Connect with us

International

കണ്ണില്‍ ചോരയുണ്ടെങ്കില്‍ കണ്ടിരിക്കാനാകില്ല ഈ ചിത്രം

Published

|

Last Updated

കണ്ണില്‍ ഇരുട്ട് പടരാത്തവര്‍ക്കും ഹൃദയത്തില്‍ രക്തയോട്ടമുള്ളവര്‍ക്കും ഈ ചിത്രം കണ്ടിരിക്കാനാവില്ല. സിറിയയില്‍ നിന്ന് യൂറോപ്പിലേക്ക് അഭയം തേടിയുള്ള യാത്രക്കിടെ ബോട്ട് മുങ്ങി മരിച്ച 12 പേരില്‍ ഒരാളാണ് ഈ പിഞ്ചുകുഞ്ഞ്. കടല്‍ത്തിരമാലകളില്‍ പെട്ട് തുര്‍ക്കി തീരത്താണ് ഈ കുഞ്ഞു മൃതദേഹം കരക്കടിഞ്ഞത്. ആഗോള മാധ്യമങ്ങള്‍ പുറത്തുവിട്ട ഈ ചിത്രം യൂറോപ്പിലെ അഭയാര്‍ഥി പ്രശ്‌നങ്ങളിലേക്ക് ഒരിക്കല്‍കൂടി ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ്. സോഷ്യല്‍ മീഡിയകളില്‍ ചിത്രം വൈറലായി പടര്‍ന്ന് കഴിഞ്ഞു. ട്വിറ്ററില്‍ “മനുഷ്യത്വം നക്കിത്തുടക്കപ്പെട്ടു” എന്നര്‍ഥം വരുന്ന #KiyiyaVuranInsanlik എന്ന ഹാഷ്ടാഗിന് ഒപ്പമാണ് ചിത്രം പ്രചരിക്കുന്നത്. ട്വീറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായും ഈ ചിത്രം മാറിക്കഴിഞ്ഞു.

മൂന്ന് വയസ്സുകാരനായ അയ്‌ലാന്‍ കുര്‍ദിയുടെ മൃതദേഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തുര്‍ക്കിയിലെ പ്രശസ്തമായ ഒരു റിസോര്‍ട്ടിന് മുന്നിലാണ് മൃതദേഹം അടിഞ്ഞത്. ചുവന്ന ടീഷര്‍ട്ടും നീല ജീന്‍സ് പാന്റും ധരിച്ച് മണ്ണില്‍ മുഖം പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെ നിന്നും മാറ്റുകയായിരുന്നു. അയ്‌ലാന്‍ കുര്‍ദിയുടെ അഞ്ച് വയസ്സുകാരനായ സഹോദരന്‍ അടക്കം അഞ്ച് കുട്ടികളും ഒരു സ്ത്രീയും അപകടത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെടും.

syrian boy

ഈ ചിത്രങ്ങള്‍ കണ്ടിട്ടും അഭയാര്‍ഥികളോടുള്ള യൂറോപ്പിന്റെ മനോഭാവം മാറുന്നില്ലെങ്കില്‍ പിന്നെ എന്ന് മാറുമെന്ന് ബ്രിട്ടീഷ് ദിനപത്രമായ ദി ഇന്റിപെന്റന്റ് ചിത്രം പ്രസിദ്ധീകരിച്ചുകൊണ്ട് ചോദിക്കുന്നു. മനുഷ്യന് സംഭവിച്ച മഹാവിപത്തിന്റെ ഇരയായാണ് ഡെയ്‌ലി മെയില്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. ലോകത്തെ നിശ്ശബ്ധമാക്കാന്‍ ഒരു ചിത്രമെന്ന് ഇറ്റലിയുടെ ലാ റിപ്ലബ്ലിക്കയുടെ ട്വീറ്റ്.

drowned-toddler_650x400_51441250691

വടക്കന്‍ ആഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് ഇതിനകം മൂന്നര ലക്ഷത്തിലധികം പേര്‍ അഭയം തേടി എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇവരില്‍ പലരും ലിബിയയില്‍ നിന്നുള്ള കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയാക്കപ്പെടുകയും ചെയ്തു. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാകാത്തതാണ് ലക്ഷക്കണക്കിന് പേരുടെ ജീവിതം ആഴക്കടലില്‍ ഹോമിക്കപ്പെടാന്‍ ഇടയാക്കുന്നത്. കിലോമീറ്ററുകളോളം ദൈര്‍ഘ്യമുള്ള വേലികള്‍ സ്ഥാപിച്ചും റെയില്‍വേ ടിക്കറ്റുകള്‍ നിഷേധിച്ചും യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ഥികളെ പീഡിപ്പിക്കുകയാണ്. അഭയാര്‍ഥികളുടെ ഒഴുക്ക് കൈകാര്യം ചെയ്യാന്‍ സഹായിക്കണമെന്ന് ഗ്രീസ് യൂറോപ്യന്‍ യൂണിയനോട് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അതൊന്നും അവര്‍ ചെവികൊണ്ടിട്ടില്ല.

---- facebook comment plugin here -----

Latest