International
അമേരിക്കയില്‍ മാധ്യമ പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു

വാഷിംഗ്ടണ്‍: തത്സമയ റിപ്പോര്‍ട്ടിംഗിനിടെ രണ്ട് യു എസ് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു. ഡബ്ല്യു ഡി ബി ജെ -7 ടി വി റിപ്പോര്‍ട്ടര്‍ അലിസന്‍ പാര്‍ക്ക(24)റെയും ക്യാമറാമാന്‍ ആഡം വാര്‍ഡി(27)നെയുമാണ് മൊനേറ്റയില്‍ ഒരു തത്സമയ ഇന്റര്‍വ്യൂവിനിടെ അക്രമി കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു. സംഭവമറിഞ്ഞപ്പോള്‍ ഞങ്ങളുടെ ഹൃദയം പൊട്ടിയെന്ന് ചാനല്‍ ജനറല്‍ മാനേജര്‍ ജെഫ്രി മാര്‍ക്ക് പ്രതികരിച്ചു.
ബ്രിഡ്ജ് വാട്ടര്‍ പ്ലാസക്ക് സമീപമാണ് ആക്രമണം നടന്നത്. ഒരു ഷോപ്പിംഗ് സെന്ററില്‍ ടൂറിസം സംബന്ധമായ ഇന്റര്‍വ്യൂ നടന്നു കൊണ്ടിരിക്കെയാണ് എട്ട് വെടിയൊച്ചകള്‍ കേട്ടതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. ഇതോടെ ക്യാമറ നിലത്ത് വീഴുകയും രണ്ട് പേര്‍ക്കും വെടിയേല്‍ക്കുകയും ചെയ്തു. രണ്ട് മാധ്യമപ്രവര്‍ത്തരുടെയും കൂട്ടക്കരച്ചില്‍ കേട്ടുവെന്ന് ദൃസാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.