National
മാനവിക മുഖമുള്ള ശാസ്ത്രജ്ഞന്‍
1979ല്‍ എസ് എല്‍ വി- 3 വിക്ഷേപിക്കുന്ന സമയം, പ്രോജക്ട് വിലയിരുത്തലിനായി ഡോ. വിക്രം സാരാഭായി ഐ എസ് ആര്‍ ഒയില്‍ എത്തുന്നു. താനാണ് വലുത് എന്ന് കാണിക്കാനുള്ള കിടമത്സരത്തിലായിരുന്നു ശാസ്ത്രജ്ഞര്‍. എല്ലാ ശാസ്ത്രജ്ഞരും അവരുടെ കഴിവിനെപ്പറ്റി പവര്‍പോയിന്റ് പ്രസന്റേഷന്‍ ഉള്‍പ്പെടെ കാണിച്ച് അവരുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചു. അടുത്തത് ഡോ. കലാമിന്റെ ഊഴമായിരുന്നു. റോക്കറ്റ് നിര്‍മിക്കുന്നതിനുവേണ്ടി കലാമിന് ഏഴെട്ട് സാങ്കേതിക വിദ്യകള്‍ ഒന്നിപ്പിക്കേണ്ടതുണ്ടായിരുന്നു. ഓരോ സാങ്കേതിക വിദ്യയുടെയും വിദഗ്ധരെ മുന്നില്‍ നിര്‍ത്തി അദ്ദേഹം അവരോട് പ്രസന്റേഷന്‍ നടത്താന്‍ ആവശ്യപ്പെട്ടു. സംഭവമൊക്കെ കൊള്ളാമെങ്കിലും നിങ്ങള്‍ ഈ പ്രോജക്ടിനു വേണ്ടി എന്ത് ചെയ്തു എന്നായിരുന്നു ഒരു പ്രമുഖ ശാസ്ത്രജ്ഞന്റെ കലാമിനോടുള്ള ചോദ്യം. “ഓരോ സാങ്കേതിക വിദ്യകളും അവതരിപ്പിച്ച ഇവരാണ് എന്റെ ശക്തി. ഈ ശക്തികള്‍ ഒന്നിച്ചുചേര്‍ത്ത് അവസാനം ഒരു റോക്കറ്റ് വിക്ഷേപിക്കുകയാണ് ലക്ഷ്യം”- ഇതായിരുന്നു കലാമിന്റെ മറുപടി. ആളുകളുടെ ആശയങ്ങള്‍ ഒത്തിണക്കാനും അവരെ പ്രേരിപ്പാനും അതുവഴി അവരുടെ മികച്ച പ്രകടനം കൊണ്ടുവരാനും അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു.
വ്യക്തിപരമായി തന്റെ ഗുരുനാഥനാണ് അദ്ദേഹം. അദ്ദേഹത്തോട് സംസാരിക്കണമെന്ന് കരുതിയിരുന്നപ്പോഴാണ് അപ്രതീക്ഷിത വേര്‍പാട്. അദ്ദേഹത്തിന്റെ നഷ്ടം പരിഹരിക്കാനാകാത്തതാണെങ്കിലും അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട കുട്ടികളോടൊപ്പമുള്ള സംവാദത്തിനിടയിലാണ് ദൈവം കൂട്ടിക്കൊണ്ടുപോയതെന്നത് തെല്ലാശ്വാസമാണ്. ബഹിരാകാശ രംഗത്ത് എന്റെ തുടക്കകാലത്ത് സാങ്കേതികവും ഭരണപരവുമായ കാര്യങ്ങളെല്ലാം തന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പഠിപ്പിച്ചു. റോക്കറ്റ് എന്താണെന്നു പോലും നമുക്കറിയാത്ത കാലത്താണ് അദ്ദേഹം എസ് എല്‍ വി- മൂന്ന് ദൗത്യം തുടങ്ങുന്നത്. പെന്‍സില്‍ റോക്കറ്റുകള്‍ മാത്രം വിക്ഷേപിക്കുന്ന കാലത്താണ് അദ്ദേഹം അതിന്റെ നൂറ് മടങ്ങ് വലിപ്പമുള്ള റോക്കറ്റ് എസ് എല്‍ വി- മൂന്നിന് വേണ്ടി വിഭാവനം ചെയ്തത്. അത് ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ പ്രോജക്ട് സര്‍ക്കാറിന് സമര്‍പ്പിക്കുകയും എല്ലാവരെയും പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും