Kerala
നറുമണം പകര്‍ന്ന് സഭാവളപ്പിലെ കലാമിന്റെ ചെമ്പകം; സഭാപ്രസംഗത്തിന്റെ പത്താം വാര്‍ഷിക നാളില്‍ ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ

തിരുവനന്തപുരം: സഭാ ചരിത്രത്തിലെ രജത രേഖയായ നിയമസഭാ പ്രസംഗത്തിന് ഒരു ദശാബ്ദം പിന്നിട്ട നാളില്‍ തന്നെ ഡോ. എ പി ജെ അബ്ദുല്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിച്ചത് യാദൃച്ഛികതയായി. 2005 ജൂലൈ 28 ന് രാവിലെ 8.30നായിരുന്നു ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ ചരിത്രപ്രസിദ്ധമായ നിയമസഭാ പ്രസംഗം. ഈ ചരിത്രമുഹൂര്‍ത്തത്തിന് പത്താണ്ട് പൂര്‍ത്തിയായ ഇന്നലെ രാവിലെ 8.30 ന് സഭയില്‍ നടന്നതാകട്ടെ കലാം അനുസ്മരണം. സ്പീക്കര്‍ എന്‍ ശക്തന്‍ അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ ഇക്കാര്യം എടുത്തു പറഞ്ഞു. സഭാപ്രസംഗത്തിന്റെ ഓര്‍മകളുമായി അന്നുനട്ട ചെമ്പകമരം പത്താണ്ടായി സഭാവളപ്പില്‍ നറുമണം പരത്തുന്നു. പ്രത്യേക സാമ്പത്തിക മേഖല, നഴ്‌സിംഗ് പരിശീലനത്തിനുള്ള നടപടിക്രമങ്ങള്‍, ദേശീയ ജലപാത, നീര, തുറമുഖ വികസന പദ്ധതികള്‍ തുടങ്ങി അന്ന് കലാം മുന്നോട്ടുവെച്ച വികസന സ്വപ്‌നങ്ങള്‍ ഏറെയായിരുന്നു. നിയമസഭാ മന്ദിരത്തില്‍ നൂതന സാങ്കേതിക വിദ്യകള്‍ പ്രാപ്യമാക്കിയതും കലാമിന്റെ സന്ദര്‍ശനമായിരുന്നു. പ്രസംഗത്തിനായി പ്രത്യേകം പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള വലിയ സംവിധാനങ്ങള്‍ ആദ്യമായി അന്നാണ് സഭയില്‍ കൊണ്ടു വരുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് ഏറെ സാഹസപ്പെട്ടാണ് ഇത് സംഘടിപ്പിച്ചതെന്ന് നിയമസഭാ ഉദ്യോഗസ്ഥര്‍ പറയുന്നു.
നിയമസഭാപ്രസംഗത്തിന് ശേഷമാണ് കലാം സഭാവളപ്പില്‍ മരം നടുന്നത്. സ്വന്തം കൈകളാല്‍ അന്ന് വെച്ചു പിടിപ്പിച്ച ചെമ്പകത്തിനിന്ന് അദ്ദേഹത്തിന്റെ ഓര്‍മകളുടെ യത്രയും തന്നെ നിറപ്പകിട്ടും സുഗന്ധവുമുണ്ട്. പൂവൂം കായും വന്ന് കലാമിനെ പോലെ തന്നെ ഇന്ന് ആ ചെമ്പകവും സുഗന്ധം പരത്തുന്നു. ചെമ്പകം നട്ടതിന്റെ പത്താം വാര്‍ഷിക ദിനത്തില്‍ തന്നെ അദ്ദേഹം ഓര്‍മകളിലേക്ക് മാഞ്ഞത് നിയമസഭാ ജീവനക്കാര്‍ക്കും നൊമ്പരമായി. ഒരിക്കലും അദ്ദേഹത്തിന്റെ വേര്‍പ്പാട് ഇവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. തങ്ങള്‍ കണ്ടിട്ടുള്ള “വലിയ ആള്‍ക്കാരില്‍” ഏറ്റവും ലാളിത്യവും സൗമ്യതയും നിറഞ്ഞ വ്യക്തിത്വമായിരുന്നു മണിക്കൂറുകള്‍ മാത്രം ഇടപഴകിയ ജീവനക്കാര്‍ അനുസ്മരിക്കുന്നു. അസിസ്റ്റന്റ് കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ 30 ഓളം വരുന്ന ജീവനക്കാരാണ് നിയമസഭാ വളപ്പിലെ പൂന്തോട്ടം പരിപാലിക്കുന്നത്. എല്ലാ ചെടികളില്‍ നിന്നും ഒരു പ്രത്യേക സ്ഥാനം “കലാമിന്റെ ചെമ്പക”ത്തിന് നല്‍കി വരുന്നുണ്ട്. വിയോഗത്തില്‍ അനുശോചനം അറിയിച്ച് സഭാ സമ്മേളനം പിരിഞ്ഞ ശേഷം സ്പീക്കര്‍ എന്‍ ശക്തന്‍ “കലാമിന്റെ ചെമ്പക”ത്തിനടുത്തെത്തി ഓര്‍മകള്‍ അയവിറക്കി. ഡോ. എ പി ജെ അബ്ദുല്‍ കലാം ഈ ചെമ്പകം നട്ട ദിവസം തന്നെ അദ്ദേഹം ഓര്‍മകളിലേക്ക് മാഞ്ഞുപോയതായി സ്പീക്കര്‍ അനുസ്മരിച്ചു.