Connect with us

International

ലിബിയയിലെ ബോട്ട് ദുരന്തം: മരണം നൂറ് കവിയും

Published

|

Last Updated

ട്രിപ്പോളി: ലിബിയയില്‍ നിന്ന് മധ്യധരണ്യാഴി വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളുമായി പോയ മത്സ്യ ബന്ധന ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ കീഴ്‌മേല്‍ മറിഞ്ഞ് മുങ്ങി നൂറിലധികം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്.
600 ഓളം ആളുകള്‍ ഉണ്ടായിരുന്നെന്ന് കരുതപ്പെടുന്ന ബോട്ടിലെ 400 ഓളം ആളുകളെ രക്ഷിച്ചതായും 25 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി കൗണ്‍സില്‍ വൃത്തങ്ങള്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. രക്ഷപ്പെട്ടവരില്‍ അധികവും സുരക്ഷാ ചങ്ങാടത്തില്‍ പിടിച്ച് നിന്ന് രക്ഷപ്പെടുകയായിരിന്നു.
ഇറ്റാലിയന്‍ തീരസംരക്ഷണ സേനയും, മാള്‍ട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീരദേശ അഭയാര്‍ത്ഥി സഹായ സംഘടനയും ഡോക്‌ടേര്‍സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (എം എസ് എഫ്) എന്ന ഡോക്ടര്‍മാരുടെ സന്നദ്ധ സംഘടനയും രക്ഷാ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.
അപായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ബോട്ടിനടുത്തേക്ക് എത്തിയ ഐറിഷ് നാവിക കപ്പല്‍ കണ്ട് രക്ഷപ്പെടാനുള്ള ധൃതിയില്‍ ബോട്ടിലെ യാത്രക്കാരെല്ലാം ഒരു വശത്തേക്ക് നീങ്ങിയതോടെ ബോട്ട് കീഴ്‌മേല്‍ മറിയുകയായിരുന്നുവെന്ന് സംഭവ സ്ഥലത്ത് നിന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, അനധികൃത അഭയാര്‍ഥിക്കടത്ത് തടയാനുള്ള യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയുടെ ഭാഗമായി മെഡിറ്ററേനിയന്‍ കടലില്‍ നിരീക്ഷണം നടത്തുകയായിരുന്നു ഐറിഷ് നാവികക്കപ്പല്‍. മരണ സംഖ്യ എണ്ണി തിട്ടപ്പെടുത്താനായിട്ടില്ലെന്നും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും എം എസ് എഫ് ട്വിറ്ററില്‍ കുറിച്ചു.
അഭയാര്‍ത്ഥികളില്‍ പലര്‍ക്കും നീന്തലറിയില്ല എന്നതിന് പുറമെ പ്രക്ഷുബ്ധമായ കടലും രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. അഭയാര്‍ത്ഥികളുടെ മരണക്കയമാണ് മെഡിറ്ററേനിയന്‍ കടല്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ട് മധ്യധരണ്യാഴി കടക്കുന്നതിനിടെ 2,000 ലധികം ആളുകളുടെ ജീവനാണ് ഈ വര്‍ഷം കടലില്‍ പൊലിഞ്ഞത്.
2014 ല്‍ 3,279 അഭയാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടമായി. ഏകദേശം 18,8000 അഭയാര്‍ഥികളെ മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് രക്ഷിച്ചതായി സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭയാര്‍ഥി സംഘടനയുടെ കണക്കുകള്‍ പറയുന്നു.

Latest