Connect with us

Articles

കൊട്ടിയടക്കാതിരിക്കുക, മനുഷ്യത്വം

Published

|

Last Updated

മധ്യപൂര്‍വ ദേശത്തിന്റെ ദുഃഖത്തിന്റെ പരിച്ഛേദമായി മാറുകയാണ് അയ്‌ലാന്‍ കുര്‍ദി എന്ന മൂന്നു വയസുകാരന്‍. തുര്‍ക്കിയിലെ കടല്‍ത്തീരത്ത്, ചലനമറ്റു കിടന്ന ആ കുഞ്ഞ് നിശ്ശബ്ദമായി പറയുന്ന വാക്കുകള്‍ക്ക് മുമ്പില്‍ തലകുനിക്കേണ്ടിവരികയാണ് ലോകത്തിന്. ഇതുവരെ അയല്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളായവര്‍ നാല്‍പത് ലക്ഷത്തി എണ്‍പത്തി എട്ടായിരത്തി എഴുപത്തി എട്ട് ആണെന്നാണ് കണക്ക്. ഈ ആഗസ്റ്റ് 29നുള്ള കണക്കാണിത്. അയ്‌ലാന്‍ കുര്‍ദിയും ഉമ്മയും ജേഷ്ഠനുമടങ്ങുന്ന 23 പേര്‍ ഈ കണക്കില്‍ പെടില്ല. തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേക്ക് ചെറിയൊരു ബോട്ടില്‍ സഞ്ചരിച്ച ആ കുടുംബം ഈ ദുരന്തത്തിന്റെ വേലിയേറ്റത്തിലെ കണികകള്‍ മാത്രം. ഔദ്യോഗിക കണക്കുകളിലും വിവര ശേഖരണത്തിലും വരാത്തവര്‍ ഏറെ ബാക്കിയുണ്ട് താനും. സിറിയക്കകത്ത് ജീവിതം പറിച്ചെറിയപ്പെട്ട മറ്റൊരു 80 ലക്ഷം ജനങ്ങളുടെ കഥവേറെയുമുണ്ട്. അഭയാര്‍ഥികളായ 40 ലക്ഷത്തിന്റെ പകുതിയും കുട്ടികളാണെന്ന ഒരു ദയനീയത കൂടി നാം ഓര്‍ത്തു വെക്കുക.

മധ്യപൂര്‍വ ദേശത്ത് ഓരോ മിനിറ്റിലും ഓരോ കുട്ടി സ്വന്തം രാജ്യത്ത് നിന്ന് പലായനം ചെയ്യേണ്ടിവരുന്നുവെന്നാണ് യു എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തിലെ അഭയാര്‍ഥികളില്‍ പകുതിയും കുട്ടികളാണെന്നത് കൂടി ഇതൊന്നിച്ചു ചേര്‍ത്തു വായിക്കുക. ജീവിത സാഹചര്യങ്ങളോട് മല്ലടിച്ചാണ്, അടിസ്ഥാന സൗകര്യങ്ങളില്ലാതെ അവര്‍ കഴിഞ്ഞു കൂടുന്നത്. സ്ത്രീകളുടെയും സംഖ്യ ചെറുതല്ല. യുദ്ധത്തിന്റെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും ഇരകള്‍ യഥാര്‍ഥത്തില്‍ സ്ത്രീകളും കുട്ടികളുമാണ്. അവരില്‍ വിധവകളും അനാഥരും എത്രയാണെന്നത് ചിന്തിക്കാതിരിക്കുന്നതാവും ഭേദം.

Part-REF-TS-Par8261499-1-1-0

“യുദ്ധത്തിനു മുമ്പുള്ള സിറിയയിലെ ജീവിതം സുന്ദരമായിരുന്നു. ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങാന്‍ ഞങ്ങളുടെ കയ്യില്‍ കാശുണ്ടായിരുന്നു. പക്ഷേ, ഇവിടെ ഞങ്ങളുടെ കയ്യില്‍ കാശില്ല. ഭക്ഷണം കഴിക്കാത്ത ദിവസങ്ങള്‍ പോലുമുണ്ട്. സിറിയന്‍ അഭയാര്‍ഥികള്‍ ഏറെയുള്ള ജോര്‍ദാനിലെ സാതരി കേമ്പില്‍ മൂന്ന് മാസം മുമ്പ് എത്തിയ 13 കാരന്‍ താരീഖ് (പേര് യഥാര്‍ഥമല്ല)ന്റെ വാക്കുകളാണിത്. ഉമ്മക്കൊപ്പമാണ് ഈ കേമ്പിലെത്തിയത്. പിതാവ് കുറേ കഴിഞ്ഞ് ഞങ്ങളുടെ അടുത്തെത്തി. യുദ്ധം കൊടുമ്പിരികൊള്ളുന്നതുവരെ ദമസ്‌കസിലെ സ്‌കൂളില്‍ പോയിരുന്നു. ഇപ്പോള്‍ പഠനം മുടങ്ങി. ജീവിതം എങ്ങോട്ട് നീങ്ങുന്നുവെന്നറിയാതെ ആശങ്കയിലാക്കുന്നു. കേമ്പില്‍ പഠിക്കാന്‍ ചെറിയ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുറച്ചു നാളുകള്‍ അവിടെ പോയിരുന്നു. പിന്നീട് അത് നിര്‍ത്തി”. താരീഖ് പറഞ്ഞു തുടങ്ങുകയാണ്. ജീവിക്കാന്‍ വഴിയില്ലാതെയായപ്പോള്‍ കുറേ അകലെയുള്ള ഒരു സിഗരറ്റു കടയില്‍ രണ്ടു ജോര്‍ദാന്‍ ദിനാറിന് ജോലി ചെയ്യുകയാണ് ഈ പതിമൂന്നുകാരനിപ്പോള്‍.

