Connect with us

Kerala

സര്‍ക്കാറിനെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി

Published

|

Last Updated

കോഴിക്കോട്: ഇ എസ് എ അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച രേഖകള്‍ വ്യക്തമായി കേന്ദ്രത്തിന് സമര്‍പ്പിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അന്തിമവിജ്ഞാപനം ഈ മാസം ഒമ്പതിന് വരാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് നിരുത്തരവാദ നടപടിയാണെന്ന് ഇവര്‍ പറഞ്ഞു.
വീഴ്ചകള്‍ അടിയന്തിരമായി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെതിരെ നിലപാട് സ്വീകരിക്കുമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
2014 ഏപ്രില്‍ മുതല്‍ കേന്ദ്രം പല തവണ കത്തുകള്‍ അയച്ചിട്ടും വനഭൂമിയും ജനവാസമേഖലയും വേര്‍തിരിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയിട്ടില്ല. 123 വില്ലേജുകളിലായി മുപ്പതുലക്ഷത്തോളം വരുന്ന ജനങ്ങളോടുള്ള വഞ്ചനയാണിത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢലക്ഷ്യവും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുടെ നിക്ഷിപ്ത താത്പര്യവുമാണ്.
ഇ എസ് എ വിഷയത്തില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. വീഴ്ചകള്‍ തിരുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്നും പശ്ചമഘട്ട സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
കേന്ദ്രം ആവശ്യപ്പെട്ട രേഖകള്‍ സമയബന്ധിതമായി നല്‍കുന്നതിന് പകരം അനാവശ്യ രേഖകള്‍ നല്‍കി ആശയക്കുഴപ്പം സൃഷ്ടിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ജനവാസമേഖലയെയും വനമേഖലയെയും വ്യക്തമായി വേര്‍തിരിച്ച് ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി തയ്യാറാക്കിയ ഭൂപടം പൂര്‍ണമായും അവഗണിച്ചു.
മാത്രമല്ല, വനംവകുപ്പിന്റെ സഹകരണത്തോടെ വനംമന്ത്രാലയവുമായി ചേര്‍ന്ന് മറ്റാരുമായും ചര്‍ച്ച ചെയ്യാതെ പുതിയ ഭൂപടം തയ്യാറാക്കുകയാണ് ചെയ്തത്. അക്ഷാംശരേഖാംശ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഭൂപടം ആവശ്യപ്പെട്ടിടത്ത് വില്ലേജുകളുടെ സര്‍വേ നമ്പറുകള്‍ നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കപ്പെട്ടുമില്ല.
ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടിലെ ഭൂപടവും മന്ത്രാലയം അക്ഷാംശരേഖാംശങ്ങള്‍ കേഖപ്പെടുത്തി സ്വകാര്യമായി തയ്യാറാക്കിയ 123 വില്ലേജുകളുടെ ഭൂപടവും തമ്മില്‍ പൂര്‍ണ വ്യത്യാസമാണുളളത്. ഈ മാപ്പാണ് മന്ത്രിസഭയെക്കൊണ്ട് അംഗീകരിപ്പിച്ച് കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ ശ്രമം നടന്നത്.
കേവലം ഒറ്റ ഭൂപടത്തിന്റെ സഹായത്തോടെ കേരളത്തിലെ മുഴുവന്‍ വനഭൂമിയേയും ജി പി എസ് അനുസരിച്ച് രേഖപ്പെടുത്തി ദിവസങ്ങള്‍കൊണ്ട് പരിഹരിക്കാവുന്ന ഒരു വിഷയത്തെ ഇത്രമാത്രം സങ്കീര്‍ണാമാക്കിയതില്‍ സംസ്ഥാന സര്‍ക്കാറിനും ഉദ്യോഗസ്ഥ ലോബിക്കുമുള്ള നിക്ഷിപ്ത താത്പര്യം ജനം തിരിച്ചറിയുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.