Connect with us

National

പെട്രോളിനും ഡീസലിനും വില കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് ലിറ്ററിന് രണ്ട് രൂപയും ഡീസലിന് അമ്പത് പൈസയുമാണ് കുറച്ചത്. പുതിയ നിരക്ക് ഇന്നലെ അര്‍ധ രാത്രിമുതല്‍ നിലവില്‍ വന്നു. ഈ മാസം ഇത് മൂന്നാം തവണയാണ് ഇന്ധന വിലയില്‍ കുറവ് വരുത്തുന്നത്. ആഗോള എണ്ണ വിപണിയില്‍ വില കുറഞ്ഞതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് വിലകുറക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യമറിയിച്ചത്.
അതേസമയം പ്രതീക്ഷിച്ചതു പോലെ ഇന്ധന വില കുറക്കാന്‍ കമ്പനികള്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. പെട്രോളിന് മൂന്ന് രൂപവരെ കുറയുമെന്നായിരുന്നു പ്രതീക്ഷ. ഡീസലിന്റെ വിലയില്‍ കാര്യമായ കുറവും വരുത്തിയില്ല. രണ്ടാഴ്ച കൂടുമ്പോള്‍ ഇന്ധന വില പുനര്‍നിശ്ചയിക്കുന്നത് പ്രകാരം ഇന്നലെ ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗത്തിലാണ് വില കുറക്കാന്‍ തീരുമാനമായത്. ഇന്ധന വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ യോഗമാണ് രണ്ടാഴ്ച കൂടുമ്പോള്‍ ഇന്ധന വില പുനഃക്രമീകരിക്കുന്നത്.
രണ്ടാഴ്ചയോളമായി രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍) യുടെ വില ആറര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ട്. ഇതിനുമുമ്പ് ഈ മാസം 15 നാണ് പെട്രോള്‍, ഡീസല്‍ വില കുറച്ചത്. പെട്രോളിന് 1.27 രൂപയും ഡീസലിന് 1.17 രൂപയുമാണ് കഴിഞ്ഞ മാസം കുറച്ചത്. കഴിഞ്ഞ നവംബര്‍ മുതല്‍ ജനുവരി വരെയായി നാല് തവണ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ പെട്രോള്‍ ലിറ്ററിന് 7.75 രൂപയും ഡീസല്‍ ലിറ്ററിന് 6.50 രൂപയും കുറഞ്ഞിരുന്നു. അമേരിക്കന്‍ ഡോളറുമായുള്ള ഇന്ത്യയുടെ വിനിമയമൂല്യം കുറഞ്ഞത് ഇന്ധന വില കുറക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചതായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വക്താവ് പറഞ്ഞു.