Kerala
മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കില്‍ കോടതിക്ക് റദ്ദാക്കാമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: മദ്യനയം ഭരണഘടനാ വിരുദ്ധമാണെങ്കില്‍ കോടതിക്ക് റദ്ദാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മദ്യ ഉപയോഗം കുറക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് സര്‍ക്കാറിന്റെ നയത്തിന്റെ ലക്ഷ്യമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബല്‍ ആണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രം ബാര്‍ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബാറുടമകളാണ് കോടതിയെ സമീപിച്ചത്. ഇത് ഭരണഘടന നല്‍കുന്ന തുല്യതക്കുള്ള അവകാശത്തിന് എതിരാണെന്ന് ബാറുടമകള്‍ക്കായി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു. ഇതിന് മറുപടിയായാണ് നയം ഭരണഘടനാ വിരുദ്ധമാണെങ്കില്‍ റദ്ദാക്കാമെന്ന് കബില്‍ സിബല്‍ കോടതിയെ അറിയിച്ചത്.
അതേസമയം ബാറുകള്‍ പൂട്ടുമ്പോള്‍ തൊഴില്‍ നഷ്ടമാവുന്ന തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. കേസില്‍ വാദം പൂര്‍ത്തിയായി. വിധി പറയുന്നതിനായി മാറ്റിവെച്ചു.