അതിന്റെ ഫലമായി രാജ്യത്തെ ബഹിരാകാശ ഗവേഷണ രംഗത്ത് മുന്‍പന്തിയില്‍ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഞാന്‍ ഇന്നത്തെ നിലയില്‍ എത്തിയതിന്റെ പ്രധാന കാരണക്കാരന്‍ അദ്ദേഹമാണ്. എസ് എല്‍ വി-3 പരാജയപ്പെട്ടത് കണ്‍ട്രോള്‍ സിസ്റ്റത്തിലെ തകരാറ് മൂലമായിരുന്നു. അന്ന് ഞാനാണ് അതു സംബന്ധിച്ച തീരുമാനമെടുത്തത്. എന്നാല്‍, പരാജയത്തിന്റെ ഉത്തരവാദിത്വം എന്റെ തലയില്‍ കെട്ടിവെക്കാതെ വിജയത്തിനു വേണ്ടി പ്രോത്സാഹിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. എസ് എല്‍ വി മൂന്നിന് നൂറുകണക്കിന് പ്രതിബന്ധങ്ങളെ അതീജീവിക്കേണ്ടതുണ്ടായിരുന്നു. അവയെല്ലാം തന്നെ ക്ഷമാപൂര്‍വം കേട്ടിരിക്കുകയും പ്രശ്‌നങ്ങളെ ഗാഢപൂര്‍വം അവലോകനം ചെയ്യുകയും പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് നിര്‍ദേശം തരികയും ചെയ്തു. ചന്ദ്രയാന്‍ വിക്ഷേപണ ഘട്ടത്തില്‍ അതിന്റെ ദൗത്യങ്ങളില്‍ മുഴുകി നടന്ന സമയത്ത് ചന്ദ്രനില്‍ ഇന്ത്യയുടെ പതാക പുതപ്പിക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശമായിരുന്നു ഏറ്റവും പ്രേരകമായത്.
സഹപ്രവര്‍ത്തകര്‍ക്കെല്ലാം അദ്ദേഹം സ്‌നേഹസമ്പന്നനായ സുഹൃത്ത് കൂടിയായിരുന്നു. മേധാവി എന്ന നിലയില്‍ ആരെയും നോക്കിക്കണ്ടിരുന്നില്ല. സഹപ്രവര്‍ത്തകരെ ഓരോ നിമിഷവും പ്രചോദിപ്പിക്കാനുള്ള കഴിവ് മറ്റൊരാള്‍ക്കും കാണില്ല. കലാമിനെ സാര്‍ എന്ന് സഹപ്രവര്‍ത്തകര്‍ അഭിസംബോധന ചെയ്തിട്ടില്ല. കലാം എന്നുതന്നെയാണ് വിളിച്ചിരുന്നത്. അദ്ദേഹത്തിന് അതായിരുന്നു ഇഷ്ടം. എന്റെ കരിയറിന്റെ തുടക്കം 1967ല്‍ ഡോ. കലാമിനൊപ്പമായിരുന്നു. സാങ്കേതിക വിദ്യയിലുള്ള അറിവും മാനേജ്‌മെന്റിലുള്ള പരിശീലനവുമെല്ലാം അദ്ദേഹത്തില്‍ നിന്ന് നേരിട്ട് വാങ്ങിയാണ് ഞാന്‍ ഈ നിലയിലെത്തിയത്. ഏതെങ്കിലും യൂനിവേഴ്‌സിറ്റികളില്‍ പോയി ഡിഗ്രി നേടുന്നതിനേക്കാളുപരി റോക്കറ്റ് സാങ്കേതിക വിദ്യയില്‍ പ്രാഗത്ഭ്യം നേടാന്‍ അദ്ദേഹത്തോടൊപ്പമുള്ള പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ട്. എന്ത് കാര്യത്തിനും ഏത് അര്‍ധരാത്രിയിലും അദ്ദേഹത്തെ വിളിക്കാനും പ്രശ്‌നപരിഹാരത്തിന് ഉപദേശം ചോദിക്കാനുമെല്ലാം സാധിച്ചിരുന്നു. വലിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുമ്പോഴും സാധാരണക്കാരന്റെ ആവശ്യങ്ങള്‍ ഉള്ളില്‍ കാണണമെന്ന് അടുത്തിടെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു.
