Ongoing News
കോള്‍ വിഛ്‌ചേദിച്ചാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രായ്
ന്യൂഡല്‍ഹി: സംസാരിക്കുന്നതിനിടെ കോളുകള്‍ വിച്ഛേദിക്കപ്പെട്ടാല്‍ ഉപഭോക്താവിന് ടെലികോം കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായി)യുടെ ശിപാര്‍ശ . ഇതുസംബന്ധിച്ച് പൊതുജനങ്ങളുടെയും ടെലികോം കമ്പനികളുടെയും അഭിപ്രായം തേടാന്‍ ട്രായി തീരുമാനിച്ചിട്ടുണ്ട്. ഫോണ്‍ കോളുകള്‍ ഇടക്കു വെച്ച് മുറിഞ്ഞു പോകുന്നതിലൂടെ ടെലികോം കമ്പനികള്‍ ലാഭം ഉണ്ടാക്കുന്നുണ്ടോ എന്ന് ട്രായി പരിശോധിച്ചു വരികയാണ്. കൂടാതെ, ഫോണ്‍ കോളുകള്‍ ഇടക്ക് വിഛ്‌ചേദിക്കപ്പെടുന്നതിലൂടെ ലാഭമോ നേട്ടമോ ഉണ്ടാക്കുന്ന രീതിയില്‍ സേവന ദാതാക്കള്‍ താരിഫ് പ്ലാനുകള്‍ നടപ്പിലാക്കിരിക്കുകയാണോ എന്നും പരിശോധിക്കുന്നുണ്ടെന്ന് ട്രായി ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ വ്യക്തമാക്കി.ഫോണ്‍ വിളികള്‍ തടസപ്പെടുന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ “ഭാഗമായി വിവിധ മേഖലകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെന്ന് “ട്രായ്” ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇതു സംബന്ധിച്ച് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആശങ്ക അറിയിച്ചിരുന്നു. പ്രശ്‌നം നേരിടുന്നതിന് ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ടെലികോം മന്ത്രാലയത്തോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കോളുകള്‍ വിച്ഛേദിക്കപ്പെടുന്നിന് സമാനമായി ഭാവിയില്‍ ഇന്റ്രര്‍നെറ്റ് ഡാറ്റാ സേവനങ്ങളും ഇത്തരത്തില്‍ വിച്ഛേദിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന ആശങ്കയും മോദി അറിയിക്കുകയുണ്ടായി.
നേരത്തെ,ടെലികോം കമ്പനികള്‍ ഇതു സംബന്ധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനായി സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ കമ്പനികള്‍ക്ക് ഒന്നര മാസം വരെ സമയം അനുവദിച്ചു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.