Connect with us

Kerala

മലമുഴക്കി വേഴാമ്പല്‍ വംശനാശ ഭീഷണിയില്‍

Published

|

Last Updated

മലപ്പുറം: കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പലുകള്‍ വംശനാശ ഭീഷണിയില്‍. കേരളത്തിലെ മഴക്കാടുകളില്‍ മാത്രം അപൂര്‍വമായി കാണുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വേഴാമ്പലായ മല മുഴക്കി വേഴാമ്പലുകള്‍ ഐ യു സി എന്‍ പുറത്തിറക്കിയ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ കൂട്ടത്തിലാണ് ഇടം പിടിച്ചത്.
കാടുകളില്‍ ചൂട് കൂടിയതും ആവാസ വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് മലമുഴക്കി വേഴാമ്പലുകള്‍ അപ്രത്യക്ഷമാകുന്നതി്‌ന് പ്രധാന കാരണം. സൈലന്റ് വാലി മല നിരകളിലും നെല്ലിയാമ്പതി, അതിരപ്പിള്ളി വാഴച്ചാല്‍, ചെന്തുരുണി കാടുകളിലുമാണ് കേരളത്തില്‍ മലമുഴക്കി വേഴാമ്പലുകളുടെ സാന്നിധ്യമുള്ളത്. പൊതുവെ കൂട്ടമായിട്ടാണ് കേരളത്തിലെ കാടുകളില്‍ വേഴാമ്പലുകള്‍ കഴിയുന്നത്. ഒരു കൂട്ടത്തില്‍ 20ല്‍ താഴെ വേഴാമ്പലുകള്‍ ഉണ്ടാകും.
അമ്പത് വര്‍ഷം വരെ ശരാശരി ആയുസ്സുള്ള ഇവക്ക് കാട്ടിലുണ്ടാകുന്ന ചെറിയ അപ ശബ്ദങ്ങള്‍ മാത്രമല്ല ചലനങ്ങള്‍ പോലും ഭയപ്പാടാണ്. പൂര്‍ണ വളര്‍ച്ചയെത്തിയ ആണ്‍ വേഴാമ്പലിന് മൂന്ന് മുതല്‍ നാല് അടി വരെ ഉയരവും അഞ്ചടിയോളം ചിറകളവും രണ്ട് മുതല്‍ നാല് കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. തലയില്‍ കറുപ്പും മഞ്ഞയും കലര്‍ന്ന തൊപ്പിയാണ് വേഴാമ്പലുകളുടെ ശരീരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കൊക്കുകള്‍ വളരെ വലിയതും ശക്തിയേറിയതുമാണ്. പെണ്‍ വേഴാമ്പലുകള്‍ ആണ്‍ വേഴാമ്പലുകളേക്കാള്‍ വലിപ്പം കുറവാണ്. ആണ്‍ വേഴാമ്പലുകള്‍ക്ക് ചുവന്ന കണ്ണും പെണ്‍ വേഴാമ്പലുകള്‍ക്ക് നീല കലര്‍ന്ന വെളുത്ത കണ്ണുമാണുള്ളത്.
ഒരു പ്രജനന കാലത്ത് രണ്ട് മുട്ടയാണുണ്ടാകുക. മുട്ടകള്‍ വിരിയുന്നതു വരെ അവ പൊത്തിനുള്ളില്‍ നിന്ന് പുറത്തുവരാതെ അടയിരിക്കും. പെണ്‍പക്ഷി തൂവലുകള്‍ കൊഴിച്ച് കുഞ്ഞുങ്ങള്‍ക്ക് കൂടൊരുക്കും. കൂട്ടിനുള്ളിലെ കുഞ്ഞുങ്ങള്‍ക്കും അമ്മക്കും തീറ്റതേടി അലഞ്ഞ് അവ പകര്‍ന്നുകൊടുക്കുകയാണ് ആണ്‍ വേഴാമ്പലിന്റെ ജോലി. പരിസരത്ത് അപരിചിതര്‍ ഉണ്ടെന്നു കണ്ട് ഭയന്നാല്‍ ആണ്‍പക്ഷി മണിക്കൂറുകള്‍ക്ക് ശേഷമേ തിരിച്ചെത്തൂ. ചുരുങ്ങിയത് 50 അടിയെങ്കിലും ഉയരത്തിലുള്ള വൃക്ഷത്തിലാണ് ഇവയുടെ താമസം.
2003ല്‍ വേഴാമ്പലുകളുടെ സംരക്ഷണത്തിന് ആദിവാസികളുടെ പങ്കാളിത്തത്തോടെ അന്നത്തെ വാഴച്ചാല്‍ ഡി എഫ് ഒ ആയിരുന്ന ഡോ. എന്‍ സി ഇന്ദുചൂഢന്‍ പ്രത്യേക പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും ഇത് വിജയം കണ്ടിരുന്നില്ല.

Latest