ഹൈടെക് വികസനങ്ങളെല്ലാം ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചു. അദ്ദേഹത്തിന്റെ 2020 വിഷന്‍ യുവതലമുറയുടെ സ്വപ്‌നമായി പകര്‍ന്നുകൊടുക്കുകയായിരുന്നു. ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചശേഷം അദ്ദേഹത്തിന്റെ ഒട്ടുമുക്കാല്‍ സമയവും സ്‌കൂള്‍ വിദ്യാര്‍ഥികളുമായിട്ടും മറ്റുള്ളവരുമായും സംവദിക്കാനാണ് ഉപയോഗിച്ചത്.
ഒരിക്കലും തിരിച്ചുകിട്ടാത്ത വ്യക്തിത്വമാണ് നമുക്ക് നഷ്ടമായത്. മാനവിക മുഖമുള്ള ശാസ്ത്രജ്ഞനായിരുന്നു ഡോ. കലാം. ശാസ്ത്രത്തെ സാധാരണക്കാര്‍ക്കുവേണ്ടി മാറ്റിയെഴുതാനുള്ള അദ്ദേഹത്തിന്റെ ശ്രമം മറ്റൊരാള്‍ക്കും സാധ്യമല്ല. വ്യക്തിക്ക് ചെയ്യാന്‍ കഴിയുന്നതിലുമപ്പുറം രാജ്യ നന്മക്കുവേണ്ടി സംഭാവന ചെയ്ത വ്യക്തിയാണദ്ദേഹം. ഒരു മാസം മുമ്പ് തിരുവനന്തപുരത്തെത്തിയപ്പോഴും ശാസ്ത്ര സാങ്കേതിക രംഗത്ത് നമ്മളുണ്ടാക്കിയ നേട്ടം സാധാരണക്കാര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചാണ് ഇനി ആലോചിക്കേണ്ടതെന്ന് അദ്ദേഹം പറയുകയുണ്ടായി. നാടിന് വേണ്ടി എന്ത് ചെയ്യാനാകും എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അതിന് അദ്ദേഹം കൂടെയുള്ളവരെയും കൂട്ടി. ലോകത്തിന്, രാജ്യത്തിന്, സമൂഹത്തിന് തന്നെ തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.
