Connect with us

National

കലാമിന്റെ ഓഫീസില്‍ സഹചാരികളുടെ അവകാശത്തര്‍ക്കം

Published

|

Last Updated

ചെന്നൈ: മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാം മണ്‍മറഞ്ഞ് ഒരാഴ്ച്ച പിന്നിടവെ അദ്ദേഹത്തിന്റെ സഹചാരികള്‍ക്കിടയിലുള്ള ഭിന്നത മറനീക്കി പുറത്തുവരുന്നു. മരണ സമയത്ത് ഡോ. കലാമിന്റെ കൂടെയുണ്ടായിരുന്ന ശ്രീജന്‍പാല്‍ സിംഗാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. ശ്രീജന്‍പാല്‍ സിംഗുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്ന് കലാമിന്റെ ഔദ്യോഗിക ഓഫീസ് വൃത്തങ്ങള്‍ ബുധനാഴ്ച്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു.
അക്കാദമിക കാര്യങ്ങളില്‍ കലാമുമായി സ്വകാര്യബന്ധമുണ്ടായിരുന്ന ശ്രീജന്‍പാല്‍ സിംഗ് പ്രസ്താവനകള്‍ നടത്തുകയും കലാമിന്റെ സോഷ്യല്‍ മീഡിയാ പേജുകള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നുണ്ട്. കലാമിനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രസ്താവനകള്‍ നടത്താന്‍ ശ്രീജന്‍പാല്‍ സിംഗിനെ ഈ ഓഫീസ് അധികാരപ്പെടുത്തിയിട്ടില്ലെന്നും ഡോ. കലാമിന്റെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു.
ഐ ഐ എം ബിരുദധാരിയായ ശ്രീജന്‍പാല്‍ സിംഗ് ഷില്ലോംഗ് ഐ ഐ എമ്മിലെ പരിപാടിയില്‍ കൂടെയുണ്ടായിരുന്നു എന്ന് മാത്രമേയുള്ളൂ. അല്ലാതെ, കലാമിന്റെ ഔദ്യോഗിക പ്രതിനിധിയൊന്നുമല്ലെന്നും അദ്ദേഹത്തിന്റെ ഉപദേശകനായിരുന്ന വി പൊന്‍രാജ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച്ച കലാമിന്റെ മരണ ശേഷം ഉടനെ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് കലാമിന്റെ ചിന്തകളും പാഠങ്ങളും പങ്കുവെക്കുന്ന മരിക്കാത്ത ഓര്‍മകളുണര്‍ത്തുന്ന പേജാക്കി മാറ്റുന്നുവെന്ന് ശ്രീപാല്‍ സിംഗ് പ്രഖ്യാപിച്ചിരുന്നു. മുന്‍ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജും ട്വിറ്റര്‍ അക്കൗണ്ടും ശ്രീപാല്‍ സിംഗ് സ്വന്തമെന്ന പോലെ കൈകാര്യം ചെയ്യുന്നുവെന്ന് കലാമിന്റെ ഔദ്യോഗിക ഓഫീസ് വൃത്തങ്ങള്‍ ആരോപിക്കുന്നുണ്ട്. മൂന്ന് ദശകത്തോളം കലാമിന്റെ സഹായിയായിരുന്ന വി പൊ ന്‍രാജും ഈ ആരോപണമുന്നയിക്കുന്നുണ്ട്. കലാമുമെന്നുമിച്ച് പുസ്തകരചനയിലേര്‍പ്പെട്ടിരുന്ന ശ്രീജന്‍പാല്‍ സിംഗ് മരണ ശേഷം അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് സ്വന്തം അഭിപ്രായങ്ങളാണെന്നും ഒദ്യോഗിക പ്രസ്താവനകളല്ലെന്നും തന്റെ ഭാഗം വിശദീകരിച്ച് ശ്രീജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

---- facebook comment plugin here -----

Latest