Ongoing News
ദേശ സ്‌നേഹത്തിന്റെ സ്മരണകളുമായി ചേറൂര്‍ ശുഹദാക്കള്‍
തിരൂരങ്ങാടി: ചേറൂര്‍ ശുഹദാക്കളുടെ രക്ത സാക്ഷിത്വത്തിന് 184 വര്‍ഷം. കേരള ജനതക്കെന്നും ആത്മീയ വീര്യം പകരുന്ന ചേറൂര്‍പട അരങ്ങേറിയത് ഹിജ്‌റ 1252 റമസാന്‍ 28നാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് തിരൂരങ്ങാടിക്ക് സമീപം വെന്നിയൂര്‍ നിവാസികളായ ആറ് പേര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. അവര്‍ മുമ്പുള്ള പേരുകള്‍ ഉപേക്ഷിച്ച് സലീം, ഹുസൈന്‍, അഹമ്മദ്, ആഇശ, ഹലീമ, ഖദീജ എന്നീ പേരുകള്‍ സ്വീകരിച്ചു. ഇതിന്റെ പേരില്‍ നാട്ടില്‍ ഹിന്ദു – മുസ്‌ലിം സംഘട്ടനങ്ങള്‍ സൃഷ്ടിച്ച് മുതലെടുക്കാന്‍ ബ്രിട്ടീഷുകാര്‍ക്കായി. പട്ടാളക്കാരുടെ ഒത്താശയോടെ പാവപ്പെട്ട മുസ്‌ലിംകളെ കഴിയുംവിധം അവര്‍ പീഡിപ്പിച്ചു. ചേറൂര്‍ നാടിന്റെ അധികാരിയെ ഇതിന് കൂട്ടുപിടിച്ചു. അവര്‍ നടത്തിയ അതിക്രമമായിരുന്നു ചേറൂര്‍ പടക്ക് കാരണമായത്. പൊന്മള സ്വദേശികളായ പൂവ്വാടന്‍ മുഹ്‌യിദ്ദീന്‍കുട്ടി, പട്ടര്‍ കടവന്‍ ഹുസൈന്‍, മരക്കാര്‍, മുഹ്‌യിദ്ദീന്‍, പൂന്തിരുത്തി ഇസ്മാഈല്‍, ഇസ്മാഈലിന്റെ മകന്‍ മൂസക്കുട്ടി, കുന്നാഞ്ചേരി അലിഹസന്‍, ചോലക്കല്‍ ബുഖാരി എന്നിവരാണ് ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി മരിച്ചത്. ഖുതുബുസമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങള്‍ ചേറൂര്‍ പടയില്‍ പങ്കെടുത്തിരുന്നു. പടയില്‍ മമ്പുറം തങ്ങളുടെ വലതുകാലിന് വെടിയേറ്റു. മുസ്‌ലിംകളോട് ഏറ്റുമുട്ടാന്‍ അഞ്ചാം മദിരാശി പട്ടാളത്തിലെ അറുപത് പേരാണ് എത്തിയത്. അവരുടെ ക്യാപ്റ്റന്‍ ലേഡറും ഒരു സുബേദാറും മൂന്നു പട്ടാളക്കാരും കൊല്ലപ്പെട്ടു.
ഒരു സായിപ്പിനും അഞ്ച് പട്ടാളക്കാര്‍ക്കും ഏഴ് താലൂക്ക് ശിപായിമാര്‍ക്കും പരുക്കേറ്റു. സര്‍വ വിധ സന്നാഹങ്ങളോടെയും എത്തിയ ബ്രിട്ടീഷ്പട്ടാളത്തോട് വെറും കയ്യോടെ ഏറ്റുമുട്ടിയിട്ടും മുസ്‌ലിം പടയാളികള്‍ വിജയിച്ചു. പടയില്‍ വീരമൃത്യു മരിച്ച മുസ്‌ലിംകളുടെ മയ്യിത്തുകളോട് വെള്ളക്കാര്‍ ക്രൂരത കാട്ടി. മയ്യിത്തുകള്‍ ചേറൂരില്‍ നിന്ന് തിരൂരങ്ങാടി കച്ചേരി പരിസരത്ത് കൊണ്ടുവന്ന് പട്ടാളക്കാര്‍ മയ്യിത്തുകള്‍ക്ക് മീതെ എണ്ണ ഒഴിച്ച് തീകൊളുത്തി. പിന്നീട് ഒരു കുഴിവെട്ടി എല്ലാ മയ്യിത്തുകളും അതിലിട്ടുമൂടി. ചെമ്മാട് ടൗണിന് സമീപം തിരൂരങ്ങാടി പഞ്ചായത്ത് ഓഫീസിന് പിന്‍വശത്താണ് ചേറൂര്‍ ശുഹദാക്കളുടെ മഖ്ബറ. ശുഹദാക്കളുടെ ആണ്ടുനേര്‍ച്ച എല്ലാവര്‍ഷവും റമസാന്‍ 28ന് തിരൂരങ്ങാടി, ചെമ്മാട് ഭാഗങ്ങളില്‍ വിപുലമായി നടത്തപ്പെടാറുണ്ട്. ശുഹദാക്കളുടെ മഖ്ബറയില്‍ നിത്യവും ഒട്ടേറെ പേര്‍ സിയാറത്തിന് എത്തുന്നുണ്ട്. ചേറൂര്‍ പട നടന്ന സ്ഥലത്തെ നിസ്‌കാര പള്ളി വിശ്വാസികള്‍ പുതുക്കിപ്പണിതിട്ടുണ്ട്. ചേറൂര്‍ ശുഹദാക്കളുടെ ചരിത്രം ഉള്‍ക്കൊള്ളിച്ച ബൃഹത്തായ ഒരു മൗലിദ് ഗ്രന്ഥം വര്‍ഷങ്ങള്‍ക്കു മുമ്പ് വിരചിതമായിട്ടുണ്ട്. സമസ്ത കേന്ദ്രമുശാവറ അംഗവും അറബി സാഹിത്യകാരനുമായ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരാണ് മൗലിദ് രചിച്ചിട്ടുള്ളത്. ആണ്ട് നേര്‍ച്ചയുടെ ഭാഗമായി നാളെ വിവിധ പരിപാടികള്‍ ചെമ്മാട്, തിരൂരങ്ങാടി ഭാഗങ്ങളില്‍ നടക്കും.