Connect with us

Gulf

യമനില്‍ 22 യു എ ഇ സൈനികര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ദുബൈ: യമനില്‍ ഹൂതി തീവ്രവാദികളെ കളെ അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ 22 യു എ ഇ സൈനികര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. യു എ ഇയിലാകെ ഇത് കനത്ത ദുഃഖം പരത്തി. യു എ ഇ വാര്‍ത്താഏജന്‍സിയായ വാം ആണ് സൈനികരുടെ കൂട്ടമരണം അറിയിച്ചത്. സഊദി അറേബ്യയിലെ സൈനികരോടൊപ്പമായിരുന്നു യു എ ഇ. യമനിലെ മാരിബ് ഗവര്‍ണറേറ്റിലാണ് സംഭവം.
യമനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സഊദി അറേബ്യയും യു എ ഇയുമാണ് കൂടുതലായി സൈനികരെ നിയോഗിച്ചിട്ടുള്ളത്. വ്യോമാക്രമണമാണ് നടത്തുന്നത്. അതേ സമയം, യമനിലെ ഹൂതികള്‍ക്ക് ഇറാന്‍ ആയുധമെത്തിച്ചുകൊടുക്കുന്നുണ്ട്. ഇതേവരെയായി യമനില്‍ 28 യു എ ഇ സൈനികര്‍ കൊല്ലപ്പെട്ടു. രക്തസാക്ഷികളായ സൈനികരുടെ ഓര്‍മക്ക് നവംബര്‍ 30ന് രക്ത സാക്ഷിത്വ ദിനം പ്രഖ്യാപിച്ചത് ഈയിടെയാണ്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് പ്രഖ്യാപിച്ചത്. നവംബര്‍ 30ന് ദേശീയ അവധിയായിരിക്കുമെന്നും പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു. സൈനികര്‍ ദേശീയ ഉത്തരവാദിത്വം നിര്‍വഹിക്കുമ്പോള്‍, യു എ ഇയുടെ പതാക ഉയരത്തില്‍ ആത്മാഭിമാനത്തോടെ പറത്തുമ്പോള്‍ അവരെ സമൂഹം ഓര്‍മിക്കേണ്ടതുണ്ടെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. യു എ ഇയുടെ സൈനികര്‍ക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ശൈഖ് ഖലീഫ പറഞ്ഞു.
യമനിലെ ഹൂത്തികള്‍ക്കെതിരായ പോരാട്ടത്തിനിടെ കഴിഞ്ഞ മാസം യു എ ഇ കോര്‍പ്പറല്‍ അബ്ദുല്‍റഹ്മാന്‍ ഇബ്‌റാഹിം ഈസ അല്‍ ബലൂശി കൊല്ലപ്പെട്ടിരുന്നു. സഊദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പറേഷന്‍ റെസ്‌റ്റോര്‍ ഹോപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് അല്‍ ബലൂശിക്ക് വാഹനാപകടത്തില്‍ ജീവന്‍ നഷ്ടമായത്. പ്രത്യേക സൈനിക വിമാനത്തിലായിരുന്നു മുതിര്‍ന്ന സൈനിക ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അബുദാബിയില്‍ അല്‍ ബത്തീന്‍ സൈനിക വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്.
കഴിഞ്ഞ മാസം എട്ടിന് സൈനിക നീക്കത്തിനിടെയുണ്ടായ മൈന്‍ സ്‌ഫോടനത്തില്‍ യു എ ഇയുടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
ഫസ്റ്റ് കോര്‍പറല്‍മാരായ ഖാലിദ് മുഹമ്മദ് അബ്ദുല്ല അല്‍ ഷേഹി, ഫഹീം സഈദ് അഹ്മദ് അല്‍ ഹബ്‌സി, ജുമ ജൗഹര്‍ ജുമ അല്‍ ഹമ്മാദി എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. നോണ്‍ കമ്മീഷന്‍ഡ് ഓഫീസറായ ഹാസിം ഉബൈദ് അല്‍ അലി, സെയ്ഫ് യൂസുഫ് അഹ്മദ് അല്‍ ഫലാസി, ലഫ്. അബ്ദുല്‍അസീസ് സര്‍ഹാന്‍ സാലിഹ് അല്‍ കഅബി എന്നിവര്‍ ഓപറേഷന്‍ ഹോപ്പിന്റെ ഭാഗമായി യമനില്‍ നേരത്തെ രക്തസാക്ഷിത്വം വഹിച്ചിരുന്നു.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest