Connect with us

National

വലിയ കസേരയില്‍ ഇരിക്കാന്‍ ഞാനില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ഡോ. എ പി ജെ അബ്ദുല്‍ കലാം അന്ന് പ്രസിഡന്റായിരുന്നു. വരാണസി ഐ ഐ ടിയിലെ ബിരുദദാന ചടങ്ങിലാണ് സംഭവം. കലാം തനിക്കായി നിശ്ചയിച്ച കസേരയില്‍ ഇരിക്കാന്‍ വിസമ്മതിച്ചു. കാരണം ലളിതം. അദ്ദേഹത്തിനായുള്ള കസേര മറ്റുള്ളവയേക്കാള്‍ വലുതായിരുന്നു. മറ്റ് നാല് ഇരിപ്പടങ്ങള്‍ സര്‍വകലാശാലയിലെ ഉന്നത ഉദ്യാഗസ്ഥര്‍ക്കുള്ളതായിരുന്നു.
എത്ര ഉന്നതിയിലെത്തിയാലും കൈവിടാത്ത ലാളിത്യത്തിന്റെ നിദര്‍ശനമായിരുന്നു ഈ സംഭവം. വിചിത്രമെന്ന് മറ്റുള്ളവര്‍ക്ക് തോന്നാവുന്ന ഇത്തരം പെരുമാറ്റങ്ങളാണ് കലാമിന്റെ പൊതു വ്യക്തിത്വത്തെ നിര്‍ണയിച്ചത്. സീറ്റില്‍ ഇരിക്കാന്‍ വിസമ്മതിച്ച കലാം വൈസ് ചാന്‍സിലര്‍ക്ക് നിശ്ചയിച്ച ഇരിപ്പിടത്തില്‍ ഇരിക്കാമെന്നായി. വി സി കുഴങ്ങി. ഒടുവില്‍ അതേ വലിപ്പമുള്ള മറ്റൊരു കസേര കൊണ്ടുവരികയും “ജനങ്ങളുടെ പ്രസിഡന്റ”് അതില്‍ ഇരിക്കുകയുമായിരുന്നു.
കലാം ഡി ആര്‍ ഡി ഒയിലായിരുന്നപ്പോഴാണ്. ഡി ആര്‍ ഡി ഒയുടെ അതീവ പ്രാധാന്യമുള്ള ഒരു കെട്ടിടത്തിന്റെ ചുറ്റുമതിലില്‍ കുപ്പിച്ചില്ലുകള്‍ പതിക്കാന്‍ തീരുമാനിച്ചു. സുരക്ഷയുടെ ഭാഗമായിരുന്നു അത്. എന്നാല്‍, അപ്രതീക്ഷിതമായി കലാം എതിര്‍ത്തു. അങ്ങനെ ചെയ്താല്‍ അവിടെ വന്നിരിക്കുന്ന പക്ഷികള്‍ക്ക് മുറിവ് പറ്റും എന്നായിരുന്നു അദ്ദേഹത്തിന്റെ കരുതല്‍.
2002ല്‍ അടുത്ത രാഷ്ട്രപതിയായി കലാമിനെ പ്രഖ്യാപിച്ച ഘട്ടം. ഒരു സ്‌കൂളില്‍ പ്രസംഗിക്കാനായി ചെന്നതാണ് അദ്ദേഹം. പെട്ടെന്ന് വൈദ്യുതി പോയി. അംഗരക്ഷകര്‍ അദ്ദേഹത്തിന് ചുറ്റും നിരന്നു. എന്നാല്‍, കലാം അവരെ വകഞ്ഞുമാറ്റി കുട്ടികള്‍ക്കിടയിലേക്ക്, ഹാളിന്റെ നടുവിലേക്ക് നടന്നു. ഉച്ചഭാഷിണിയില്ലാതെ അദ്ദേഹം കിടിലന്‍ പ്രഭാഷണം നടത്തി, 400 കുട്ടികള്‍ക്കും കേള്‍ക്കാവുന്ന ശബ്ദത്തില്‍. പ്രസംഗത്തിനൊടുവില്‍ അദ്ദേഹം പറഞ്ഞു. ഈ സ്വാതന്ത്ര്യമാകും പ്രസിഡന്റാകുമ്പോള്‍ തനിക്ക് നഷ്ടമാകുക.
രാഷ്ട്രപതിയായ ശേഷം കലാം കേരളത്തിലെത്തിയപ്പോള്‍ രാജ്ഭവനിലേക്ക് വിശിഷ്ടാതിഥിയായി രണ്ട് പേരെ അദ്ദേഹം വിളിപ്പിച്ചു. തിരുവനന്തപുരം ഗാന്ധാരി അമ്മന്‍ കോവിലിന് സമീപത്തെ ഗുരുവായൂരപ്പന്‍ ഹോട്ടലുടമ പരമേശ്വരന്‍ നായരായിരുന്നു ഒരാള്‍. തിരുവനന്തപുരം തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കാലത്ത് അബ്ദുല്‍ കലാം സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തിയിരുന്നത് ഗുരുവായൂരപ്പന്‍ ഹോട്ടലിലായിരുന്നു. തന്റെ ചെരുപ്പ് നന്നാക്കി നല്‍കിയിരുന്ന ജോര്‍ജായിരുന്നു മറ്റൊരു വിശിഷ്ടാതിഥി.

Latest