National
വധശിക്ഷ കാത്തുകഴിയുന്നവരില്‍ ഭൂരിഭാഗവും ദലിത് ന്യൂനപക്ഷ വിഭാഗക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ വധശിക്ഷ കാത്ത് കഴിയുന്നവരില്‍ മൂന്നില്‍ രണ്ടുപേരും ദലിത് ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെന്ന് നിയമ കമ്മീഷന്‍. ദേശീയ നിയമ കമ്മീഷന്‍ ജസ്റ്റിസ് എ പി ഷാ ആണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. ദല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നടന്ന “വധശിക്ഷയുടെ സാര്‍വത്രിക നിര്‍മാര്‍ജനം; അനിവാര്യമായ മനുഷ്യാവകാശം” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 385 പേര്‍ക്കാണ് രാജ്യത്ത് വധശിക്ഷ വിധിച്ചത്. ഇതില്‍ മൂന്നില്‍ രണ്ടുപേരും ദലിത് ന്യൂനപക്ഷ വിഭാഗക്കാരാണ്. 75 ശതമാനവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും ദലിത് പിന്നോക്ക ജാതിക്കാരുമാണ്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വധശിക്ഷ കാത്തിരിക്കുന്നത്. 79 പേരാണ് ഇവിടെ കൊലക്കയര്‍ കാത്തിരിക്കുന്നത്. രണ്ടാമതുള്ള ബീഹാറില്‍ 53 പേരും മൂന്നാം സ്ഥാനത്തുള്ള കേരളത്തില്‍ 15 പേരും വധശിക്ഷ കാത്തിരിക്കുന്നുണ്ട്.
നിയമ കമ്മീഷന്‍ കഴിഞ്ഞ മെയ് മാസത്തില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് വധശിക്ഷ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ക്ഷണിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും നിയമവിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരുമായി കമ്മീഷന്‍ കൂടിക്കാഴ്ച്ച നടത്തിയത്.