Kozhikode
ഇസ്‌ലാമിക കലകള്‍ക്ക് നവചൈതന്യമേകി സാഹിത്യോത്സവ്
മര്‍കസ് നഗര്‍: പുതു തലമുറ മറന്നു പോകുന്ന മാപ്പിളകലകളുടെ പരിശീലന കളരിയായി എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവുകള്‍ മാറുന്നു. അന്യം നിന്നു പോകുകയോ പുതു തലമുറക്ക് പരിചിതമല്ലാതായി പോകുകയോ ചെയ്യുന്ന മാപ്പിള കലകള്‍ക്കാണ് സാഹിത്യോത്സവുകളില്‍ നവചൈതന്യം കൈവരുന്നത്. ഇസ്‌ലാമിക കലാ സാഹിത്യത്തെ തനതായ രൂപത്തില്‍ നിലനിര്‍ത്തുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനും വഴിയൊരുക്കുന്ന സാഹിത്യോത്സവിനെ ഗൗരവത്തോടെയാണ് കേരളത്തിലെ മുന്‍നിര മാപ്പിള കലാകാരന്‍മാരും നിരീക്ഷകരും നോക്കിക്കാണുന്നത്. ഇസ്‌ലാമിക കലാ സാഹിത്യ മേഖലയിലെ കേരളത്തിലെ എടുത്തു പറയാവുന്ന സംരംഭവുമാണ് ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാമേളയായ സാഹിത്യോത്സവ്. മാപ്പിളപ്പാട്ടുള്‍പ്പെടെയുള്ള കലകളേയും മറ്റു പാരമ്പര്യ ഇസ്‌ലാമിക കലാ സൃഷ്ടികളേയും മാല മൗലിദ് കീര്‍ത്തനങ്ങളേയും ആധുനിക കാലത്തും അവതരിപ്പിക്കാനും അവയെ ജനകീയമാക്കാനും സാഹിത്യോത്സവ് വലിയ പങ്കു വഹിക്കുന്നുണ്ട്.
മൗലിദ് പാരായണം, മാലപ്പാട്ട്, ബുര്‍ദ, മദ്ഹ് ഗാനരചന, പാടിപ്പറയല്‍ എന്നിവയെല്ലാം ആധുനിക കാലത്തും അവതരിപ്പിക്കാനും അവക്ക് ജനകീയമായ ഇടം നല്‍കാനും സാഹിത്യോത്സവുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, അശ്ലീതലയുടെ അതിപ്രസരമുള്ള കലാസ്വാദനത്തിനും അവതരണത്തിനുമിടയില്‍ അത്തരം ചേരുവകളൊന്നുമില്ലാതെ ധാര്‍മികാടിത്തറയില്‍ ഊന്നി നിന്നുകൊണ്ടുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നു എന്നതും സാഹിത്യോത്സവിനെ ജനകീയമാക്കുന്നു.
സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ കണ്ടുവരുന്ന അനാരോഗ്യകരമായ പ്രവണതകള്‍ എസ് എസ് എഫ് സാഹിത്യോത്സവില്‍ കാണുന്നില്ലെന്നതും മത്സരങ്ങളില്‍ പരാജയപ്പെട്ടവര്‍ വിജയിച്ചവരെ അഭിനന്ദിക്കുന്നതും സാഹിത്യോത്സവ് വേദികളില്‍ മാത്രം കാണാന്‍ കഴിയുന്നതാണ്. മാപ്പിള കലാ പരിശീലനത്തിനായി പ്രത്യേക കേന്ദ്രങ്ങള്‍ വേണമെന്ന പ്രമുഖരുടെ ആവശ്യവും എസ് എസ് എഫ് ഏറ്റെടുത്തിട്ടുണ്ട്.