Connect with us

International

'അവന്റെ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു...'

Published

|

Last Updated

യൂറോപ്പിലെ അഭയാര്‍ഥി പ്രശ്‌നങ്ങളുടെ പരിഛേദമായി മാറിയിരിക്കുകയാണ് തുര്‍ക്കിയിലെ കടല്‍ത്തീരത്ത് കണ്ടെത്തിയ അയ്‌ലാന്‍ കുര്‍ദി എന്ന കൊച്ചുബാലന്റെ  മൃതശരീരത്തിന്റെ ചിത്രം. കണ്ണു നനയാതെ കാണാന്‍ കഴിയാത്ത ആ രംഗം ആദ്യമായി നേരില്‍ കണ്ടത് തുര്‍ക്കിയിലെ വോക്‌സി ഹോട്ടലിലെ പാചകക്കാരനായ അദില്‍ ഡെമിര്‍ട്ടസ് എന്ന 18കാരനാണ്. ബീച്ചിന് സമീപത്തുള്ള ഹോട്ടലില്‍ അതിരാവിലെ ജോലിക്കെത്തിയപ്പോഴാണ് അദ്ദേഹം ആ കാഴ്ച കണ്ടത്. അതേക്കുറിച്ച് അദില്‍ തന്നെ പറയുന്നു.

2BEFCFFB00000578-3220992-image-a-10_1441284229073

അയ് ലാന്‍ കുറുദിയുടെ മൃതദേഹം ആദ്യമായി കണ്ട അദില്‍ ഡെമിര്‍ട്ടസ്

“ബുധനാഴ്ച പുലര്‍ച്ചെ 6.30നാണ് ഞാനും സുഹൃത്തും ബീച്ചിലെത്തിയത്. പെട്ടന്ന് സുഹൃത്ത് ഒച്ചവെക്കുന്നത് കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴാണ് ആ കാഴ്ച ഞാന്‍ കണ്ടത്. പിങ്ക് നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച് ഒരു കൊച്ചു ബാലന്‍ തിരമാലകള്‍ക്കിടയിലൂടെ ഒഴുകിവരുന്നു. ഞങ്ങള്‍ പെട്ടെന്ന് തന്നെ അവിടെയെത്തി, തിരമാലകള്‍ക്കിടയില്‍ നിന്ന് അവനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷെ, സമയം വൈകിയിരുന്നു… അവന്റെ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു. ആ കണ്ണുകളിലെ തിളക്കം കാണുമ്പോള്‍ അവന്‍ ജീവിച്ചിരിക്കുന്നത് പോലെ… പുഞ്ചിരി തൂകി ഉറങ്ങിക്കിടക്കുന്ന പിഞ്ചു ബാലനെ പോലെ… തെല്ല് ഭയത്തോടെ ഞാന്‍ ആ കണ്ണുകള്‍ മെല്ലെ അടച്ചു. പിന്നെ എനിക്ക് സമാധാനം കിട്ടിയിട്ടില്ല. ഭക്ഷണം പോലും കഴിക്കാനായില്ല. രാത്രി രാവേറെയായിട്ടും ഉറക്കം വന്നില്ല. ഈ കുട്ടിയെ കുറിച്ച് മാത്രമായിരുന്നു എന്റെ ചിന്ത മുഴുവനും. എനിക്ക് മക്കളില്ല. പക്ഷേ എന്റെ സഹോദരന് ഈ പ്രായത്തിലുള്ള രണ്ട് മക്കളുണ്ട്. അവര്‍ക്ക് എന്നോട് വലിയ അടുപ്പമാണ്. അവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മാത്രമാണ് എനിക്ക് കുറച്ചെങ്കിലും ആശ്വാസം ലഭിക്കുന്നത്…”

