National
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: വിരമിച്ച സൈനികര്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരുന്ന ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ (വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍) പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. വ്യവസ്ഥകളില്‍ തര്‍ക്കം തുടരുന്നതിനാല്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് ആദ്യം വ്യക്തമാക്കിയെങ്കിലും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുമായി സമര സമിതി നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചക്കു ശേഷം നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.
സ്വയം വിരമിക്കുന്നവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ലെന്ന വ്യവസ്ഥയാണ് വിവാദമായത്. എന്നാല്‍, ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ വിശദീകരണം തൃപ്തികരമാണെന്ന് സമര സമിതി നേതാവ് മേജര്‍ ജനറല്‍ സത്ബീര്‍ സിംഗ് (റിട്ട.) പറഞ്ഞു. സൈന്യത്തില്‍ സ്വയം വിരമിക്കല്‍ (വി ആര്‍ എസ്) എന്നതില്ലെന്നും കാലാവധി പൂര്‍ത്തിയാകും മുമ്പുള്ള വിരമിക്കല്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമരം പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് ചേരുന്ന കോര്‍ ഗ്രൂപ്പ് യോഗത്തിനു ശേഷം തീരുമാനിക്കുമെന്ന് സത്ബിര്‍ സിംഗ് പറഞ്ഞു. കേന്ദ്ര സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും യോഗത്തില്‍ പങ്കെടുത്തു.
സര്‍ക്കാറിന് വന്‍തോതിലുള്ള സാമ്പത്തിക ബാധ്യതയുണ്ടാകുമെങ്കിലും വിരമിച്ച സൈനികരുടെ ക്ഷേമം പരിഗണിച്ച് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുകയാണെന്ന് മനോഹര്‍ പരീക്കര്‍ പറഞ്ഞു. ഇതുസംബന്ധിച്ച ഉത്തരവ് പ്രതിരോധ മന്ത്രാലയം ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2013നെ അടിസ്ഥാന വര്‍ഷമാക്കി കണക്കാക്കിയാണ് പെന്‍ഷന്‍ നിശ്ചയിക്കുക. 2014 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കും. അഞ്ച് വര്‍ഷത്തിലൊരിക്കലായിരിക്കും പെന്‍ഷന്‍ പരിഷ്‌കരിക്കുക. എല്ലാ വര്‍ഷവും അല്ലെങ്കില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും പെന്‍ഷന്‍ പരിഷ്‌കരണം വേണമെന്നാണ് സൈനികരുടെ ആവശ്യം. ഇക്കാര്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
ഒരു വര്‍ഷത്തെ കുടിശ്ശിക രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് ഗഡുക്കളായി നല്‍കും. യുദ്ധത്തില്‍ മരിച്ചവരുടെ ഭാര്യമാര്‍ക്ക് കുടിശ്ശിക ഒറ്റത്തവണയായി നല്‍കും. പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന അവ്യക്തതകളും മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. അഞ്ചംഗ സമിതിയെ നിയമിക്കണമെന്നും ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമായിരുന്നു വിരമിച്ച സൈനികരുടെ ആവശ്യം. പദ്ധതി നടപ്പാക്കുമ്പോള്‍ എണ്ണായിരം മുതല്‍ പതിനായിരം വരെ കോടിയുടെ അധിക ബാധ്യത സര്‍ക്കാറിനുണ്ടാകുമെന്ന് മനോഹര്‍ പരീക്കര്‍ പറഞ്ഞു. കഴിഞ്ഞ യു പി എ സര്‍ക്കാര്‍ അഞ്ഞൂറ് കോടി രൂപ മാത്രമാണ് പദ്ധതിക്കായി മാറ്റിവെച്ചതെന്നും പരീക്കര്‍ ചൂണ്ടിക്കാട്ടി.
വിരമിച്ച സൈനികരുടെ നാല്‍പ്പത് വര്‍ഷമായുള്ള ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. അധികാരത്തിലെത്തിയാല്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് ബി ജെ പി പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു. 25 ലക്ഷം വരുന്ന വിരമിച്ച സൈനികര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ വിമുക്ത ഭടന്മാര്‍ 83 ദിവസമായി സമരം നടത്തിവരികയാണ്. ഈ മാസം പന്ത്രണ്ടിന് ഡല്‍ഹിയില്‍ മെഗാ റാലി സംഘടിപ്പിക്കാനിരിക്കെയാണ് പദ്ധതി നടപ്പാക്കിയത്.
കരസേനാ മേധാവി ജനറല്‍ ധല്‍ബീര്‍ സിംഗ്, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ കെ ധോവന്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ, പ്രതിരോധ സെക്രട്ടറി ജി മോഹന്‍ കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.