Connect with us

Articles

സിസ്റ്റര്‍ സെബ ഓര്‍ക്കുന്നുണ്ടാകും

Published

|

Last Updated

സി ബി എസ് സിയുടെ മെഡിക്കല്‍ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് ഈയിടെ ഒരു ശിരോവസ്ത്ര വിവാദം ഉടലെടുക്കുകയുണ്ടായി. തിരുവനന്തപുരം കാഞ്ഞിരംകുളം ജവഹര്‍ സെന്റര്‍ സ്‌കൂളില്‍ മെഡിക്കല്‍ പരീക്ഷയെഴുതാന്‍ ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീക്ക് പ്രവേശം നിഷേധിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടി. സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ ക്രൈസ്തവ സഭാ അധികൃതര്‍ക്കൊപ്പം കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, എം ഐ ഷാനവാസ് എം പി, ഇ ടി മുഹമ്മദ് ബശീര്‍ തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. നാലാഞ്ചിറ നവജീവന്‍ ബദനീ കോണ്‍വന്റിലെ അന്തേവാസിയായ സിസ്റ്റര്‍ സെബക്ക് മതവേഷം ധരിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിച്ചതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു.
എന്നാല്‍, പ്രതിഷേധം കണ്ടാല്‍ തോന്നുക കേരളത്തില്‍ ആദ്യമാണ് ഇത്തരമൊരു സംഭവമെന്നാണ്. എന്നാല്‍ കേരളീയര്‍ക്ക്, വിശേഷിച്ചും മുസ്‌ലിം സമുദായത്തിന് ഇതൊരു പുതുമയല്ല. ശിരോവസ്ത്രം ധരിച്ചതിന്റെ പീഡനവും അവഹേളനവും സഹിക്കണ്ടിവന്ന സഹോദരിമാര്‍ മുസ്‌ലിം സമുദായത്തില്‍ എത്രയെങ്കിലുമുണ്ട്. ഇപ്പോള്‍ സി ബി എസ് ഇക്കും കാഞ്ഞിരംകുളം ജവഹര്‍ സെന്റര്‍ സ്‌കൂള്‍ അധികൃതര്‍ക്കും നേരെ പടവാളോങ്ങിയ ക്രൈസ്തവ സഭയില്‍ നിന്നാണ് മുസ്‌ലിം സഹോദരിമാര്‍ കൂടുതലും ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ അവഹേളിക്കപ്പെട്ടതെന്നാണ് ഇവിടെ ശ്രദ്ധേയമായ കാര്യം
ക്രിസ്തീയ മാനേജ്‌മെന്റിന് കീഴിലുള്ള പുതുപ്പറമ്പ് ചുടലപ്പാറയിലുള്ള സേക്രട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് അറബി അധ്യാപികയെ പുറത്താക്കിയത് മഫ്ത ധരിച്ചെതിനെ ചൊല്ലിയായിരുന്നു. മഫ്ത ധരിച്ചത്തിയ അധ്യാപികയെ സ്‌കൂള്‍ അധികൃതരില്‍ ചിലര്‍ രൂക്ഷമായി വിമര്‍ശിക്കുകയും മഫ്ത പിടിച്ചുവലിക്കുകയും മേലില്‍ ഇത്തരം വസ്ത്രം ധരിച്ചു വരരുതെന്ന് കല്‍പ്പിക്കുകയും ചെയ്തു. 2012 ജൂലൈയിലാണ് സംഭവം. ഈ കൈയേറ്റത്തെ ചോദ്യം ചെയ്യുകയും മഫ്ത ഉപേക്ഷിക്കാന്‍ സാധ്യമല്ലെന്ന് അറിയിക്കുകയും ചെയ്തപ്പോള്‍ അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി.
60 ശതമാനത്തിലേറെ മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരം പൂന്തുറ സെന്റ് ഫിലോമിന സ്‌കൂള്‍. പക്ഷേ, മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കിവിടെ മഫ്ത ധരിക്കാന്‍ അനുമതിയില്ല. മഫ്ത ധരിച്ചെത്തുന്ന വിദ്യാര്‍ഥിനികളില്‍ നിന്നു പിഴ ഈടാക്കാറുമുണ്ട്. 