പകല്‍ മുഴുവന്‍ വ്രതമെടുത്ത് രാത്രി വാരിവലിച്ചു കഴിക്കാനൊന്നും മോഹനന്‍ തയ്യാറല്ല. മുന്‍വര്‍ഷങ്ങളിലും നോമ്പെടുത്ത് ശീലമുണ്ടെങ്കിലും ഇതാദ്യമായാണ് മുഴുവന്‍ നോമ്പും എടുക്കുന്നത്.
മനുഷ്യ നന്മകളായിരിക്കണം മതങ്ങളുടെ അടിത്തറ. മോഹനന്‍ രാവിലത്തെ ക്ഷേത്രദര്‍ശനം മുടക്കാറില്ല. സ്വന്തം മതത്തെ സ്‌നേഹിക്കുന്നതോടൊപ്പം മറ്റുള്ള കാഴ്ചപ്പാടുകളെ ബഹുമാനിക്കാന്‍ സാധിക്കണമെന്നും മോഹനന്‍ തന്റെ ജീവിതത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നു.
എന്‍ ജി ഒ അസോസിയേഷന്‍ മുന്‍ വയനാട് ജില്ലാ പ്രസിഡന്റാണ്. വള്ളിയൂര്‍ക്കാവ് ഭഗവതിക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി, കമ്മന ഇളയടത്ത് ഭഗവതിക്ഷേത്ര കമ്മിറ്റി സെക്രട്ടറി, കേരള സര്‍വ്വീസ് പെന്‍ഷന്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ മോഹനന്‍ സേവനമനുഷ്ഠിച്ചുവരുന്നു. വള്ളിയൂര്‍ക്കാവ് ഭഗവതിക്ഷേത്ര ഉല്‍സവാഘോഷ കമ്മിറ്റി സെക്രട്ടറിയായിട്ടുണ്ട്.