Connect with us

Malappuram

വാതിലുകളടയാതെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ്

Published

|

Last Updated

മലപ്പുറം: പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന റമസാനിലെ ദിനരാത്രികള്‍ ആത്മീയതയുടെ നിലാവിലലിഞ്ഞ് ധന്യമാകുകയാണ് മഅ്ദിന്‍. റമസാനിലേക്ക് പ്രവേശിച്ചതോടെ ഗ്രാന്റ്മസ്ജിദിന്റെ വാതിലുകളടഞ്ഞിട്ടില്ല. ആത്മീയ വചനങ്ങളുടെ നിലക്കാത്ത പ്രവാഹമാണ് ഇവിടെ എപ്പോഴും. പ്രപഞ്ചനാഥന്റെ അനുഗ്രഹം തേടി ഇവിടുത്തെ ഇഅ്തികാഫ് ജല്‍സയിലൂടെ ആത്മ നിര്‍വൃതിയടയുന്നത് നിരവധി വിശ്വാസികളാണ്. ഖുര്‍ആന്‍ വചനങ്ങള്‍ ഉരുവിട്ടും സ്വലാത്ത്-ദിക്‌റുകള്‍ ചൊല്ലിയും നാഥനിലേക്കടുക്കയാണിവര്‍.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രായഭേദമന്യേ വയോജനങ്ങളും യുവാക്കളും കുട്ടികളുമടക്കം ഗ്രാന്റ് മസ്ജിദില്‍ ഇഅ്തികാഫിന് എത്തിച്ചേരുന്നു. പൂര്‍വകാല മുസ്‌ലിംകള്‍ റമസാനിലെ പ്രധാന ആരാധനാ കര്‍മമായി കണ്ടിരുന്ന ഇഅ്തികാഫ് വളരെ പ്രാധാന്യത്തോടെയാണ് മഅ്ദിനില്‍ നടക്കുന്നത്.
പരകോടി പുണ്യംലഭിക്കുന്ന വിശുദ്ധമാസത്തിന്റെ പവിത്രമായ നിമിഷങ്ങള്‍ അല്ലാഹുവിന്റെ ഭവനത്തില്‍ ചെലവഴിക്കുന്നതിന്റെ ആനന്ദം ജല്‍സയില്‍ പങ്കെടുക്കുന്നവരുടെ മുഖത്ത് കാണാം.
നിസ്‌കാര ശേഷമുള്ള മതപഠന ക്ലാസുകളാണ് ഇഅ്തികാഫ് ജല്‍സയിലെ അംഗങ്ങളെ ഏറെ സ്വാധീനിക്കുന്നത്. അഞ്ച് നേര നിസ്‌കാര ശേഷവും പ്രമുഖ പണ്ഡിതരുടെ ഹ്രസ്വവും ഗഹനവുമായ ക്ലാസുകള്‍ ഇസ്‌ലാമിന്റെ ആത്മീയവും കര്‍മശാസ്ത്രപരവും ധൈഷണികവുമായ വശങ്ങളെ സ്പര്‍ശിക്കുന്ന നിരവധി വിഷയങ്ങളിലൂടെ കടന്നുപോകുന്നു. വിവിധ വിഷയങ്ങളില്‍ സംശയനിവാരണത്തിനും അവസരം ലഭിക്കും.
കൃത്യമായ സമയക്രമവും വ്യവസ്ഥാപിതമായ ക്ലാസ് അനുബന്ധ പ്രവര്‍ത്തനങ്ങളുമുള്ളതിനാല്‍ ഇത് ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളാണെന്ന് ക്യാമ്പിലുള്ളവര്‍ പറയുന്നു.
അത്താഴവും മുത്താഴവും നോമ്പുതുറയുമെല്ലാം ഇവര്‍ക്ക് പള്ളിയില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. രണ്ടായിരത്തിലേറെ ആളുകള്‍ പങ്കെടുക്കുന്ന നോമ്പുതുറ മനം മയക്കുന്ന അനുഭൂതിയാണ്. പലനാട്ടുകാരും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ നിരവധി ആളുകള്‍ ഒന്നിച്ചു നോമ്പുതുറക്കുന്ന അനുഭവം ഇവര്‍ക്ക് മറക്കാനാവില്ല.
റമസാനിന് മുമ്പുതന്നെ ഇഅ്തികാഫിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയിരുന്നു. അവസാന പത്തായതോടെ ആളുകളെ ഉള്‍കൊള്ളാന്‍ കഴിയാത്ത വിധം ഗ്രാന്റ് മസ്ജിദ് വീര്‍പ്പുമുട്ടുന്നു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളുടെ സാന്നിധ്യം ഇഅ്തികാഫ് ജല്‍സയെ ധന്യമാക്കുന്നു.

Latest