“എനിക്കറിയാം എന്റെ മാതാപിതാക്കള്‍ക്ക് എന്നെ നോക്കാനാവില്ല. എന്നേക്കാള്‍ ചെറിയ എന്റെ സഹോദരങ്ങളെ സംരക്ഷിക്കണമവര്‍ക്ക്. അതു കൊണ്ടാണ് പഠനം ഉപേക്ഷിച്ച് ഈ കടയില്‍ ഞാന്‍ ജോലിക്ക് വരുന്നത്. സ്ഥിതി ഗതികള്‍ ശരിയായാല്‍ സിറിയയിലേക്ക് തന്നെ തിരിച്ചു പോകണം, പഠനം തുടരണം.” കുഞ്ഞുമനസിലെ ആഗ്രഹങ്ങള്‍.

അഭയാര്‍ഥികളായ കുട്ടികള്‍ അവരെ സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്ക് വലിയ ബാധ്യതയായിത്തീര്‍ന്നിരിക്കുകയാണ്. സ്‌കൂളുകളും ആശുപത്രികളും അവരെക്കൊണ്ട് നിറഞ്ഞു. അടിസ്ഥാന സൗകര്യ മേഖല വലിയ തോതില്‍ വികസിക്കാത്ത പല രാജ്യങ്ങളുടെയും നടുവൊടിക്കുന്ന സാഹചര്യമാണ് വന്നിരിക്കുന്നത്. മരുന്നും ഭക്ഷണവും പാര്‍പ്പിടവുമില്ലാതെ തെരുവില്‍ അന്തിയുറങ്ങുന്ന ആയിരങ്ങള്‍ വലിയൊരു ചോദ്യചിഹ്നമായി തീര്‍ന്നിരിക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമാണ് ഇപ്പോഴത്തേത്. ലോകത്താകമാനം അറുപത് ദശലക്ഷത്തിലേറെ മനുഷ്യര്‍, സ്വന്തം ആവാസവും മണ്ണും ജീവനും ഉപേക്ഷിച്ച് ജീവന്‍ മാത്രം മതിയെന്ന ചിന്തയില്‍ അന്യ നാടുകളില്‍ അഭയം തേടിയിരിക്കുന്നു. തങ്ങളെ കാത്തിരിക്കുന്നത് പൂമാലയിട്ട കൈകളെല്ലെന്ന ബോധ്യത്തോടു കൂടി തന്നെയാണ് അവര്‍ പലായനത്തിനൊരുങ്ങുന്നത്. ഗ്രീസിന്റെ അതിര്‍ത്തി വേലികളിലെ മുള്ളുവേലികളില്‍ കൂടി രക്ഷതേടിപ്പോകുന്നവരുടെ ചിത്രങ്ങള്‍ നാം കണ്ടു. തൊട്ടപ്പുറത്ത് പിടിക്കാനായി പോലീസ് കാത്തുനില്‍ക്കുന്നു. എന്നിട്ടും അതി ജീവനത്തിന്നായി, ജീവന്‍ മാത്രംബാക്കിയാവണമെന്ന മോഹവുമായി അവര്‍ കടലും കരയും താണ്ടുന്നു. കുഞ്ഞിനെ തോളിലേറ്റി, വൃദ്ധരായ മാതാപിതാക്കളെ ചുമലിലേറ്റി അവര്‍ പലായനത്തിനൊരുങ്ങുന്നത് സ്വയം മരണത്തിന് കീഴടങ്ങാന്‍ തോന്നാത്ത മനസും അതീജീവനത്തോട് താല്‍പര്യപ്പെട്ടുമാണ്. അവരെ സംരക്ഷിക്കേണ്ടത് മനുഷ്യത്വം ഉള്ളിലുള്ളവരുടെ ബാധ്യതയാണ്. അവര്‍ക്കു മുന്നില്‍ ആരും വാതിലുകള്‍ കൊട്ടിയടക്കപ്പെടില്ലെന്ന് നമുക്ക് ആശിക്കാം. അയ്‌ലാന്‍ കുര്‍ദിയെന്ന ഈ പിഞ്ചു കുഞ്ഞിന്റെ നിശ്ചലമായ ശരീരം ആ ചോദ്യത്തിനുത്തരം തേടുകയാണ്. (Read more: കണ്ണില്‍ ചോരയുണ്ടെങ്കില്‍ കണ്ടിരിക്കാനാകില്ല ഈ ചിത്രം)

 

Latest