വിദൂര സ്ഥലങ്ങളില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ കൊണ്ടുപോകാനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹൈടെക് എജ്യൂക്കേഷന്‍ എത്തിക്കാനും ഗ്രാമ വികസനത്തിനുവേണ്ടി വില്ലേജ് റിസോഴ്‌സ് സെന്റര്‍ എന്ന സംവിധാനം ആസൂത്രണം ചെയ്യാനുമെല്ലാം അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പുര എന്ന അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിക്കുവേണ്ടി സ്‌പേസിന്റെ പ്ലാറ്റ്‌ഫോം രൂപവത്കരിച്ച് കണക്ടിവിറ്റി കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ ഒരു ലക്ഷ്യം രാജ്യത്തിന്റെ എല്ലാ ഭാഗത്തും കണക്ടിവിറ്റി എത്തിച്ചുകൊടുക്കുകയായിരുന്നു. ഡിജിറ്റല്‍ കണക്ടിവിറ്റി, ടെലി കമ്മ്യൂണിക്കേഷന്‍ കണക്ടിവിറ്റി, അതിലൊക്കെ ഉപരിയായി കമ്പ്യൂട്ടര്‍ കണക്ടിവിറ്റി എത്തിച്ചുകൊടുക്കുകയായിരുന്നു 2020 വിഷന്റെ ഒരു ഭാഗം. അതിന് സ്‌പേസ് ടെക്‌നോളജി ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം ആദ്യം മുതലേ കണ്ടിരുന്നു. അതിന്റെ പല പ്രായോഗിക പദ്ധതികളും ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
രാഷ്ട്രപതിഭവനിലെത്തിയപ്പോഴും പലതവണ അദ്ദേഹത്തെ കണ്ടിരുന്നു. ഒരു പ്രോജക്ട് ചെയ്തുകഴിഞ്ഞാല്‍ അദ്ദേഹം അതിനെപ്പറ്റി കൂടുതല്‍ ആലോചിക്കാറില്ല. അതിന്റെ തുടര്‍ച്ചക്കാര്‍ക്ക് എല്ലാം വിട്ടുകൊടുക്കയാണ് പതിവ്. രാഷ്ട്രപതിഭവനിലെത്തിയപ്പോഴും ബഹിരാവാശവും മിസൈലും ആണവായുധവുമെല്ലാം മറന്ന് രാജ്യത്തിനുവേണ്ടിയായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഇന്ത്യ മഹത്തായ രാജ്യമാണ്. ഇവിടത്തെ ജനങ്ങള്‍ ഒരു ശക്തിയായി മാറണം. അതിന് ഒരു വികസിത രാജ്യമായി മാറണം എന്നതായിരുന്നു സ്വപ്‌നം. അതിലുപരിയായി മാനുഷിക മൂല്യങ്ങള്‍ക്ക് അങ്ങേയറ്റം വിലകൊടുക്കുകയും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും അതിന് പരിഹാരം ഉണ്ടാക്കികൊടുക്കുകയും ചെയ്തിരുന്നു. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനം തലയുയര്‍ത്തിപ്പിടിക്കാനും അവരോടൊപ്പമിരുന്ന് ആഗോള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. അതിനാല്‍ത്തന്നെ ആഗോളതലത്തിലുള്ള പല സര്‍വകലാശാലകളും അവിടെ പ്രഭാഷണ പരമ്പരകള്‍ നടത്തുന്നതിന് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ആത്മവിശ്വാസവും കഴിവും ഉപയോഗിച്ച് ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ നമുക്ക് എന്തും നേടാം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കലാം.
ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിക്കുവേണ്ടി തന്റെ വ്യക്തിപരമായ കാര്യങ്ങളെല്ലാം അദ്ദേഹം ത്യജിച്ചു. സ്വന്തം കാര്യങ്ങളേക്കാള്‍ മറ്റുള്ളവരുടെ ആവശ്യങ്ങളും വിഷമങ്ങളുമാണ് അദ്ദേഹം അറിഞ്ഞിരുന്നത്. ആവശ്യമുള്ളവര്‍ക്ക് മരുന്നും ചികിത്സാ സൗകര്യങ്ങളുമുള്‍പ്പെടെ ലഭ്യമാക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. ശാസ്ത്രരംഗത്തെ മിടുക്കരായ മൂവായിരത്തോളം വിദ്യാര്‍ഥികള്‍ ഒത്തുചേരുന്ന പരിപാടി സെപ്തംബര്‍ മാസത്തില്‍ തലസ്ഥാനത്ത് നടക്കാനിരിക്കവേ അതില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിയോഗം. ഒരിക്കലും പരിഹരിക്കപ്പെടാത്ത നഷ്ടം തന്നെയാണിത്. ഒരിക്കലും തിരികെ കിട്ടാത്ത വ്യക്തിത്വമാണ് നമ്മെ വിട്ടുപിരിഞ്ഞത്.
(തയ്യാറാക്കിയത്: എം ആര്‍ രഞ്ജു)