Ongoing News
റമസാന്‍ വിടപറയുന്നത് ആത്മീയ സദസ്സുകളോടെ...
കോഴിക്കോട്: റമസാന്‍ വിട പറയാനിരിക്കെ നാട്ടിലെങ്ങും ആത്മീയ സദസ്സുകള്‍ ധന്യമായി. ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിക്കുന്ന ഒറ്റയിട്ട രാവുകളില്‍ വിവിധ പള്ളികളിലും മറ്റും വ്യത്യസ്ഥമായ പരിപാടികളാണ് നടക്കുന്നത്. ഇന്ന് മലപ്പുറം മഅ്ദിന്‍ ക്യാമ്പസില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആത്മീയ സദസ്സുകളാണ് നടക്കുന്നത്. പ്രമുഖരായ നേതാക്കളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മര്‍കസ് മസ്ജിദ് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലും വ്യത്യസ്ഥ പരിപാടികള്‍ നടക്കുന്നുണ്ട്.
ഇത്തരം സദസ്സുകളില്‍ വിശ്വാസികളുടെ നിറഞ്ഞ പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. പള്ളികള്‍, മഖ്ബറകള്‍ എന്നിവിടങ്ങള്‍ ഉപയോഗപ്പെടുത്തി സദസ്സിന്റെ പുണ്യത്തിന് ധന്യതപകരുകയാണ് വിശ്വാസികള്‍. ഖുര്‍ആന്‍ പാരായണം, ദിക്‌റുകള്‍, മൗലിദ് പാരായണം തുടങ്ങിയ പുണ്യകര്‍മങ്ങള്‍കൊണ്ടാണ് ഇത്തരം സമയങ്ങള്‍ ചിലവഴിക്കുന്നത്. ദിനംമുഴുക്കെ പള്ളികളില്‍ ഇഅ്തികാഫിലായി കഴിച്ച്ക്കൂട്ടി നാളുകളെ ധന്യമാക്കാനാണ് പലരും ശ്രമിക്കുന്നത്. മഹാത്മാക്കളുടെ മഖ്ബറകളിലേക്കുള്ള സംഘടിത സിയാറത്തിനായി ഈ ദിനങ്ങളെ പലരും തിരഞ്ഞെടുത്തിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന സിയാറത്തുകളും പലരും സംഘടിപ്പിച്ചിട്ടുണ്ട്. സംഘടനകള്‍ക്ക് കീഴിലും അല്ലാതെയും പളളികളില്‍ ഇഅ്തികാഫ് ജല്‍സകള്‍ സജീവമാണ്.
ലൈലത്തുല്‍ ഖദറിന്റെ സാധ്യതാ ദിവസങ്ങളെ കണ്ടറിഞ്ഞ് പള്ളികളും മഖ്ബറകളും കൂടുതല്‍ ജനനിബിഡമാണിപ്പോള്‍. ആഘോഷനാളുകള്‍ അടുത്തെങ്കിലും അതിനാവശ്യമായ കാര്യങ്ങള്‍ പകലില്‍ തന്നെ തീര്‍ത്ത് രാത്രി ആരാധനകളാല്‍ മുഴുകാനും വിശ്വാസികള്‍ ശ്രമിച്ച് വരുന്നത് നാട്ടിന്‍പുറങ്ങളില്‍ പതിവായി. സമൂഹ നോമ്പ്തുറകളും ഈദിനത്തില്‍ സജീവമാണ്. റിലീഫ് വിതരണവും ദാനധര്‍മങ്ങളും വര്‍ധിപ്പിച്ചും ദിവസങ്ങളുടെ പുണ്യത്തിലലിയാന്‍ ഓരോവിശ്വാസിയും ശ്രമിക്കുകയാണ്.പുണ്യദിനങ്ങള്‍ വിടപറയുമ്പോഴേക്കും പാപങ്ങള്‍ കഴുകിതീര്‍ത്ത് നാഥന്‍ ഒരുക്കിയ നരകമോചനാവസരം ഉപയോഗപ്പെടുത്തി കൂടുതല്‍ ധന്യരാകാനാണ് വിശ്വാസികള്‍ ആത്മീയ സദസ്സുകളെ ഉപയോഗപ്പെടുത്തുന്നത്.