Connect with us

Kozhikode

പെരുന്നാള്‍ പൊലിമയില്‍ മൈലാഞ്ചി മൊഞ്ച്

Published

|

Last Updated

കോഴിക്കോട്: കാത്തിരുന്ന് കയ്യില്‍ പതിയുന്ന മൈലാഞ്ചി ചുവപ്പിന് പതിനാലാം രാവിന്റെ അഴകാണെന്ന് പഴമക്കാര്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ക്കാകട്ടെ അത് ആഹ്ലാദത്തിന്റെയും കൂടിച്ചേരലിന്റെയും അലയൊലികള്‍ തീര്‍ക്കുന്ന രാവുകളാണ്. ഈദുല്‍ ഫിത്വര്‍ അടുത്തതോടെ മൈലാഞ്ചി മൊഞ്ചുമായി വിപണിയും സജീവമായി. പലതരം മൈലാഞ്ചി ട്യൂബുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. അറഫ, സിംഗ് തുടങ്ങിയവയാണ് ന്യൂജനറേഷന്‍ ട്രെന്റായി നില്‍ക്കുന്ന മൈലാഞ്ചി ട്യൂബുകള്‍.
പണ്ടു കാലത്ത് മൈലാഞ്ചിച്ചെടികളില്ലാത്ത വീടുകളുണ്ടായിരുന്നില്ല. എല്ലാ വീട്ടിലും പെരുന്നാള്‍ അടുക്കുന്നതോടുകൂടി മൈലാഞ്ചിയും തയ്യാറാക്കുമായിരുന്നു. മൈലാഞ്ചിയില നുള്ളിയെടുത്ത് അരച്ച് കുഴമ്പുരൂപത്തിലാക്കി കയ്യില്‍ പൊതിഞ്ഞായിരുന്നു അന്ന് മൈലാഞ്ചി ഇട്ടിരുന്നത്. വീടുകളില്‍ ഉമ്മൂമ്മമാരായിരുന്നു മൈലാഞ്ചി അരക്കുന്നതിനും, കൈകളിലിടുന്നതിനും നേതൃത്വം നല്‍കിയിരുന്നത്. പെരുന്നാള്‍ തലേന്നും കല്യാണത്തലേന്നുമാണ് സാധാരണ മൈലാഞ്ചിരാവുകള്‍ അരങ്ങേറുന്നത്. ഇതില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള മൈലാഞ്ചി ചടങ്ങിന് ആഘോഷത്തിന്റെ നിറച്ചാര്‍ത്താണ്. എന്നാല്‍ കാലം മാറി. പക്ഷേ മൈലാഞ്ചി മൊഞ്ച് ഇന്നും ന്യൂജന്‍ വേണ്ടെന്നു വെച്ചിട്ടില്ല. പക്ഷേ ആ മൊഞ്ച് പല രൂപത്തിലും ഭാവത്തിലുമായി. അരച്ചെടുത്ത് കുഴമ്പുരൂപത്തിലാക്കി കൈകളില്‍ പൊതിഞ്ഞിരുന്നതില്‍ നിന്ന് ട്യൂബുകളിലും, സ്റ്റിക്കറുകളിലുമായി മൈലാഞ്ചി രംഗത്തെത്തി.
പല നിറത്തിലുള്ള മൈലാഞ്ചിട്യൂബുകള്‍ പിന്നീട് വന്നു. ട്യൂബുപയോഗിച്ച് പല ഡിസൈനുകളിലും മൈലാഞ്ചി അണിയാന്‍ കഴിയുമെന്നത് ന്യൂജനറേഷനെ കൂടുതല്‍ മൈലാഞ്ചിമൊഞ്ചിലേക്ക് ആകര്‍ഷിച്ചു. എന്നാല്‍ പല രൂപത്തിലും മൈലാഞ്ചി വന്നെങ്കിലും പഴമക്കാര്‍ ഇന്നും പഴയപടി തന്നെ തുടരുന്നു. അറബിക്, ഇറാനി, ഇന്ത്യന്‍, പാക്കിസ്ഥാനി തുടങ്ങിയവയാണ് മൈലാഞ്ചിയുടെ ഡിസൈനുകളില്‍ കൂടുതല്‍ ട്രെന്റായി നില്‍ക്കുന്നത്.
പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമാണ് മൈലാഞ്ചിട്യൂബുകള്‍ വിപണിയിലെത്തുന്നത്. വന്‍കിടകമ്പനികളും മൈലാഞ്ചി ട്യൂബുകള്‍ മാര്‍ക്കറ്റിലിറക്കുന്നുണ്ട്. 10 രൂപ മുതല്‍ 20 രൂപ വരെയാണ് ട്യൂബുകളുടെ വില. നഗരത്തിലെ മിക്ക കടകളിലും ഇവ സുലഭവുമാണ്. കൂടാതെ മൈലാഞ്ചിയിടുന്നതിന് ന്യൂജന്‍ കൂടുതലും ബ്യൂട്ടിപാര്‍ലറുകളേയും ആശ്രയിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് പല സംഘടനകളും മൈലാഞ്ചിയിടല്‍ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. മൈലാഞ്ചി രാവുകള്‍ക്ക് ഇന്നും അഴകും പകിട്ടും നഷ്ടപ്പെട്ടിട്ടില്ല.
പഴയ കാലത്തെ ആഘോഷ പെരുമയില്ലെങ്കിലും പെരുന്നാളിന് നിറച്ചാര്‍ത്തേകി മൈലാഞ്ചി ചടങ്ങ് ഇപ്പോഴും നടന്നുപോരുന്നു. പഴയ ആര്‍ഭാടമില്ലെങ്കിലും ഇപ്പോഴും പെരുന്നാളിന് മുടങ്ങാതെ മൈലാഞ്ചി അണിയുന്ന കുടുംബങ്ങളുണ്ട്.

Latest