Connect with us

Kerala

സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പ്പറത്തി കെട്ടിട നികുതിക്കൊള്ള

Published

|

Last Updated

തിരുവനന്തപുരം: തറ വിസ്തീര്‍ണം കുറവുള്ള വീടുകളെ കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ച് നഗരസഭകളും പഞ്ചായത്തുകളും ജനങ്ങളെ കൊള്ളയടിക്കുന്നു. 660 ചതുരശ്ര അടി വരെ തറ വിസ്തീര്‍ണമുള്ള വീടുകളെ കെട്ടിട നികുതിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുന്നതിനുള്ള ഉത്തരവ് ലഭിച്ചിട്ടും ഇത് മറച്ചുവെച്ചാണ് നികുതി പിരിവ് തുടരുന്നത്. മാത്രമല്ല, രണ്ടായിരം ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്കുള്ള കെട്ടിട നികുതി വര്‍ധനയില്‍ ഇളവ് നല്‍കിയ ഉത്തരവും പാലിക്കപ്പെടുന്നില്ല.
2015 ഏപ്രില്‍ 27നാണ് രണ്ടായിരം ചതുരശ്ര അടി വരെയുള്ള വാസഗൃഹങ്ങളുടെ വര്‍ധിപ്പിച്ച വസ്തുനികുതി ഒഴിവാക്കിയും 660 ചതുരശ്ര അടി വരെയുള്ള വീടുകള്‍ക്ക് കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ നികുതി അടക്കേണ്ടെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എം എസ് നമ്പര്‍ 144/ 2015 എന്ന നമ്പറില്‍ തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് ആണ് ഉത്തരവിറക്കിയത്. കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവക്കെല്ലാം ഉത്തരവ് ബാധകമാണെന്നും പറയുന്നുണ്ട്.
660 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുകളുടെ ഉടമകള്‍ കെട്ടിട നികുതി ഒഴിവാക്കണമെന്ന അപേക്ഷയുമായി എത്തുമ്പോള്‍ അത്തരമൊരു സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന മറുപടി. ഉത്തരവിറങ്ങിയതായി സൂചിപ്പിച്ചാല്‍ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പുമായി എത്തിയാല്‍ നികുതി ഒഴിവാക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഏപ്രില്‍ 27ന് ഉത്തരവിറങ്ങിയ ശേഷം തിരുവനന്തപുരം കോര്‍പറേഷന്‍ നൂറുകണക്കിന് പേരില്‍ നിന്നാണ് വര്‍ധിപ്പിച്ച തുകയും ചെറിയ വീടുകളുള്ള പാവങ്ങളില്‍ നിന്നുപോലും കെട്ടിട നികുതിയും ഈടാക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനത്തെ തുടര്‍ന്ന് ഒട്ടേറെ പേരാണ് നഗരകാര്യ മന്ത്രിയുടെ ഓഫീസിലും വെബ്‌സൈറ്റുകളിലും ഉത്തരവിന്റെ പകര്‍പ്പ് തേടുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
സര്‍ക്കാറിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ തവണ കെട്ടിട നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച് കെ പി സി സിയുടെ പ്രതിഷേധവും യു ഡി എഫിന്റെ ശിപാര്‍ശയും വന്നതിന്റെ അടിസ്ഥാനത്തിലാണ് വര്‍ധിപ്പിച്ച കെട്ടിട നികുതി പിന്‍വലിക്കാനും ചെറിയ വീടുകളെ നികുതിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Latest