National
വിശ്രമമില്ലാത്ത നിശ്ചയദാര്‍ഢ്യം
ന്യൂഡല്‍ഹി: വാക്കുകളില്‍ മാത്രമായിരുന്നില്ല കലാമിന്റെ നിശ്ചയദാര്‍ഢ്യവും ധീരതയും പ്രകടമായിരുന്നത്. സൈനിക മുങ്ങിക്കപ്പലില്‍ യാത്ര ചെയ്യാനും സുഖോയി ജറ്റ് വിമാനത്തില്‍ കയറി ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലെത്തി സൈനികരോട് സംവദിക്കാനും കലാം അവസരം കണ്ടെത്തിയിരുന്നു. പക്ഷേ, ഇതൊന്നുമായിരുന്നില്ല കലാമിന്റെ അചഞ്ചലമായ മനസ്സിന്റെ നിര്‍ഭയത്വത്തെ കാട്ടുന്നത്.
2005 ലെ ഒരു വൈകുന്നേരം. അന്ന് 73കാരനായ രാഷ്ട്രപതി അബ്ദുല്‍ കലാം മിസോറാമില്‍ ഔദ്യോഗിക പരിപാടിക്കെത്തിയതായിരുന്നു. പിറ്റേന്ന് പകല്‍ ഡല്‍ഹിക്ക് മടങ്ങാന്‍ വിമാനം ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും നേരത്തെ കലാമിന്റെ പരിപാടി അവസാനിച്ചിരുന്നു. അങ്ങനെയെങ്കില്‍ ഇന്നു തന്നെ മടങ്ങാമെന്നായി കലാം. രാഷ്ട്രപതിയുടെ ആവശ്യം ഉദ്യോഗസ്ഥര്‍ പ്രദേശത്തെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ അറിയിച്ചു.
സമയം അപ്പോള്‍ രാത്രിയായിരുന്നു. ഈ സമയത്ത് വിമാനം ടേക്ക് ഓഫ് ചെയ്യാനുള്ള സംവിധാനങ്ങളൊന്നും തന്നെയില്ലെന്ന് എയര്‍ഫോഴ്‌സ് അധികൃതര്‍ നിസ്സഹായത അറിയിച്ചു. റണ്‍വേയില്‍ വെളിച്ചം പോലുമില്ലെന്നതായിരുന്നു യാഥാര്‍ഥ്യം. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ മറുപടി പക്ഷേ, കലാമിനെ തൃപ്തിപ്പെടുത്തിയില്ല.
രാത്രിയില്‍ ഒരു അടിയന്തര ആവശ്യം വന്നാല്‍ എയര്‍ഫോഴ്‌സ് എന്തു ചെയ്യുമെന്നായി കലാം. നേരം പുലരട്ടെ എന്നു പറഞ്ഞ് കാത്തിരിക്കുമോ? കലാം ചോദിച്ചു. എയര്‍ഫോഴ്‌സ് അധികൃതര്‍ കുഴങ്ങി. അവര്‍ കലാമിന്റെ നിലപാട് ഡല്‍ഹിയിലെ ഉന്നതോദ്യോഗസ്ഥരെ അറിയിച്ചു.
അവസാനം, റണ്‍വേയില്‍ വിളക്കുകളും ടോര്‍ച്ചുകളും തെളിയിച്ച് രാഷ്ട്രപതി അബ്ദുല്‍ കലാമിനെയും വഹിച്ച് എയര്‍ഫോഴ്‌സ് വിമാനം ഡല്‍ഹിക്ക് പറന്നു.