2010ല്‍ സ്‌കൂളിലെ ഏതാനും അധ്യാപികമാര്‍ വിദ്യാര്‍ഥിനികളുടെ മഫ്ത നിര്‍ബന്ധിച്ച് അഴിപ്പിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്നു വിളിച്ചുചേര്‍ത്ത പി ടി എ യോഗത്തിലും മഫ്ത അനുവദിക്കാനാകില്ലെന്ന കര്‍ശന നിലപാടാണ് അധികൃതര്‍ കൈക്കൊണ്ടത്. ശിരോവസ്ത്രം ധരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കഴക്കൂട്ടം ബിഷപ്പ് പെരേര സ്‌കൂളിനു മുന്നില്‍ മുസ്‌ലിം രക്ഷിതാക്കള്‍ ഉപരോധ സമരം സംഘടിപ്പിച്ചത് അടുത്തിടെയാണ്. കോഴിക്കോട് മലാപ്പറമ്പ് പ്രൊവിഡന്‍സ് കോളജ്, ആലുവ നിര്‍മല സ്‌കൂള്‍, ആലപ്പുഴ തലവടി ബിലിവേഴ്‌സ് ചര്‍ച്ച് സ്‌കൂള്‍, പുന്നപ്ര സെന്റ് അലോഷ്യസ് സ്‌കൂള്‍, തലശ്ശേരി സെന്റ് ജോസഫ് സ്‌കൂള്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തീയ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ഇത്തരം തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് മുസ്‌ലിം പെണ്‍ക്കുട്ടികള്‍ക്ക്. സ്‌കൂളുകളില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് മഫ്ത വിലക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുണ്ടെങ്കിലും അതൊന്നും കണ്ടഭാവം നടിക്കാറേ ഇല്ല സ്‌കൂള്‍ അധികൃതര്‍. മാത്രമല്ല ഈ സ്‌കൂളുകളിലെല്ലാം കന്യാസ്ത്രീകളായ അധ്യാപികമാര്‍ ശിരോവസ്ത്രമണിഞ്ഞാണ് വരാറുള്ളതും. മുസ്‌ലിം അധ്യാപികമാരോ വിദ്യാര്‍ഥിനികളോ അണിയുന്നതിലാണ് ഇവര്‍ക്ക് അരിശവും അമര്‍ശവും.
സ്ത്രീകള്‍ തലമറക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയ മതമാണ് ക്രിസ്ത്യാനിസം. അതവരുടെ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണെന്ന് കന്യാസ്ത്രീകളുടെ വേഷത്തില്‍ നിന്ന് വ്യക്തം. ബൈബിളിലെ പഞ്ചപുസ്തകങ്ങളില്‍ പ്രഥമമായി ഗണിക്കുന്ന ഉത്പത്തി പുസ്തകം മുതല്‍ അവരുടെ വേദഗ്രന്ഥങ്ങളിലെല്ലാം ശിരോവസ്ത്രത്തിന്റെ പ്രാധാന്യവും മഹത്വവും എടുത്തുപറയുന്നുണ്ട്. പൗരാണിക ക്രിസ്തീയ വിശ്വാസി സമൂഹം ശിരോവസ്ത്രധാരണത്തില്‍ പ്രതിബദ്ധത പുലര്‍ത്തുന്നവരുമായിരുന്നു. ഇസ്ഹാഖിന്റെ ഭാര്യ, അന്യപുരുഷന്മാരെ കാണുമ്പോള്‍! മൂടുപടം എടുത്ത് തലമറക്കുന്ന രംഗം ഉത്പത്തി പുസ്തകത്തിലെ 24:65,66 വചനങ്ങളില്‍ കാണാം. അന്യപുരുഷന്മാരുടെ മുമ്പാകെ തല തുറന്നിടുന്ന പതിവ് ഇസ്‌റാഈല്യരിലുണ്ടായിരുന്നില്ല. ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ തലമുണ്ഡനം ചെയ്യട്ടെയെന്നാണ് പൗലോസിന്റെ ഉഗ്രശാസന. വിധേയത്വത്തിന്റെ പ്രതീകമായ ശിരോവസ്ത്രം ധരിക്കുന്നതില്‍ നിന്ന് വിഭിന്നമായ മറ്റൊരു സമ്പ്രദായവും ക്രിസ്തുമതാനുചാരികള്‍ക്കോ ക്രൈസ്തവ സഭകള്‍ക്കോ ഇല്ലെന്നും പൗലോസ് ഓര്‍മപ്പെടുത്തുന്നു. “ശിരസ്സ് മൂടാതെ പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു സ്ത്രീയും തന്റെ ശിരസ്സിനെ അപമാനിക്കുന്നു. അവളുടെ തലമുണ്ഡനം ചെയ്യുന്നതിനു തുല്യമാണത്. സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കില്‍ മുടി മുറിച്ചുകളയട്ടെ. മുടി മുറിക്കുന്നതും തല ക്ഷൗരം ചെയ്യുന്നതും അവള്‍ക്കു ലജ്ജാകരമെങ്കില്‍ ശിരോവസ്ത്രം ധരിക്കട്ടെ.” (1 കൊരിന്ത്യര്‍ 11:5,6) ശിരോവസ്ത്രം അഴിച്ചുമാറ്റുന്നത് അവളെ ഹിംസിക്കുന്നതിന് തുല്യമാണെന്ന് ഉത്തമഗീതം 5:7ല്‍ ചരിത്രസംഭവങ്ങളുടെ വെളിച്ചത്തില്‍ ബൈബിള്‍ സാക്ഷ്യെപ്പടുത്തുന്നു. കന്യാസ്തീകളും സുപ്പീരിയര്‍മാരും ഇന്നും മുസ്‌ലിം സ്ത്രീകളുടേതിന് തുല്യമായ വസ്ത്രം ധരിക്കുന്നത് ക്രിസ്തീയ വേദങ്ങളില്‍ ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം കൊണ്ട് തന്നെയാണ്.