മൂന്ന് വയസ്സുകാരനായ അയ്‌ലാന്‍ കുര്‍ദിയും അഞ്ച് വയസ്സുകാരനായ സഹോദരന്‍ ലിറ്റില്‍ ഗാലിപ്പും ഇവരുടെ ഉമ്മ രെഹാനും അടക്കം 12 പേരാണ് ആ ബോട്ടപകടത്തില്‍ മരിച്ചത്. ഇവരുടെ പിതാവ് അബ്ദുല്ല അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രണ്ട് മക്കളെയും ഭാര്യയേയും നഷ്ടപ്പെട്ട ആ പിതാവിന് ആ രംഗങ്ങള്‍ വിശദീകരിക്കാനാകാുന്നില്ല. മക്കളുടെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാന്‍ മോര്‍ച്ചറിയിലെത്തിയ അദ്ദേഹം വികാരധീനനായി…

2BF0CC5B00000578-3219553-image-a-18_1441292875371

അയ് ലാന്‍ കുറുദിയുടെ പിതാവ് അബ്ദുല്ല മോര്‍ച്ചറിക്ക് മുന്നില്‍ പൊട്ടിക്കരയുന്നു

തുര്‍ക്കിയില്‍ എത്തുന്നതിന് മുമ്പ് ഡമസ്‌കസില്‍ ബാര്‍ബറായിരുന്നു അബ്ദുല്ല. സാമ്പത്തികം കുറവായിരുന്നുവെങ്കിലും കാനഡയില്‍ ഒരു നല്ല ഭാവി അദ്ദേഹം സ്വപ്‌നം കണ്ടു. ആ സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടിയാണ് 4000 യൂറോ നല്‍കി ആ ചെറു ബോട്ടില്‍ അബ്ദുല്ലയും കുടുംബവും കയറിയത്. പക്ഷേ, ആ സ്വപ്‌നങ്ങള്‍ക്ക് അല്‍പ്പായുസ്സ് മാത്രമെ ഉള്ളൂവെന്ന് അവരറിഞ്ഞില്ല.

അര്‍ധരാത്രി സമയം. കടലില്‍ ശക്തമായി തിരയടിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് ഭയന്ന ബോട്ടിന്റെ ക്യാപ്റ്റന്‍ കടലിലേക്ക് എടുത്ത് ചാടി. എല്ലാവരും ഭയന്നുതരിച്ച ആ നിമിഷത്തില്‍ അബ്ദുല്ല ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചു. പക്ഷേ ഹുങ്കാര ഭാവത്തോടെയെത്തിയ തിരമാലയില്‍ ആടിയുലഞ്ഞ ബോട്ട് ആഴക്കടലിലേക്ക് മെല്ലെ നിലംപതിച്ചു. ഈ സമയം ഭാര്യയെയും മക്കളെയും അബ്ദുല്ല മുറുകെ പിടിച്ചുവെങ്കിലും മക്കള്‍ കൈവിട്ട് കടലിലേക്ക് പതിച്ചു… കൂരിരുട്ടില്‍ അവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഭാര്യയെയും കൈവിട്ടു. ആയുസ്സ് ഒന്ന് കൊണ്ട് മാത്രം അബ്ദുല്ല രക്ഷപ്പെട്ടു.

അബ്ദുല്ലയാണ് ദുരന്തവാര്‍ത്ത കുടുംബാംഗങ്ങളെ അറിയിച്ചത്. പിന്നീട് മൃതദേഹം കരക്കടിഞ്ഞ വിവരം കേട്ട് ഇന്നലെ രാവിലെ തുര്‍ക്കിയിലെ മുഗുളയിലുള്ള മോര്‍ച്ചറിയില്‍ എത്തിയ അദ്ദേഹം മക്കളെ തിരിച്ചറിയുകയായിരുന്നു.

2BED8E9E00000578-3219553-image-m-11_1441261016206

അയ് ലാന്‍ കുറുദിയും (ഇടത്ത്) സഹോദര‍ന്‍ ലിറ്റില്‍ ഗാലിപ്പും

Latest