Connect with us

Kerala

അരുവിക്കരയിലെ വോട്ടുചോര്‍ച്ച തിരിച്ചറിയാനായില്ലെന്ന് വിമര്‍ശം

Published

|

Last Updated

തിരുവനന്തപുരം: അരുവിക്കര ഉപ തിരഞ്ഞെടുപ്പ് പരാജയത്തിനുള്ള പ്രധാന വകാരണം ഇടതുപക്ഷത്തെ പരമ്പരാഗത വോട്ടുകളുടെ ചോര്‍ച്ച മനസിലാക്കാതെ പോയതാണെന്ന് സി പി എം സംസ്ഥാന സമിതിയില്‍ വിമര്‍ശം ഉയര്‍ന്നു. ഇന്നലെ സംസ്ഥാന സമിതി യോഗത്തിലാണ് പാര്‍ട്ടിയുടെ കുറ്റസമ്മതം.
ഇല്ലാത്തതും പെരുപ്പിച്ചതുമായ കണക്ക് സമര്‍പ്പിച്ച ജില്ലാ പ്രാദേശിക നേതൃത്വങ്ങള്‍ക്കെതിരെയും സമിതിയില്‍ രൂക്ഷ വിമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് 65,000 വോട്ടെന്നും തിരഞ്ഞെടുപ്പിന് ശേഷം 60,000 വോട്ടെന്നുമുള്ള കണക്കാണ് ജില്ലാ നേതൃത്വം സമര്‍പ്പിച്ചത്. എന്നാല്‍ ഈ കണക്കില്‍ നിന്നും 15,000 വോട്ടുകളുടെ കുറവുണ്ടായി. ഇത് നേരിയ വ്യത്യാസമല്ല. ചോര്‍ന്നതില്‍ ഭൂരിഭാഗവും പാര്‍ട്ടിയുടെ ഉറച്ച വോട്ടുകളായിരുന്നു. ഇതൊന്നും മുന്‍കൂട്ടി കാണാനോ പ്രതിരോധിക്കാനോ പാര്‍ട്ടിക്കോ മുന്നണിക്കോ ആയില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
മാത്രമല്ല തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ പങ്കെടുപ്പിക്കാത്തത് ജനങ്ങളിലും പാര്‍ട്ടി അണികളിലും ആശയക്കുഴപ്പമുണ്ടാക്കി. വി എസിനൊപ്പം പ്രമുഖ നേതാക്കള്‍ വേദി പങ്കിടില്ലെന്ന ആക്ഷേപം പോലുമുണ്ടായി. അതേസമയം, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഈ രണ്ട് ആരോപണങ്ങള്‍ക്കും മറുപടി നല്‍കി. തിരഞ്ഞെടുപ്പ് സംഘടനാ ചുമതല വഹിക്കുന്ന നേതാവ് പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയോ പ്രസംഗിക്കുകയോ ചെയ്യുന്ന കീഴ് വഴക്കമില്ല. കണ്‍വെന്‍ഷനില്‍ പങ്കെടുത്തില്ലെങ്കില്‍ കൂടി പ്രചാരണത്തിന്റെ ആദ്യാവസാനം വി എസ് മണ്ഡലത്തിലുണ്ടായിരുന്നെന്നും കോടിയേരി വ്യക്തമാക്കി.
ഇടതു നേതൃത്വത്തിന് അരുവിക്കരയില്‍ കൂട്ടായി പ്രവര്‍ത്തിക്കാനായില്ല. എല്‍ ഡി എഫ് ഒറ്റക്കെട്ടായി നില്‍ക്കുന്നതില്‍ വീഴ്ചയുണ്ടായി. പല ഇടതു നേതാക്കള്‍ക്കും വേണ്ടത്ര പ്രാതിനിധ്യം നല്‍കിയില്ലെന്നും അംഗങ്ങള്‍ ആക്ഷേപമുന്നയിച്ചു.

Latest