തല മറക്കാതിരിക്കുക എന്നത് സ്‌കൂള്‍ യൂനിഫോമിന്റെ ഭാഗമാണെന്നും സ്‌കൂളിലെ അച്ചടക്കത്തിനാണ് യോണിഫോം ഏര്‍പ്പെടുത്തുന്നതെന്നുമാണ് തട്ടത്തിന് വിലക്കേര്‍പ്പെടുത്തിയതിനെക്കുറിച്ചു ചോദിക്കുമ്പോള്‍ സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ശബരിമല കാലത്ത് ക്രിസ്തീയ മാനേജ്‌മെന്റിന്റേതടക്കം സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും കുട്ടികള്‍ യൂനിഫോം മാറ്റിവെച്ച് കറുത്ത വസ്ത്രമണിഞ്ഞാണ് എത്താറുള്ളത്. ഇതിലാരും അമര്‍ശം രേഖപ്പെടുത്തുകയോ പിടിച്ചുവലിക്കുകയോ ചെയ്യാറില്ല. അതവരുടെ മതവിശ്വാസത്തിന്റെ ഭാഗമായതിനാല്‍ അത് അനുവദിച്ചുകൊടുക്കുന്നു. മുസ്‌ലിംകളുടേതിന് സമാനമായ രീതിയില്‍ തലപ്പാവ് ധരിക്കുന്ന സിഖ് വംശജരെയും കര്‍ത്താവിന്റെ മണവാട്ടികളാകാന്‍ “തിരുവസ്ത്ര”ത്തിനുള്ളില്‍ ജീവിച്ചു തീര്‍ക്കുന്ന കന്യാസ്ത്രീകളെയുമെല്ലാം വസ്ത്രധാരണത്തിന്റെ പേരില്‍ ഇതിനു മുമ്പ് പടിക്ക് പുറത്ത് നിര്‍ത്തിയതായി ഇതുവരെ കേള്‍ക്കേണ്ടി വന്നിട്ടില്ല. ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമായി മഫ്തയും പര്‍ദയും ധരിക്കുന്നതിനോടാണ് പലര്‍ക്കും നിയന്ത്രിക്കാനാകാത്ത നീരസം നിറഞ്ഞുപൊങ്ങുന്നതും ഹാലിളകുന്നതും.
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍, അവരുടെ വിശ്വാസ പ്രകാരമുള്ള വസ്ത്രധാരണവും വരുന്നുണ്ടെന്ന കാര്യം ഇവര്‍ മനഃപൂര്‍വം വിസ്മരിക്കുകയാണ്. ഭരണഘടനയുടെ 25-ാം അനുഛേദം ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണ്. ഒരു വിഭാഗം വിദ്യാര്‍ഥിനികള്‍ ശിരോവസ്ത്രം ധരിക്കുന്നതുകൊണ്ട് മറ്റാരുടെയും സ്വാതന്ത്ര്യമോ അവകാശമോ ധ്വംസിക്കപ്പെടുന്നില്ല. രാജ്യത്ത് നിലവിലുള്ള ഏതെങ്കിലും മതവിഭാഗത്തിന്റെ വസ്ത്രധാരണ രീതി മതേതരത്വത്തിനോ, പൊതുസമൂഹത്തിനോ ഭീഷണിയുമല്ല. ശിരോവസ്ത്രത്തിന്റെ കാര്യത്തില്‍ തെറ്റായ ധാരണകളുടെയോ വിവരങ്ങളുടെയോ അടിസ്ഥാനത്തില്‍ വന്ന കോടതി വിധി ചൂണ്ടിക്കാട്ടി പര്‍ദയെ അനുകൂലിക്കുന്നവര്‍ രാജ്യം വിടണമെന്ന് പറയുന്നവര്‍, രാജ്യം അവരുടെ തറവാട്ടു സ്വത്തല്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്. നിരവധി മുസ്‌ലിം നേതാക്കളുടെയും അണികളുടെയും ത്യാഗോജ്ജ്വലമായ പോരാട്ടം കൊണ്ടു കൂടിയാണ് വൈദേശികരുടെ കൈകളില്‍ നിന്ന് ഇന്ത്യ മോചിതമായത്. ഇപ്പോള്‍ ദേശസ്‌നേഹം പ്രസംഗിക്കുന്ന പലരും അന്ന് ബ്രിട്ടീഷുകാരുടെ ആനുകൂല്യങ്ങള്‍ പറ്റി ദേശീയ സമരത്തെ പിന്നില്‍ നിന്ന് കുത്തുകയാണുണ്ടായത്. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ രാജ്യത്തിന്റ സവിശേഷതയും മഹത്വവുമായി ചൂണ്ടിക്കാട്ടാറുള്ളത്. മറ്റു സംസ്‌കാരങ്ങളെയും ജീവിത രീതിയെയും അംഗീകരിക്കാനുള്ള വിശാല മനസ്‌കതയിലൂടെ മാത്രമേ ഇത് പുലരുകയുള്ളൂ.