National
നിരാശ മാറാതെ ഷില്ലോംഗ് വിദ്യാര്‍ഥികള്‍
കൊല്‍ക്കത്ത: അവിശ്വസനീയമായ പിന്മടക്കം നടത്തി കലാം യാത്രയാകുമ്പോള്‍ അദ്ദേഹത്തെ പ്രതീക്ഷയോടെ കാത്തിരുന്ന ഷില്ലോംഗിലെ ഐ ഐ എം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാതെ പോയ ഒരു അസൈന്‍മെന്റുണ്ട്. ആ അസൈന്‍മെന്റിനെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു കലാമും സുഹൃത്ത് ശ്രീജന്‍ പാല്‍ സിംഗും. ഇതിനായി, പാര്‍ലിമെന്റിനെ കൂടുതല്‍ നിര്‍മാണാത്മകവും ചടുലവുമാക്കാന്‍ ഉതകുന്ന മൂന്ന് നവ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കുട്ടികളോട് നിര്‍ദേശിക്കുന്ന ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ കലാം ശ്രീജന്‍ പാലിനോട് ആവശ്യപ്പെട്ടു.
ഇതേക്കുറിച്ചുള്ള ചര്‍ച്ചകളിലായിരുന്നു പിന്നീടുള്ള യാത്രയില്‍ കലാമും ശ്രീജനും. “നിരവധി സര്‍ക്കാറുകളുടെ ഭരണകാലം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അവയുടെ തകര്‍ച്ചയും.” സര്‍ക്കാറുകളുടെ അസ്ഥിരതയെ കുറിച്ചു നിരാശ കലാം പ്രകടിപ്പിച്ചു. ഈ ഒരവസ്ഥക്ക് പരിഹാരം കണ്ടെത്താന്‍ പറ്റുന്ന ഒരു അസൈന്‍മെന്റ് തയ്യാറാക്കാനായിരുന്നു ആ ചര്‍ച്ചകള്‍. ഇതിനായി മൂന്ന് പുതുമയുള്ള ആശയങ്ങള്‍ വിദ്യാര്‍ഥികള്‍ കൊണ്ടുവരട്ടെ. കലാം പറഞ്ഞു. പക്ഷേ, ഈ ചോദ്യത്തിന് ഉത്തരം നമ്മള്‍ കണ്ടെത്താതെ കുട്ടികളോട് പരിഹാരം ചോദിക്കുന്നതെങ്ങനെ എന്നായി ശ്രീജന്‍ പാല്‍. ഇരുവരും ചേര്‍ന്ന് എഴുതി സെപ്തംബര്‍- ഒക്‌ടോബര്‍ മാസത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന അഡ്വാന്റേജ് ഇന്ത്യ എന്ന പുസ്തകത്തില്‍ ഈ വിഷയം ഉള്‍പ്പെടുത്തണമെന്ന് ധാരണയിലെത്തുകയും ചെയ്തു.